ബുക്കിങ് കുഴപ്പത്തിലാക്കി; പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ പൊതുജനത്തിന് വീണ്ടും അന്യമായി

പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ബുക്കിങ്ങിനായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനുള്ള നിര്‍ദേശം തടസപ്പെട്ട നിലയില്‍

സൗമ്യ സി എം
Published on Aug 22, 2026, 12:52 PM | 2 min read
തിരുവനന്തപുരം: പൊതുജനത്തിനായി തുറന്നുകൊടുത്ത പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ബുക്കിങ് താളംതെറ്റിയ നിലയിൽ. യുഡിഎഫ് സർക്കാർ അധികാരത്തിൽ കയറിയതിനു പിന്നാലെ റസ്റ്റ് ഹൗസ് ബുക്കിങ് പ്രവർത്തന രഹിതമായിരുന്നു. വെബ്സൈറ്റ് മെയിന്റനൻസ് എന്നാണ് നൽകിയ വിശദീകരണം. എന്നാൽ വെബ്സൈറ്റ് വീണ്ടും പ്രവർത്തനക്ഷമമാണെന്ന് അറിയിച്ചെങ്കിലും ഓൺലൈൻ ബുക്കിങിന് ഓരോരുത്തരും പുതിയ അക്കൗണ്ട് തുടങ്ങണമെന്ന നിർദേശമാണ് സൈറ്റിൽ നിന്നും ലഭിക്കുന്നത്. ഇതുപ്രകാരം മൊബൈൽ നമ്പറും പേരും മെയിൽ ഐഡിയും നൽകുമ്പോൾ ഇൻവാലിഡ് (invalid) എന്ന മറുപടിയാണ് തുടർച്ചയായി ലഭ്യമാകുന്നത്. ഇതോടെ ഓൺലൈനായി റൂം ബുക്ക് ചെയ്യാനാകാതെ നിരാശരാകേണ്ട അവസ്ഥയാണ്.
സൈറ്റിൽ നൽകിയിരിക്കുന്ന കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടുമ്പോൾ, സൈറ്റിൽ നൽകിയിരിക്കുന്ന നിർദേശപ്രകാരം അക്കൗണ്ട് തുറന്നാൽ മതിയെന്ന അലസമായ മറുപടിയാണ് ലഭിക്കുന്നത്. മുൻകാലങ്ങളിൽ ഇത്തരത്തിൽ അക്കൗണ്ട് തുറക്കേണ്ട സ്ഥിതിയുണ്ടായിരുന്നില്ല. ഫോൺ നമ്പറും മറ്റ് വിവരങ്ങളും നൽകിയാൽ റൂം എളുപ്പത്തിൽ ബുക്ക് ചെയ്യാൻ സാധിക്കുന്ന നിലയിലായിരുന്നു. ഇപ്പോൾ എന്താണ് ഈ രീതിയെന്ന ചോദ്യത്തിന്, വെബ്സൈറ്റ് മെയിന്റനൻസിന് ശേഷം ഇങ്ങനെയാണെന്നും അതുപ്രകാരം ചെയ്താൽ മതിയെന്ന നിസംഗമായ മറുപടിയാണ് കൺട്രോൾ റൂമിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
കൂടാതെ, പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിൽ റൂം ഒഴിവുണ്ടോ എന്ന് അന്വേഷിച്ച് ഓരോ റസ്റ്റ് ഹൗസിലും വിളിക്കുമ്പോൾ എല്ലാം ഫുൾ ആണെന്ന മറുപടിയാണ് ലഭിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ റസ്റ്റ് ഹൗസിൽ പൊതുജനത്തിന് ഒരു റൂം പോലും നൽകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. പി എ മുഹമ്മദ് റിയാസ് പിഡബ്ല്യുഡി മന്ത്രിയായിരിക്കെയാണ് റസ്റ്റ് ഹൗസുകൾ പൊതുജനത്തിനായി തുറന്നുകൊടുത്തത്. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളെ പീപ്പിൾ റസ്റ്റ് ഹൗസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ജനങ്ങളിൽ വൻ സ്വീകാര്യതയായിരുന്നു ഈ തീരുമാനത്തിന് ലഭിച്ചിരുന്നത്. സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഈ സൗകര്യം ലഭിച്ചിരുന്നു.
ഇതോടെ യുഡിഎഫ് ഭരണക്കാലത്ത് കോൺഗ്രസ് പ്രവർത്തകർ കയ്യടക്കി ദുരുപയോഗം ചെയ്തുവന്ന റസ്റ്റ് ഹൗസിന് പുതുജീവൻ ലഭിച്ചു. റസ്റ്റ് ഹൗസുകൾ നവീകരിക്കുകയും ജനങ്ങളെ ആകർഷിക്കുന്ന തലത്തിൽ കെട്ടിടവും റൂമുകളും ഒരുക്കുകയും ചെയ്തിരുന്നു. റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിങ്ങിലൂടെ സർക്കാരിന് കോടികളുടെ അധികലാഭം ലഭിക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ താമസ സൗകര്യമുള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികൾ ഉണ്ട്. പലതും പ്രധാനമുള്ള സ്ഥലത്താണുള്ളത്.
എന്നാൽ വീണ്ടും യുഡിഎഫ് ഭരണത്തിൽ റസ്റ്റ് ഹൗസ് പൊതുജനത്തിന് അന്യമാവുന്ന സ്ഥിതിയാണ്. ഇതിലൂടെ സർക്കാരിന് ലഭ്യമാകേണ്ട അധികവരുമാനം കൂടിയാണ് നിലയ്ക്കുന്നത്. യുഡിഎഫ് അധികാരത്തിൽ കയറിയതോടെ കോൺഗ്രസ് പ്രവർത്തകരും അനുയായികളും അവരുടെ വേണ്ടപ്പട്ടവർക്കുമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപവും ശക്തമാവുകയാണ്.










0 comments