മാർപാപ്പയ്‌ക്ക്‌ അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലി

pope francis funeral
വെബ് ഡെസ്ക്

Published on Apr 24, 2025, 04:05 AM | 1 min read


വത്തിക്കാൻ സിറ്റി : ലോകത്തിന്റെ സ്‌നേഹാദരങ്ങൾക്കു നടുവിൽ ഫ്രാൻസിസ്‌ മാർപാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് പൊതുദർശനത്തിനായി എത്തിച്ചു. ബുധനാഴ്‌ച രാവിലെ കാസ സാന്താ മാർട്ടയിലെ വസതിയിൽനിന്ന് കർദിനാൾമാരുടെയും സ്വിസ് ഗാർഡുകളുടെയും അകമ്പടിയോടെ മൃതദേഹം വത്തിക്കാൻ സിറ്റിയിലെ ബസിലിക്കയിലെത്തിച്ചു. കമർലെങ്കോ കർദിനാൾ കെവിൻ ഫാരെൽ നേതൃത്വം നൽകി. വിവിധ രാജ്യങ്ങളിൽനിന്നായി പതിനായിരങ്ങൾ പാപ്പയ്‌ക്ക്‌ അന്ത്യാജ്ഞലി അർപ്പിക്കാൻ വത്തിക്കാനിലേക്ക്‌ ഒഴുകുകയാണ്‌.


മാനവികതയും പുരോഗമനവീക്ഷണവും ഉയർത്തി ദരിദ്രരെ ചേർത്തുപിടിച്ച്‌ ജനകീയനായ പാപ്പയുടെ സംസ്‌കാരച്ചടങ്ങുകൾ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച്‌ ലളിതമായാണ്‌ നടത്തുന്നത്‌. മുൻഗാമികളുടേതിൽനിന്ന്‌ വ്യത്യസ്‌തമായി, ഒറ്റത്തടികൊണ്ടുള്ള സാധാരണപെട്ടിയിൽ ഉയർന്ന പീഠം ഒഴിവാക്കി അൾത്താരയിൽ ഇരിപ്പിടങ്ങൾക്ക്‌ അഭിമുഖമായാണ്‌ മൃതദേഹം പൊതുദർശനത്തിനുവച്ചത്‌.


പ്രദേശികസമയം വെള്ളി രാത്രി ഏഴുവരെ ഇവിടെ തുടരും. ശനി രാവിലെ പത്തിന്‌ (ഇന്ത്യൻസമയം പകൽ 1.30) ആരംഭിക്കുന്ന അന്തിമോപചാര ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ നിരവധി ലോകനേതാക്കൾ പങ്കെടുക്കും. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ്‌ മേരി മേജർ ബസിലിക്കയിലാണ്‌ അടക്കംചെയ്യുക.


പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് ആസൂത്രണം ചെയ്യുന്നതിനും മറ്റ് തീരുമാനങ്ങൾ എടുക്കുന്നതിനുമായി കർദിനാൾമാരുടെ യോഗങ്ങൾ വത്തിക്കാനിൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home