ad
Deshabhimani

കവർസ്റ്റോറി

ഫിദൽ കാസ്ട്രോ നമുക്ക് നൽകിയത്

ഫിദൽ കാസ്‌ട്രോ
avatar
വിജയ് പ്രഷാദ്

Published on Aug 22, 2026, 02:06 PM | 10 min read

ഫിദൽ കാസ്ട്രോയെ ഞാൻ ആദ്യമായി കാണുന്നത് എനിക്ക് പതിനാറ് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ്. 1983-‐ലായിരുന്നു അത്. ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) സ്ഥാനമൊഴിയുന്ന അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യയിലുണ്ടായിരുന്നു. ഏഴാമത് ചേരിചേരാ ഉച്ചകോടിയിൽവച്ച് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് അധ്യക്ഷപദം കൈമാറുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഉച്ചകോടി വേദിയിൽവച്ച് കാസ്ട്രോയും ഇന്ദിരാ ഗാന്ധിയും കണ്ടുമുട്ടിയപ്പോൾ, അദ്ദേഹം നയതന്ത്ര ചട്ടക്കൂടുകൾ മാറ്റിവച്ച് അവരെ ആലിംഗനം ചെയ്‌തു.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം ഡർബനിൽ (ദക്ഷിണാഫ്രിക്ക) വച്ച് അദ്ദേഹത്തിൽനിന്ന് തന്നെ ഞാൻ മനസ്സിലാക്കിയ കാര്യമായിരുന്നു കാസ്ട്രോയ്‌ക്ക്‌ ഇന്ത്യയോട് വലിയ സ്‌നേഹമായിരുന്നു എന്നത്. ‘ഞാൻ പലതവണ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്’‐ അന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ‘പക്ഷേ ഒരിക്കലും കൂടുതൽ സമയം അവിടെ ചെലവഴിക്കാൻ സാധിച്ചില്ല.’ ചേരിചേരാ സമ്മേളനത്തിൽ അകലെനിന്ന് അദ്ദേഹത്തെ കണ്ട കാര്യവും, അദ്ദേഹത്തിന്റെ ആ കൂറ്റൻ വ്യക്തിത്വം കാരണം ക്യൂബ എന്നത് വലിയൊരു രാജ്യമാണെന്ന് ഞാൻ കരുതിയിരുന്ന കാര്യവും അദ്ദേഹത്തോട് പറയാൻ എനിക്ക് ഭയമായിരുന്നു‐ എന്റെ ജന്മനഗരമായ കൊൽക്കത്തയേക്കാൾ കുറഞ്ഞ ജനസംഖ്യയും 1,11,000 ചതുരശ്ര മീറ്റർ മാത്രം വിസ്‌തീർണവുമുള്ള ഒരു ദ്വീപ് രാജ്യമാണ് ക്യൂബ എന്ന് അന്ന് എനിക്കറിയില്ലായിരുന്നു; പച്ച സൈനിക യൂണിഫോമിൽ അകലെനിന്ന് അദ്ദേഹത്തെ കണ്ടപ്പോൾ, ഇരുപത്തിനാല് വർഷങ്ങൾക്ക് മുമ്പ് സീസെറ മാസ്ട്രയിൽനിന്ന് ഹവാനയിലേക്ക് മാർച്ച് ചെയ്‌ത ചെറുപ്പക്കാരനായ ഫിദലിനെ ഞാൻ ഭാവനയിൽ കണ്ടു‐ അന്ന് അദ്ദേഹത്തെ ഒട്ടുമേ സ്‌പർശിക്കാൻ കഴിയാത്ത ഘാതകരിൽനിന്ന് രക്ഷപ്പെടാൻ വസ്‌ത്രത്തിനുള്ളിൽ ഒരു തോക്ക് അദ്ദേഹം കരുതുന്നുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു. ‘അദ്ദേഹത്തിന് ചുറ്റും എല്ലാവരും വളരെ സന്തോഷവാന്മാരായിരുന്നു’‐ ഫിദലിന്റെ സന്ദർശനവേളയിൽ ഇന്ത്യയിൽനിന്ന് അദ്ദേഹത്തിന്റെ അംഗരക്ഷകനായി തെരഞ്ഞെടുക്കപ്പെട്ട അജിത് യാദവ് ഓർമിക്കുന്നു. ‘പുരുഷന്മാരും സ്‌ത്രീകളും ഓട്ടോഗ്രാഫിനായി അദ്ദേഹത്തിന് ചുറ്റും തടിച്ചുകൂടുമായിരുന്നു.’ അവർക്കിടയിൽ ഞാനും ഉണ്ടായിരുന്നു. അദ്ദേഹം എന്റെ നോട്ട്‌ബുക്കിൽ ഒപ്പിട്ടു.

ഫിദൽ കാസ്‌ട്രോഫിദൽ കാസ്‌ട്രോ

2001-‐ൽ ഡർബനിൽ നടന്ന വംശീയതക്കെതിരായ ലോക സമ്മേളനത്തിൽ (World Conference Against Racism), ഗവൺമെന്റ് തലത്തിലും ഇതര സംഘടനകളുടെ (NGO) ഫോറത്തിലും ഒരുപോലെ എഴുന്നേറ്റുനിന്നുള്ള കയ്യടി ലഭിച്ച ഏക ലോകനേതാവ് ഫിദൽ ആയിരുന്നു. രാഷ്‌ട്രീയ നിലപാടുകൾക്കതീതമായ ആത്മാർഥതയോടെയാണ് അദ്ദേഹം സംസാരിച്ചത്. ‘മനുഷ്യാവകാശങ്ങൾ', ‘ആഗോളവൽക്കരണം' തുടങ്ങിയ പദപ്രയോഗങ്ങൾ അരങ്ങ് വാണിരുന്ന കാലമായിരുന്നു അത്; കരുണയില്ലാത്ത അസമത്വത്തിന്റെ യന്ത്രങ്ങൾ മുന്നോട്ട് കുതിക്കുമ്പോൾ ഈ വാക്കുകൾക്ക് യാതൊരു അർഥവുമുണ്ടായിരുന്നില്ല. കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുമ്പോൾ, ഗ്ലോബൽ സൗത്തിലെ സാധാരണക്കാരുടെ വീട്ടുചെലവിനായുള്ള കടങ്ങൾ ദുരന്തപൂർണമായ അളവിലേക്ക് ഉയരുമ്പോൾ, വംശീയതയെക്കുറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചും, കടബാധ്യതയെക്കുറിച്ചും സ്‌ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ഇത്തരമൊരു ഫോറം നടത്തുന്നതിൽ എന്ത് കാര്യമാണുള്ളത്,‐ ജനുവരിയിൽ ‘വേൾഡ് സോഷ്യൽ ഫോറ'ത്തിൽ ആരംഭിച്ച പ്രതിഷേധത്തിൽ അർജന്റീനയിലെ താഴ്‌ന്ന വരുമാനക്കാരായ തൊഴിലാളികളുടെയും തൊഴിൽരഹിതരായ യുവാക്കളുടെയും ശബ്ദമായിരുന്നു കൂടുതൽ മുഴങ്ങിക്കേട്ടത്‌. വിലകൂടിയ സൂട്ടുകൾ ധരിച്ച ലോകനേതാക്കൾ നിലവിലില്ലാത്ത ഒരു ലോകത്തെക്കുറിച്ച് പഴഞ്ചൻ വാചകങ്ങൾ ഉരുവിട്ടു, തുടർന്ന് തങ്ങൾ നിർമിച്ച ഭയാനകമായ ലോകത്തിന്റെ അതിരുകൾക്കുള്ളിൽ ഒളിച്ചിരുന്നു. ഫിദൽ അവർക്ക് കേവലം ഒരു ബദൽ മാത്രമായിരുന്നില്ല. സാമ്രാജ്യത്വ ആക്രമണങ്ങളിൽ നിന്നുള്ള തന്റെ രാജ്യത്തിന്റെ പരമാധികാരത്തെ സൂചിപ്പിക്കാൻ മാത്രമായിരുന്നു ആ സൈനിക വസ്‌ത്രം. അദ്ദേഹത്തിന്റെ തുറന്ന സംസാരവും പുഞ്ചിരിയും സത്യത്തെ മനോഹരമാക്കാനും ആ സൂട്ടണിഞ്ഞ മനുഷ്യർ നമ്മളിൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിച്ച ചരിത്രത്തെ മാറ്റിയെഴുതാൻ വിധം ആളുകളെ ചരിത്രപരമായ മാറ്റങ്ങളിലേക്ക് നയിക്കാനും പ്രേരിപ്പിക്കുന്നതായിരുന്നു‐ ഫിദൽ പറഞ്ഞ വാക്കുകൾ കൊണ്ടല്ല, മറിച്ച് അദ്ദേഹം സംസാരിച്ചത് നമ്മളുടെ ഭാഷയായതുകൊണ്ടാണ് നമ്മൾ എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ ആദരിച്ചത്.

1959ൽ ക്യൂബൻ വിപ്ലവ വിജയത്തിനുശേഷം ഫിദലും സഖാക്കളും ഹവാനയിലെത്തിയപ്പോൾ1959ൽ ക്യൂബൻ വിപ്ലവ വിജയത്തിനുശേഷം ഫിദലും സഖാക്കളും ഹവാനയിലെത്തിയപ്പോൾ


ചേരിചേരാ സമ്മേളനത്തിന് എത്തുന്നതിന് രണ്ട് വർഷം മുമ്പ്, 1960-‐ൽ സ്ഥാപിതമായ ‘കമ്മിറ്റീസ് ഫോർ ദി ഡിഫൻസ് ഓഫ് ദി റെവല്യൂഷൻ' (CDR) സമ്മേളനത്തെ ഫിദൽ അഭിസംബോധന ചെയ്‌തിരുന്നു. യുഎസ് സാമ്രാജ്യത്വം ഏർപ്പെടുത്തിയ കടുത്ത ഉപരോധം കാരണം ഉണ്ടായ പരിമിതികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ക്യൂബൻ വിപ്ലവത്തിന്റെ നാൾവഴികൾ ഫിദൽ വിശദീകരിച്ചു, കൂടാതെ ക്യൂബൻ ജനതയ്‌ക്ക്‌ ഏറ്റവും മികച്ചത് നൽകുന്നതിനായി ഈ പരിമിതികളെ മറികടക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. ഉപരോധത്തിന് ‘ഞങ്ങളുടെ നേട്ടങ്ങളെ തടയാൻ കഴിഞ്ഞിട്ടില്ല' എന്ന് ഫിദൽ പറഞ്ഞു. എന്താണ് ആ നേട്ടങ്ങൾ:

തൊഴിലില്ലായ്‌മ അവസാനിപ്പിച്ച് നമ്മുടെ എല്ലാ ജനങ്ങൾക്കും ജോലി ഉറപ്പാക്കുക; അലസത, ചൂതാട്ടം, മയക്കുമരുന്ന്, വേശ്യാവൃത്തി എന്നിവ അവസാനിപ്പിക്കുക, നിരക്ഷരത തുടച്ചുനീക്കുക, എല്ലാവരും കുറഞ്ഞത് ആറാം ക്ലാസ് വിദ്യാഭ്യാസത്തിലേക്കും തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാഭ്യാസത്തിലേക്കും എത്തുക; വികസ്വര രാജ്യങ്ങളിൽവച്ച് ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനം കെട്ടിപ്പടുക്കുക.

ഈ നേട്ടങ്ങൾ തടയാൻ ആ ഉപരോധത്തിനായില്ല, അമേരിക്കയുടെ അനധികൃത ഉപരോധം നേരിടേണ്ടിവരാത്ത മൂന്നാം ലോകത്തിലെ കോടിക്കണക്കിന് ആളുകൾക്ക് സാധിക്കാത്ത ഒന്ന്.

അതിനുശേഷം ഫിദൽ അടിവരയിട്ടു പറയേണ്ട ഒരു പ്രസ്‌താവന നടത്തി: ‘പ്രശ്നങ്ങൾക്ക് നമ്മുടെ മുന്നോട്ട് പോക്ക് തടയാനാകില്ല.’

മൂന്നാം ലോകത്തിനുള്ള അടിസ്ഥാന പാഠം ഇതാണ്. അതെ, കോളനിവാഴ്‌ച നമ്മുടെ രാജ്യങ്ങളെ തകർത്തു. അതെ, നവ-കൊളോണിയൽ വ്യവസ്ഥകൾ നമ്മുടെ രാജ്യങ്ങളിൽനിന്ന് വിഭവങ്ങളും സമ്പത്തും ഊറ്റിയെടുക്കുന്നത് തുടരുന്നു. അതെ, തങ്ങളുടെ പരമാധികാരം പ്രയോഗിക്കാൻ ശ്രമിക്കുന്ന ഏതൊരു രാജ്യത്തിനുമേലും യുദ്ധത്തിന്റെയും കടങ്ങളുടെയും പ്രശ്‌നങ്ങൾ വലിയ ഭാരം അടിച്ചേൽപ്പിക്കുന്നു. അതെ, ഇതെല്ലാം സത്യമാണ്, ഇവയെല്ലാം പ്രശ്നങ്ങളാണ്. എന്നാൽ‐ ‘പ്രശ്നങ്ങൾക്ക് നമ്മുടെ മുന്നോട്ട് പോക്ക് തടയാനാകില്ല.’


മോസ്‌കോയിലെ ക്രെംലിനിൽ ഒക്ടോബർ വിപ്ലവത്തിന് തൊട്ടുപിന്നാലെയുള്ള ഒരു രാത്രിയിൽ, പതിവുപോലെ, രേഖകളുടെയും പുസ്തകങ്ങളുടെയും കൂമ്പാരത്തിന് നടുവിൽ ലെനിൻ വൈകിയും ജോലി ചെയ്യുകയായിരുന്നു. പച്ച ഇനാമൽ ഫൗണ്ടൻ പേന ഉപയോഗിച്ച് അദ്ദേഹം ഒരു മെമ്മോറാണ്ടത്തിൽ കുറിപ്പുകൾ എഴുതുകയായിരുന്നു. ക്രെംലിനിലെ ആ കെട്ടിടത്തിൽ ചൂടോ തണുപ്പ് അകറ്റാനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല, വൈദ്യുതിയും അപൂർവമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ (1920-ൽ ‘സോഷ്യലിസം എന്നാൽ സോവിയറ്റ് ഭരണവും രാജ്യത്തിന്റെ മുഴുവൻ വൈദ്യുതീകരണവുമാണ്’ എന്ന് ലെനിൻ പറഞ്ഞതിൽ അത്ഭുതമില്ല). സോവിയറ്റ് ഗവൺമെന്റ് വളരെ പരിമിതമായ ഭരണസംവിധാനങ്ങളോടെയാണ് പ്രവർത്തിച്ചിരുന്നത്, സങ്കീർണമായ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുണ്ടായിരുന്ന ആളുകൾ കുറവായിരുന്നു, മന്ത്രാലയങ്ങൾ തമ്മിൽ ആശയവിനിമയം നടത്താൻ വലിയ ബുദ്ധിമുട്ടായിരുന്നു.

ഈ നീണ്ട രാത്രികളിൽ ലെനിന് കാവൽ നിൽക്കാറുള്ള ഒരു യുവ കാവൽക്കാരൻ ഒരിക്കൽ വളരെ ആത്മാർഥതയോടെ അദ്ദേഹത്തോട് ചോദിച്ചു: ‘ഇന്ധനമില്ല, വിഭവങ്ങളില്ല, ചുറ്റും ശത്രുക്കൾ, ഈ സാഹചര്യത്തിൽ നമുക്ക് എങ്ങനെ ഒരു രാജ്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും?’

ഭക്ഷ്യവിതരണത്തെക്കുറിച്ചുള്ള പേപ്പറുകളിൽ മുഴുകിയിരുന്ന ലെനിൻ, തലയുയർത്താതെ മറുപടി നൽകി, ‘എന്തുതന്നെയാണെങ്കിലും നമ്മളത്, പണിതുയർത്തണം. അതല്ലാതെ മറ്റൊരു വഴിയില്ല.’

കാസ്‌ട്രോ ചെ ഗുവേരയ്‌ക്കൊപ്പംകാസ്‌ട്രോ ചെ ഗുവേരയ്‌ക്കൊപ്പം

എഡ്ഗാർ സ്നോ എന്ന മാധ്യമപ്രവർത്തകൻ തന്റെ പ്രശസ്‌തമായ ‘റെഡ് സ്റ്റാർ ഓവർ ചൈന' (1937) എന്ന പുസ്തകത്തിൽ, ജാപ്പനീസ് സേന ബോംബെറിയുമ്പോഴും കമ്യൂണിസ്റ്റ് സൈന്യം നാഷണലിസ്റ്റ് സേനയിൽനിന്ന് തങ്ങളുടെ നേട്ടങ്ങൾ സംരക്ഷിക്കാൻ പൊരുതുമ്പോഴും ഷാങ്സി പ്രവിശ്യയിലെ യാനാനിലുള്ള തന്റെ യാവോഡോംഗിൽ (ഗുഹാ വീട്) ഇരുന്ന് മാവോ എങ്ങനെ ആയിരുന്നു ജോലി ചെയ്‌തിരുന്നത് എന്ന് വിവരിക്കുന്നുണ്ട്. മാവോയുടെ ഓഫീസ് ലളിതമായിരുന്നു: ഒരു മണ്ണെണ്ണ വിളക്കും ഭക്ഷണത്തിന്റെയും വിഭവങ്ങളുടെയും കടുത്ത ദൗർലഭ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും സൈനിക സാമഗ്രികളുടെ ആവശ്യകതയെക്കുറിച്ചുള്ള കുറിപ്പുകളും ഉള്ള ഒരു മരമേശയും. ഈ മേശയിലിരുന്നാണ് മാവോ തന്റെ പ്രധാനപ്പെട്ട സൈദ്ധാന്തിക ഉപന്യാസങ്ങളായ ‘ഓൺ പ്രാക്ടീസ്', ‘ഓൺ കോൺട്രാഡിക്ഷൻ' എന്നിവ എഴുതിയതും മുന്നിലുള്ള അടിയന്തര വിഷയങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കിയതും.

ഒരിക്കൽ ഒരു സന്ദർശകൻ അദ്ദേഹത്തിന്റെ ഗുഹയിലേക്ക് വന്നു, മാവോയോടൊപ്പം കുറച്ചു സമയം ഇരുന്നു, മേശയ്‌ക്കരികിലിരിക്കുന്ന അദ്ദേഹത്തെ നിരീക്ഷിച്ച ശേഷം ചോദിച്ചു, ‘ഇവിടെ ഇരുന്നാണോ നിങ്ങൾ ഒരു വിപ്ലവം നയിക്കുന്നത്?’

ലെനിനെപ്പോലെ മാവോയും അനങ്ങിയില്ല. എന്നാൽ അദ്ദേഹം വ്യക്തമായി പറഞ്ഞു, ‘ഇവിടെ നിന്നുകൊണ്ട്, ഞങ്ങൾ ചൈനയെ മാറ്റും.’


എന്റെ നോട്ട്ബുക്കിൽ ‘മൂന്നാം ലോകത്ത് സോഷ്യലിസം കെട്ടിപ്പടുക്കൽ' എന്ന തലക്കെട്ടിന് കീഴിൽ ഈ കഥകളൊക്കെ ഞാൻ ഫയൽ ചെയ്‌തിട്ടുണ്ട്‌. ക്രെംലിനിലെ തണുപ്പ് പടരുന്ന ഓഫീസോ, യാനാനിലെ മരമേശയോ, അല്ലെങ്കിൽ രാത്രി വൈകി ഹവാനയിലേക്ക് മടങ്ങുന്ന ജീപ്പിന്റെ പിൻസീറ്റോ പോലെ ലെനിനും മാവോയും പിന്നീട് ഫിദലും ജോലി ചെയ്‌ത സ്ഥലങ്ങളുടെ ലാളിത്യമല്ല പ്രധാനം. ഉൽപ്പാദന ശക്തികളുടെ വികസനക്കുറവ് എന്തുതന്നെയായാലും, സാഹചര്യങ്ങൾ എന്തുതന്നെയായാലും സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനായുള്ള അവരുടെ സമർപ്പണമാണ് പ്രധാനം.

ലെനിനോ മാവോയോ ഫിദലോ ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളായിരുന്നില്ല. ദാരിദ്ര്യത്തിൽ നിന്ന് നേരിട്ട് സമ്പത്തിലേക്ക് ചാടാമെന്ന് വിശ്വസിച്ചവരെ അവർ തള്ളിപ്പറഞ്ഞു. അവരോരോരുത്തരും അവരുടെതായ രീതിയിൽ മാർക്സിന്റെ കൃതികൾ വായിച്ചിരുന്നു, വിശേഷിച്ചും വ്യാപകമായി പ്രചാരം നേടിയ ‘ക്രിട്ടിക് ഓഫ് ദി ഗോഥാ പ്രോഗ്രാം' (1875) എന്ന ലഘുലേഖ വായിച്ചിരുന്നു. അതിൽ മാർക്‌സ്‌ എഴുതി: ‘അവകാശങ്ങൾക്ക് ഒരിക്കലും സമൂഹത്തിന്റെ സാമ്പത്തിക ഘടനയേക്കാളും അതിലൂടെ നിശ്ചയിക്കപ്പെടുന്ന സാംസ്‌കാരിക വികസനത്തേക്കാളും ഉയർന്നതാകാൻ കഴിയില്ല.’ ആവശ്യത്തിന് മിച്ചം ഉൽപ്പാദിപ്പിക്കാൻ കഴിയാത്തതും അതിനാൽ ആവശ്യത്തിന് വിശ്രമവും സാംസ്‌കാരിക സ്ഥാപനങ്ങളും ഇല്ലാത്തതുമായ ഒരു സമൂഹത്തിന് തനിയെ മാനവികമായ സ്വാതന്ത്ര്യം കൈവരിക്കാൻ കഴിയില്ല. മുൻകാല സാമൂഹിക വ്യവസ്ഥകളിലെ പരിമിതിക്ക് വിഭിന്നമായി ഒരു മുതലാളിത്ത വ്യവസ്ഥയിലെ ഓരോ വ്യക്തിക്കും ‘സ്വത്ത് കൈവശം വയ്‌ക്കാനുള്ള സ്വാതന്ത്ര്യം’ , സ്വത്തിനുള്ള ഉദാരമായ അവകാശം ഉറപ്പുനൽകുന്നു ‐ എന്നാൽ അത് ‘സ്വത്തില്ലാത്ത അവസ്ഥയിൽ നിന്നുള്ള സ്വാതന്ത്ര്യം' അതായത്, സ്വത്തില്ലാതെ ജീവിക്കേണ്ടിവരുന്ന ദുരവസ്ഥയിൽ നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നില്ല. ‘കമ്യൂണിസ്റ്റ് സമൂഹത്തിന്റെ ഉയർന്ന ഘട്ടത്തിൽ' മാത്രമാണ് അവശ്യകതകളുടെ ലോകത്തുനിന്ന് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് മാറുവാൻ കഴിയുന്നത്‐ സമൃദ്ധി അതിന്റെ സവിശേഷതയായി മാറുന്നതിലൂടെ അത് സ്വാതന്ത്ര്യത്തിന് സാമൂഹികമായ അടിത്തറ നൽകുന്നു. 1875-‐ൽ മാർക്‌സ്‌ എഴുതി: ‘അപ്പോൾ മാത്രമേ ബൂർഷ്വാ അവകാശങ്ങളുടെ ഇടുങ്ങിയ അതിരുകൾ പൂർണമായി മറികടക്കാൻ സമൂഹത്തിന് കഴിയൂ. കൂടാതെ സമൂഹം ‘ഓരോരുത്തരിൽനിന്നും അവരുടെ കഴിവനുസരിച്ച്, ഓരോരുത്തർക്കും അവരുടെ ആവശ്യാനുസരണം’ എന്ന് അതിന്റെ പതാകകളിൽ കുറിക്കും.’

ഇത്തരം ഒരു വാദം തങ്ങളുടെ പാരമ്പര്യത്തെ ഉട്ടോപ്യനിസത്തിൽ നിന്നും ലിബറലിസത്തിൽ നിന്നും വേർതിരിക്കുന്നുവെന്ന് ലെനിനും മാവോയ്‌ക്കും ഫിദലിനും അറിയാമായിരുന്നു. എന്നാൽ അവരെല്ലാവരും ഒരു അടിസ്ഥാന തത്വം മനസ്സിലാക്കിയിരുന്നു: കൊളോണിയൽ, നവ-കൊളോണിയൽ സാഹചര്യങ്ങളിലെ മുതലാളിത്തത്തിന്റെ അസമമായ വികസനം പാവപ്പെട്ട രാജ്യങ്ങളെ, തങ്ങളുടെ ഉൽപ്പാദന ശക്തികൾ വികസിപ്പിക്കാൻ അനുവദിക്കില്ല, മറിച്ച് അവരുടെ പിന്നോക്കാവസ്ഥയെ വികസിപ്പിക്കാൻ മാത്രമേ അനുവദിക്കൂ. ഇതിനർഥം ദേശീയ വിടുതൽ പ്രസ്ഥാനങ്ങൾക്ക് കൊളോണിയൽ ഭരണാധികാരികളെ പുറത്താക്കുകയും രണ്ട് ചരിത്രപരമായ ദൗത്യങ്ങൾ ഒരേസമയം വളരെ വൈദഗ്ധ്യത്തോടെ നിർവഹിക്കുകയും വേണം: ഉൽപ്പാദന ശക്തികളെ കെട്ടിപ്പടുക്കുക (അത് ബൂർഷ്വാസിയുടെ ദൗത്യമായിരുന്നു), കൂടാതെ ഉൽപ്പാദന ഉപാധികളെ സാമൂഹികവൽക്കരിക്കുക (അതാണ് സോഷ്യലിസ്റ്റ് പദ്ധതിയുടെ സൈദ്ധാന്തിക ലക്ഷ്യം). പാവപ്പെട്ട രാജ്യങ്ങളിൽ, വലിയ പ്രതിസന്ധികൾക്കിടയിലും ബൂർഷ്വാസിയുടെയും തൊഴിലാളിവർഗത്തിന്റെയും ദൗത്യം സോഷ്യലിസ്റ്റ് ശക്തികൾ തന്നെ നിറവേറ്റണം‐ പ്രശ്നങ്ങൾ കാരണം നമുക്ക് മുന്നോട്ട് പോകാതിരിക്കാനാകില്ല; എന്തുതന്നെയായാലും നമ്മളിത് നിർമിക്കണം. ഇതല്ലാതെ വേറെ വഴിയില്ല; ഇവിടെ നിന്നുകൊണ്ട്, ഞങ്ങൾ ചൈനയെ മാറ്റും.

ഇന്ദിരാഗാന്ധിയും കാസ്‌ട്രോയുംഇന്ദിരാഗാന്ധിയും കാസ്‌ട്രോയും

വംശീയതക്കെതിരായ ലോക സമ്മേളനത്തിനായി എത്തിയ ഫിദലിനും അദ്ദേഹത്തിന്റെ സംഘത്തിലെ ചിലർക്കുമൊപ്പം ഡർബനിലെ (ദക്ഷിണാഫ്രിക്ക) ഒരു ഹോട്ടൽ മുറിയിൽ ഞാൻ ഇരിക്കുകയാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ചും ജാതിവിവേചനത്തിന്റെ അർഥത്തെക്കുറിച്ചും അദ്ദേഹം എന്നോട് ചോദ്യങ്ങൾ ചോദിക്കുകയാണ്. കണ്ടിരിക്കുന്നവരിലേക്ക് പകരുന്നതാണ് ഫിദലിന്റെ ജിജ്ഞാസ, ഒപ്പം തനിക്ക് എന്താണ് അറിയാത്തതെന്നും എന്താണ് മനസ്സിലാകാത്തതെന്നും ഉള്ള സ്വയം ബോധ്യമുള്ള ഒന്ന്. അവരോടുള്ള ബഹുമാനത്തോടെ, കാര്യങ്ങൾ വിശദീകരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുകയാണ്. 2001-‐ൽ എനിക്ക് മുപ്പത്തിനാല് വയസ്സാണ് പ്രായം, നാട്ടിലുള്ള എന്റെ ആറുമാസം പ്രായമുള്ള മകൾ എന്തുചെയ്യുന്നുവെന്ന് ഞാൻ ആലോചിക്കുകയാണ്. എനിക്കറിയാവുന്ന കാര്യങ്ങൾ വിശദീകരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങൾ ഒന്നിച്ചുള്ള ഒരു ചിത്രം പകർത്തുവാൻ ഒരു ക്യാമറ കരുതിയിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിക്കുകയാണ്.

സോഷ്യലിസം കെട്ടിപ്പടുക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും ആദ്യ ദശകങ്ങളിൽ വംശത്തിന്റെയും ലിംഗഭേദത്തിന്റെയും ശ്രേണികളെ തകർക്കാൻ ക്യൂബൻ വിപ്ലവത്തിന് പരസ്യമായി എത്രത്തോളം കഴിഞ്ഞില്ല എന്നതിനെക്കുറിച്ചും ഫിദൽ എന്നോട് പറയാൻ തുടങ്ങി. അതെ, ക്യൂബൻ വിപ്ലവം പൊതു ഇടങ്ങളിലെ വേർതിരിവുകൾ ഇല്ലാതാക്കി, എന്നാൽ ആഴത്തിൽ വേരൂന്നിയ വംശീയതയെ നേരിടാൻ വേണ്ടത്ര കഴിഞ്ഞില്ല (അത് 2001 ആയിരുന്നിട്ടും, അദ്ദേഹം ഇതെല്ലാം പറയുന്നുണ്ടായിരുന്നിട്ടും, വംശീയതയ്‌ക്കും വംശീയ വിവേചനത്തിനുമെതിരെയുള്ള ദേശീയ പദ്ധതി സ്ഥാപിക്കാൻ ക്യൂബൻ വിപ്ലവത്തിന് 2019 വരെ സമയമെടുത്തു). കടുപ്പമേറിയ യാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടത് പ്രധാനമായിരുന്നു, കടുപ്പമേറിയ വസ്തുതകളിൽനിന്ന് തുടങ്ങി സാഹചര്യം മാറ്റാനുള്ള വഴി കണ്ടെത്താൻ ശ്രമിക്കണമായിരുന്നു. വസ്തുതകൾ നിഷേധിക്കുന്നത് പുരോഗതിക്ക് തടസ്സമാണ്. അത് ഫിദലിന് വ്യക്തമായി അറിയാമായിരുന്നു. എന്നാൽ കൃത്യത പ്രധാനമായിരുന്നു.

അവസാന ദിവസം, എൻജിഒ ഫോറത്തിൽ ഫിദൽ ഏകദേശം രണ്ട് മണിക്കൂർ സംസാരിച്ചു, കടുപ്പമേറിയ യാഥാർഥ്യങ്ങളെക്കുറിച്ച് പ്രതിനിധികൾക്ക് ഒരു പ്രഭാഷണം നൽകി. അദ്ദേഹം പറഞ്ഞു, ‘വംശീയത, വംശീയ വിവേചനം, വിദേശികളോടുള്ള ഭയം, ഇവ മനുഷ്യരുടെ സ്വാഭാവികമായ പ്രതികരണങ്ങളല്ല, മറിച്ച് മനുഷ്യസമൂഹങ്ങളുടെ ചരിത്രത്തിലുടനീളം യുദ്ധങ്ങൾ, സൈനിക അധിനിവേശങ്ങൾ, അടിമത്തം, ശക്തർ ദുർബലരെ ചൂഷണം ചെയ്യൽ എന്നിവയിൽനിന്ന് നേരിട്ട് പിറവിയെടുത്ത സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ പ്രതിഭാസങ്ങളാണ്.’ നമ്മൾ ആ വസ്‌തുതയെ നേരിടുകയാണെങ്കിൽ, വംശീയത ഇല്ലാതാക്കാൻ മികച്ച പെരുമാറ്റത്തെക്കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുകയോ മികച്ച രീതികൾ പങ്കുവയ്‌ക്കുകയോ ചെയ്‌താൽ മാത്രം പോരാ; സാമൂഹിക ശ്രേണികൾക്ക് ഇത്തരം അധികാരം നൽകുന്ന വ്യവസ്ഥയെത്തന്നെ നാം മാറ്റണം ‐ മുതലാളിത്ത വ്യവസ്ഥയെ അട്ടിമറിക്കുകയും മാറ്റുകയും വേണം.

ഞാൻ ഫിദലിനൊപ്പം ഇരുന്നപ്പോൾ, മാർക്‌സ്‌ ‘സ്വാതന്ത്ര്യത്തിന്റെ ലോകം' (realm of freedom), ‘അവശ്യകതകളുടെ ലോകം' (realm of necessity) എന്നിവ തമ്മിൽ നടത്തുന്ന വേർതിരിവിനെക്കുറിച്ച് ഞാൻ സൂചിപ്പിച്ചു. ആദ്യത്തേത് ‐ ഭാഗികമായി കൊളോണിയലിസത്തിലൂടെ ‐ വികസിത ഉൽപ്പാദന ശക്തികൾ കൈവരിക്കുകയും അതിനാൽ സോഷ്യലിസത്തിലേക്കുള്ള മാറ്റത്തിന് കളമൊരുക്കുകയും ചെയ്‌ത ലോകത്തിന്റെ ഭാഗങ്ങളാണ്. രണ്ടാമത്തേത് ‐ കൊളോണിയൽ കൊള്ളയുടെ ഇരകൾ ‐ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറത്തേക്ക് കടക്കാൻ കഴിയാത്തവരും അതിനാൽ സോഷ്യലിസത്തിൽനിന്ന് വളരെ അകലെയുള്ളവരുമാണ്. എന്നാൽ മാർക്‌സിന്റെ ആശയങ്ങൾക്ക് വിപരീതമായി, അവശ്യകതകളുടെ ലോകത്താണ് വിപ്ലവങ്ങൾ നടന്നത്, അതിനാൽ അവശ്യകതകളുടെ ലോകത്താണ്, ചെ ഗുവേര 1965-‐ൽ എഴുതിയതുപോലെ, ‘സോഷ്യലിസം ചെറുപ്പമായിരിക്കുന്നതും അതിന് തെറ്റുകൾ സംഭവിക്കുന്നതും.’ ‘നമ്മൾ തെറ്റുകൾ വരുത്താറുണ്ട്’; ഫിദൽ പറഞ്ഞു, ‘എന്നാൽ നമ്മൾ അതിൽ ആത്മാർഥതയുള്ളവരായിരിക്കണം. നമ്മൾ തെറ്റുകൾ വരുത്തുന്നില്ല എന്ന് നടിക്കാൻ കഴിയില്ല. എന്നാൽ ചില കാര്യങ്ങളിൽ നമുക്ക് ചില നിശ്ചയദാർഢ്യങ്ങൾ ഉണ്ടെന്ന് നാം നമ്മെത്തന്നെ ഓർമിപ്പിക്കണം. ലോകത്തെ കൂടുതൽ മാനുഷികമായ ഒരു സ്ഥലമാക്കുക മാത്രമാണ് നമ്മുടെ ലക്ഷ്യം എന്നതുകൊണ്ട് തന്നെ നമ്മുടെ ശ്രമങ്ങൾക്ക് നാം എപ്പോഴും ക്ഷമാപണം നടത്തേണ്ടതില്ല.’

ഈ വാചകങ്ങൾ അന്ന് രാത്രി എന്റെ മുറിയിലിരുന്ന് ഞാൻ എന്റെ നോട്ട്ബുക്കിൽ കുറിച്ചതാണ്. സംഭാഷണം കഴിയുന്നത്ര പുനർനിർമിക്കാൻ ഞാൻ ശ്രമിച്ചുവെങ്കിലും അതിന്റെ നല്ലൊരു ഭാഗം എന്റെ ഭാഷയ്‌ക്ക്‌ വഴങ്ങുന്നില്ല. വിപ്ലവകാരിയായ ഫിദൽ നമുക്ക് നൽകുന്നത് ഇങ്ങനെയോരോ ആശയങ്ങൾ മാത്രമല്ല. ഇത്തരം ആശയങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും ഉപന്യാസങ്ങളിലും വായിക്കാം. അദ്ദേഹം നമുക്ക് നൽകുന്നത്, പ്രത്യേകിച്ച് ഇത്തരം വ്യക്തിപരമായ നിമിഷങ്ങളിൽ, ഒരു വിപ്ലവകാരിയുടെ പൂർണമായ മാതൃകയാണ് ‐ ഹോ ചി മിൻ അനുകരണത്തിന്റെ ആവശ്യകത (necessity of emulation) എന്ന് വിളിച്ച ഒന്നാണത്. തന്റെ ആശയങ്ങൾ ആവേശത്തോടും നിശ്ചയദാർഢ്യത്തോടും കൂടി അദ്ദേഹം വിശദീകരിക്കുന്നത് നോക്കിനിന്നപ്പോൾ എനിക്ക് കൂടുതൽ ആവേശവും നിശ്ചയദാർഢ്യവും അനുകരിക്കാനുള്ള ത്വരയും അനുഭവപ്പെട്ടു, അദ്ദേഹത്തെ അനുകരിക്കാനല്ല (അനുകരിക്കാൻ ശ്രമിച്ചാൽ അത് കോമാളിത്തരമാകുമായിരുന്നു) മറിച്ച് ചൂഷണത്തിൽനിന്ന് നമ്മുടെ മാനവികതയെ രക്ഷിക്കാനും സോഷ്യലിസ്റ്റ് ലോകം ആത്മാർഥമായി കെട്ടിപ്പടുക്കാനുമുള്ള പോരാട്ടത്തിൽ പങ്കാളിയാകാനുള്ള ആഗ്രഹം.

ഫിദലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ, തന്റെ മുന്നിലുള്ള ആളുകൾക്ക് പ്രസക്തമല്ലെന്ന് തോന്നുന്ന വിവരങ്ങൾ കൊണ്ട് അവ നിറഞ്ഞിരിക്കുന്നത് കാണാം. ക്യൂബയിലെ ഓരോ ജില്ലയിലെയും വിളവ് ഉൽപ്പാദനത്തിന്റെ കണക്കുകൾ അദ്ദേഹം വായിക്കുന്നതായി തോന്നാം, പ്ലാസ ഡി ലാ റവല്യൂഷനിൽ ഉള്ളവരോട് ഉദ്യോഗസ്ഥ ഭരണത്തിന്റെ സൂക്ഷ്മമായ വിവരങ്ങൾ അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഇത് ചെയ്യുന്നത്? അതെ, ഫിദൽ മികച്ചൊരു അധ്യാപകനായിരുന്നു, നമ്മുടെ വിപ്ലവകാരിയായ അധ്യാപകനായിരുന്നു, ഒപ്പം ദൈനംദിന വാർത്തകൾ എത്തിക്കുന്ന ടെലിവിഷൻ ആങ്കറുമായിരുന്നു ഫിദൽ. എന്നാൽ അദ്ദേഹം പ്രധാനപ്പെട്ട മറ്റൊന്നും കൂടെ ചെയ്യുന്നുണ്ടായിരുന്നു. സോഷ്യലിസം എന്നത് ചെറിയ കാര്യങ്ങളിൽ പോലുമുള്ള ശ്രദ്ധയാണെന്ന് അദ്ദേഹം നമ്മോട് പറയുകയായിരുന്നു. ഉൽപ്പാദന ശക്തികളെ കെട്ടിപ്പടുക്കുന്ന ശാസ്ത്രത്തിൽ ശ്രദ്ധ ചെലുത്തുക, തിരിച്ചടികളെക്കുറിച്ച് വ്യക്തതയും ആത്മാർഥതയും പുലർത്തുക, ഒപ്പം പരാജയങ്ങളെ വിജയങ്ങളാക്കി മാറ്റാനും സത്യങ്ങളെ മാറ്റിയെഴുതാനും ജനകീയ പങ്കാളിത്തത്തിന് വാതിലുകൾ തുറന്നിടുക.

സോവിയറ്റ് യൂണിയൻ മുതൽ ക്യൂബ വരെ, എന്നാൽ കൂടുതലായും വിയറ്റ്നാമിലെ അനുഭവങ്ങളിൽ സോഷ്യലിസത്തിന്റെ നിർമിതിയെക്കുറിച്ച് പഠിക്കാൻ ഞാൻ പതിറ്റാണ്ടുകൾ ചെലവഴിച്ചു. വിയറ്റ്നാമിൽനിന്നും ഹോ ചി മിന്റെ റിപ്പോർട്ടുകളും സംഗ്രഹങ്ങളും ഉൾപ്പെടെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം ഗവൺമെന്റിൽ നിന്നുമുള്ള രേഖകൾ വായിക്കുന്നത് എന്നെ ആകർഷിച്ചു, ഈ ചെറിയ കാര്യങ്ങളിലെ ശ്രദ്ധയും ആത്മാർഥതയും തന്നെയാണ് അതിന് കാരണം. 1957-‐ൽ പ്രധാനമന്ത്രി ഫാം വാൻ ഡോങ് ആദ്യത്തെ അഞ്ചുവർഷ പദ്ധതിയുടെ (1961-‐1965) പുരോഗതിയെക്കുറിച്ച് ഒരു കുറിപ്പെഴുതി. ‘നമ്മുടെ രാജ്യം ഇപ്പോഴും പിന്നോക്ക കാർഷിക രാജ്യമായതിനാലും, ചെറുകിട ഉൽപ്പാദകരുടെ സാമ്പത്തിക വ്യവസ്ഥിതിക്ക് മുൻതൂക്കമുള്ളതിനാലും, സാമ്പത്തിക മാനേജ്മെന്റിന്റെ കാര്യത്തിൽ നമ്മൾ ജാഗ്രത പാലിക്കുകയും ഭരണപരമായ നടപടികൾക്ക് അമിത പ്രാധാന്യം നൽകുന്ന ബ്യൂറോക്രാറ്റിക് മാനേജ്മെന്റിനെ തിരുത്തുകയും വേണം.’ സോഷ്യലിസം കെട്ടിപ്പടുക്കുക എന്നത് നയങ്ങൾ പരീക്ഷിക്കുകയും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവയുടെ കഴിവിനെ അടിസ്ഥാനമാക്കി പരിശോധിക്കുകയും ചെയ്യുക എന്നതാണ്. അവശ്യകതകളുടെ ലോകത്ത് ജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കാൻ കഴിയില്ല. ആ പട്ടിക ഏവർക്കും അറിയാവുന്നതാണ്: ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, പാർപ്പിടം, ശിശുസംരക്ഷണം, വയോജന സംരക്ഷണം, സാംസ്‌കാരിക വീര്യം, കമ്യൂണിറ്റി സംഘാടനം ‐ പ്രശ്നങ്ങൾ കാരണം നമുക്ക് മുന്നോട്ട് പോകാതിരിക്കാനാകില്ല; എന്തുതന്നെയായാലും നമ്മളിത് നിർമിക്കണം. ഇതല്ലാതെ വേറെ വഴിയില്ല; ഇവിടെ നിന്നുകൊണ്ട്, ഞങ്ങൾ ചൈനയെ മാറ്റും.

ഹ്യൂഗോ ഷാവേസിനൊപ്പംഹ്യൂഗോ ഷാവേസിനൊപ്പം

ഹവാനയിൽവച്ച് അവസാനമായി ഫിദലിനെ കണ്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ‘കാപ്പി കുടിക്കുന്നത് നിർത്തൂ. മുരിങ്ങച്ചായ കുടിക്കൂ.’ ഫിദലിന്റെയും മുരിങ്ങയുടെയും കഥ നമ്മെ വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കുന്നു. ഹവാനയിലുള്ള ഫിദലിന്റെ വീട്ടിലെ തോട്ടത്തിൽ അദ്ദേഹം മുരിങ്ങച്ചെടി വളർത്തിയിരുന്നു. തമിഴിലെ ‘മുരുങ്കൈ' എന്ന വാക്കിൽ നിന്നാണ് മുരിങ്ങ എന്ന വാക്കുണ്ടായത്. ദക്ഷിണേന്ത്യയിലുടനീളം ദിവസേന ഭക്ഷണത്തിലും ആരോഗ്യ ആവശ്യങ്ങൾക്കുള്ള കഷായങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. 2010-‐ൽ ഹെയ്‌തിയിലുണ്ടായ ഭൂകമ്പത്തിന് ശേഷം, ഹെയ്‌തിയിലെ ഭക്ഷണ സ്വയംപര്യാപ്തതാ പ്രശ്നം പരിഹരിക്കാൻ എന്താണ് ചെയ്യാനാവുകയെന്ന് ഫിദൽ ക്യൂബയിലെ ഫിൻലേ ഇൻസ്റ്റിറ്റ്യൂട്ട് തലവനായ പ്രൊഫസർ കൺസെപ്സിയോൺ കാമ്പ ഹുഎർഗോയോട് (ഫിദൽ കോഞ്ചിറ്റ എന്ന് വിളിച്ചിരുന്നു) ചോദിച്ചു. അവർ മുരിങ്ങച്ചെടിയെ ഒരു സാധ്യതയുള്ള ഭക്ഷ്യവിളയായി ചർച്ച ചെയ്‌തു, അങ്ങനെ കോഞ്ചിറ്റ ചെടിയെക്കുറിച്ച് പഠിക്കാനും വിത്തുകൾ ശേഖരിക്കാനും ക്യൂബയിലേക്ക് കൊണ്ടുപോകാനുമായി ഇന്ത്യയിലേക്ക് (ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്) വന്നു. ഈ ചെടികൾ ഇപ്പോൾ ക്യൂബൻ ജനതയുടെ ക്ഷേമത്തിന് സംഭാവന നൽകുന്നു (അവ ഹെയ്‌തിയിലും നട്ടുപിടിപ്പിച്ചിരുന്നു). രാത്രിയിൽ ഉറക്കം ലഭിക്കുന്നതിനും അതിന്റെ വിപുലമായ ഔഷധ ഗുണങ്ങൾക്കുമായി കാസ്ട്രോ മുരിങ്ങച്ചായ കുടിക്കുമായിരുന്നു.

2020 ജൂണിൽ ക്യൂബയിലെ ലാ സിയർപെയിൽ (സാങ്തി സ്പിരിറ്റസ്), ജിബാരോയിലെ സതേൺ ഗ്രെയിൻ അഗ്രോ -ഇൻഡസ്ട്രിയൽ കമ്പനിയുടെ ഭാഗമായി ‘മുരിങ്ങ ഇന്റഗ്രേറ്റഡ് പ്രോസസിങ്‌ പ്ലാന്റ്' ആരംഭിച്ചു. ക്യൂബയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാന്റായിരുന്നു അത്. പതിനാറ് ഏക്കറോളം വരുന്ന സ്ഥലത്ത് മുരിങ്ങ കൃഷി ചെയ്യാനും അത് ചായയ്‌ക്കും അപ്പത്തിനും കന്നുകാലി തീറ്റയ്‌ക്കുമുള്ള മുരിങ്ങപ്പൊടിയാക്കി മാറ്റാനും മുപ്പതിലധികം ആളുകൾ ജോലി ചെയ്‌തു. പിന്നീട്, പിനാർ ഡെൽ റിയോയിലും സന്തിയാഗോ ഡി ക്യൂബയിലും മറ്റൊരു പ്ലാന്റ് ഉണ്ടെന്ന് ഞാൻ കേട്ടു... ഓരോന്നും ജനങ്ങളുടെ ഭക്ഷണ സ്വയംപര്യാപ്തത വർധിപ്പിക്കുന്നു, ഓരോന്നും ആളുകളെ കൂടുതൽ ആരോഗ്യവാന്മാരാക്കുന്നു, ഓരോന്നും അവയുടേതായ ചെറിയ രീതിയിൽ മെച്ചപ്പെട്ട ഒരു സമൂഹത്തിനായുള്ള അടിത്തറ കെട്ടിപ്പടുക്കുന്നു.

മുരിങ്ങച്ചായ കുടിക്കൂ; പ്രശ്നങ്ങൾ കാരണം നമുക്ക് മുന്നോട്ട് പോകാതിരിക്കാനാകില്ല; എന്തുതന്നെയായാലും നമ്മളിത് നിർമിക്കണം. ഇതല്ലാതെ വേറെ വഴിയില്ല; ഇവിടെ നിന്നുകൊണ്ട്, ഞങ്ങൾ ചൈനയെ മാറ്റും... ക്യൂബയെയും ലോകത്തെയും മാറ്റും .

(വിവർത്തനം: ആര്യ എ ടി)










deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home