പാക് അധീന കശ്മീരിൽ കലാപം പടരുന്നു, 20 പേര്‍ കൊല്ലപ്പെട്ടു, അവാമി ആക്ഷൻ കമ്മിറ്റിക്ക് നിരോധനം

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പടരുന്നു. വിവിധ സംഭവങ്ങളിലായി ഇതുവരെ 20 പേര്‍ കൊല്ലപ്പെടുകയും 200 ൽ അധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്. ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. മുസഫറാബാദിലെയും മിർപൂരിലെയും കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. റോഡുകളിൽ വാഹനങ്ങൾ ഇറങ്ങിയിട്ടില്ല. മിർപൂരിലെ കായിദ്-ഇ-അസം സ്റ്റേഡിയത്തിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രമസമാധാന നില ഉറപ്പാക്കാൻ കലാപ വിരുദ്ധ പോലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും നഗരങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
പൊതുജന സുരക്ഷയും ക്രമസമാധാനവും ചൂണ്ടികാട്ടി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ ഭരണകൂടം കഴിഞ്ഞ വെള്ളിയാഴ്ച നിരോധിച്ചിരുന്നു.ജെഎസിസി പ്രധാന നേതാവും മുതിർന്ന അഭിഭാഷകനുമായ അംജദ് അലി ഖാനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബാർ കൗൺസിലിന്റെ ആഹ്വാനപ്രകാരം പ്രദേശത്തെ അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിച്ചു. നഗരങ്ങളിൽ കടുത്ത ജാഗ്രത തുടരുകയാണ്.
ആക്ഷൻ കമ്മിറ്റിയുടെ പ്രധാന നേതാക്കളായ ഷൗക്കത്ത് നവാസ് മീർ, ഒമർ നസീർ കശ്മീരി, സർദാർ അമൻ, ഖ്വാജ മെഹ്റാൻ എന്നിവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കി. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അറിയിച്ചു.
സബ്‌സിഡി നിരക്കിൽ ഗോതമ്പ് മാവും കുറഞ്ഞ നിരക്കിൽ വൈദ്യുതിയും ലഭ്യമാക്കുക എന്ന ആവശ്യം ഉയര്‍ത്തിയാണ് പ്രക്ഷോഭം തുടങ്ങിയത്. 1947-ന് ശേഷം പാകിസ്ഥാനിൽ സ്ഥിരതാമസമാക്കിയ കശ്മീരി അഭയാർത്ഥികൾക്കായി പാക് അധീന കശ്മീരിലെ നിയമസഭയിൽ സംവരണം ചെയ്തിട്ടുള്ള 12 'അഭയാർത്ഥി സീറ്റുകൾ' പൂർണ്ണമായും നിർത്തലാക്കമെന്നും ആവശ്യം ഉന്നയിച്ചു. പിഒകെ നിയമസഭയിലേക്ക് ജൂലൈ 27 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്.
മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പ്രക്ഷോഭകർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ഫൈസൽ മുംതാസ് റാത്തോഡ് അഭ്യർത്ഥിച്ചു. അഭയാർത്ഥി സീറ്റുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് സമ്മതിച്ചു. പ്രക്ഷോഭകർക്ക് നേരെയുണ്ടായ പോലീസ് നടപടിയിലും തുടർച്ചയായ സംഘർഷങ്ങളിലും പാകിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകൾ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
10 മാസത്തിനിടെ രണ്ടാമത്തെ കലാപം
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആദ്യവാരത്തിൽ പ്രതിഷേധക്കാർക്ക് നേരെ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെട്ടു. 38 പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെ തുടർന്ന് ആരംഭിച്ച പ്രതിഷേധങ്ങൾ വിശാലമായ പ്രക്ഷോഭമായി വളരുകയായിരുന്നു. കലാപത്തിനിടെ മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു. അന്ന് ഉയര്‍ത്തിയ 18 ആവശ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഇപ്പോഴും പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത്.










0 comments