മാനവ സ്നേഹത്തിലൂടെ നൂറ്റാണ്ടിന്റെ മാതൃകയായി പാപ്പ മടങ്ങി

വത്തിക്കാൻ : മാനവ സ്നേഹത്തിന്റെ മാതൃകയായി ഫ്രാൻസിസ് പാപ്പ മടങ്ങി. ഗാന ശുശ്രൂഷയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. വിശുദ്ധ കുർബാനയ്ക്കു ശേഷം പീറ്റേഴ്സ് ചത്വരത്തിൽ വച്ച് വിശ്വാസികൾക്കുള്ള കുർബാന ഉണ്ടായിരുന്നു.
അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വൻ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചടങ്ങ് നടന്നത്. 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. ലോകരാജ്യങ്ങളിലെ രാഷ്ട്ര തലവന്മാർ പാപ്പയ്ക്ക് ആദരമർപ്പിച്ചു. ഇന്ത്യയില്‍ നിന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുത്തു. ഫ്രഞ്ച്, പോര്‍ച്ചുഗീസ്, അറബിക്, ചൈനീസ്, ജർമൻ, പോളിസ്, എന്നീ ആറു ഭാഷകളില്‍ പ്രാര്‍ത്ഥന നടത്തി.

വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകൾ സജ്ജീകരിച്ചിരുന്നു. 15 ഭാഷകളിൽ സംസ്കാര ചടങ്ങുകൾ വിവരണത്തോടെ തത്സമയം സംപ്രേഷണം ചെയ്തു.
ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം മൃതദേഹം നാല് കിലോമീറ്റർ അകലെയുള്ള റോമിലെ സാന്ത മരിയ മജോറി ബസിലിക്കയിലേക്ക് വിലാപയാത്രയയായി കൊണ്ടുപോയി. വഴിനീളെ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ നിന്നു. തുടര്‍ന്ന് റോമിലെ സാന്ത മരിയ മജോറി ബസിലിക്കയില്‍വച്ച് പാപ്പയെ സംസ്കരിച്ചു.

ലാറ്റിൻ അമേരിക്കൻ രാജ്യത്ത് നിന്നുള്ള ആദ്യ പോപ്പ് എന്നതുമാത്രമായിരുന്നില്ല ഫ്രാൻസിസ് മാർപാപ്പയെ വ്യത്യസ്തനാക്കിയത്. അദ്ദേഹത്തിന്റെ ഇടപെടലുകളും നിലപാടുകളും എപ്പോഴും ഒരു പുരോഗമന സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിൽ കൂടിയായിരുന്നു.
ഗാസയെ ഓർത്തു വിതുമ്പിയ, ജൂതനെയും ഹിന്ദുവിനെയും ബുദ്ധരെയും ആദിവാസികളെയും ചേർത്തു നിർത്തിയ, അഭയാർഥികളുടെ കാൽ കഴുകി മുത്തമിട്ട പാപ്പ എല്ലാ അർത്ഥത്തിലും വിശ്വ പുരോഹിതനായിരുന്നു.
ഉയിർത്തെഴുന്നേൽക്കുന്ന സ്‌നേഹത്തിന്റെ കനിവും കരുതലുമായി പീഡിതരെ ചേർത്തുപിടിക്കാൻ ഇനിവരുമോ ഇതുപോലൊരു പാപ്പ.









0 comments