ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം
ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടൽ മേഖലയിലുണ്ടായ അതിശക്തമായ ഭൂചലനത്തെത്തുടർന്ന് പസഫിക് സമുദ്ര തീരത്തെ വിവിധ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച പുലർച്ചെ അനുഭവപ്പെട്ട ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഇന്തോനേഷ്യക്ക് പുറമെ ഫിലിപ്പീൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കനുസരിച്ച്, ടെർണേറ്റ് നഗരത്തിന് 127 കിലോമീറ്റർ അകലെ കടലിൽ 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആദ്യം തീവ്രത 7.8 ആയി രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഇത് 7.4 ആയി പുതുക്കുകയായിരുന്നു. ഇന്തോനേഷ്യൻ തീരങ്ങളിൽ തിരമാലകൾ ഒരു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.
ജപ്പാൻ, തായ്‌വാൻ, ഗുവാം, പാപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കടൽനിരപ്പിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ നിരീക്ഷണം ശക്തമാക്കി. പ്രഭവകേന്ദ്രത്തിൽ നിന്ന് 1000 കിലോമീറ്റർ ചുറ്റളവിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
നോർത്ത് സുലവേസി പ്രവിശ്യയിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും ആളുകൾ കൂട്ടത്തോടെ പുറത്തേക്ക് ഓടി. നിലവിൽ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇന്തോനേഷ്യയിൽ അതീവ ജാഗ്രത തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി ദുരന്തനിവാരണ സേന സജ്ജമാണ്.










0 comments