ad
Deshabhimani

വിവാദങ്ങളുടെ നിഴലിൽ മോദിയുടെ ഇസ്രയേൽ സന്ദർശനം, ഇരു പാര്‍ലമെന്റുകളിലും എതിര്‍പ്പ്

mo net
വെബ് ഡെസ്ക്

Published on Feb 24, 2026, 02:55 PM | 3 min read

ഗാസയിൽ വംശഹത്യ അവസാനിച്ചിട്ടില്ലെന്നും പലസ്തീനികൾ ഇന്നും കൊല്ലപ്പെട്ടു കൊണ്ടിരിക്കയാണെന്നും ലോകം കണ്ടുനിൽക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25ന് ഇസ്രായേലിലേക്ക് പറക്കും. ഉഭയകക്ഷി ചര്‍ച്ചകൾക്ക് ശേഷം 26ന് ഇസ്രയേൽ പാര്‍ലമെന്റിൽ പ്രസംഗിക്കുന്നുമുണ്ട്.


ഇസ്രായേൽ ദേശീയ തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾ മാത്രം അകലെയാണ്.ഈ സന്ദർഭത്തിൽ മോദിയുടെ സന്ദർശനം നെതന്യാഹുവിന് ഒരു അന്താരാഷ്ട്ര നേതാവ് എന്ന പ്രതിച്ഛായ വര്‍ധിപ്പിക്കാൻ ഉദ്ദേശിക്കപ്പെട്ടുള്ളതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ഗാസ യുദ്ധം ഇസ്രായേലിന് ലോക രാജ്യങ്ങൾക്കിടയിലെ മിത്രങ്ങളുടെ എണ്ണം ഗണ്യമായി കുറച്ച സാഹചര്യമാണ്.


മോദിയുടെ സന്ദർശനം രാജ്യം എന്ന നിലയ്ക്ക് ഇസ്രായേലിന് തന്ത്രപ്രധാനമാണ്.ഒപ്പം നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലേക്കുള്ള വരവുമാണെന്ന് ഇസ്രയേലിലെ തന്നെ മാധ്യമങ്ങൾ പരിഹസിക്കുന്നു.


ഇന്ത്യൻ പാർലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതികരിച്ചു. ഇതോടൊപ്പം ഇസ്രയേൽ പ്രതിപക്ഷവും ബഹിഷ്കരണ ആഹ്വാനം ഉയര്‍ത്തിയിട്ടുണ്ട്. മോദി നെതന്യാഹു ചടങ്ങാക്കി മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം.


യുദ്ധക്കുറ്റവാളി - പ്രിയ സുഹൃത്ത്


അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റങ്ങൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് (ICC 2024)ഇപ്പോഴും നിലനിൽക്കുന്നു.അപ്പോഴും മോദി നെതന്യാഹുവിനെ "പ്രിയ സുഹൃത്ത്"എന്നാണ് വിശേഷിപ്പിച്ചത്.ഇന്ത്യ ഇസ്രായേലിന്റെ ഏറ്റവും വലിയ ആയുധം വാങ്ങുന്ന രാജ്യമായി മാറിയിരിക്കുന്നു. 2024-ൽ,ഗാസ യുദ്ധം നടക്കുന്നതിനിടെ ഇന്ത്യൻ ആയുധ കമ്പനികൾ ഇസ്രായേലിന് റോക്കറ്റുകളും സ്ഫോടകവസ്തുക്കളും വിറ്റതായി അടുത്തിടെ ജറുസലേം പോസ്റ്റ് ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഗാസ വെടിനിർത്തൽ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്ര സഭ പ്രമേയങ്ങളിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ ആവർത്തിച്ച് വിട്ടുനിന്നു. 2024-ൽ ഇസ്രായേലിനെതിരായ ആയുധ ഉപരോധ പ്രമേയത്തിലും ഇന്ത്യ വിട്ടുനിന്നു.ഇതിനെല്ലാം പിന്നാലെയാണ് ഇസ്രയേൽ നരേന്ദ്ര മോദിക്ക് സ്വീകരണം ഒരുക്കുന്നത്.


ദശകങ്ങളോളം പലസ്തീന്റെ ശക്തമായ പിന്തുണ രാജ്യമായിരുന്നു ഇന്ത്യ.ഇന്ന് ഗാസ യുദ്ധത്തെ അപലപിക്കുന്ന UNപ്രമേയങ്ങളിൽ ആവർത്തിച്ച് വിട്ടുനിൽക്കുന്ന നിലപാടിലേക്ക് മാറിയിരിക്കുന്നു.ഇതിന്റെ ഉപകാര സ്മരണ.


ഗാസ കൂട്ടക്കൊല തുടരുന്നു


ഗാസ സ്ട്രിപ്പിലെ 46ശതമാനം മരുന്നുകളും തീർന്നിരിക്കുന്നു എന്ന് വൈദ്യ സഹായ സംഘടനയായ 'മെഡിക്കൽ എയ്ഡ് ഫോർ പലസ്തീൻസ്' (MAP)മുന്നറിയിപ്പ് നൽകുന്നു.ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ ക്രമാതീതമായ നാശം മൂലം പതിനായിരക്കണക്കിന് പലസ്തീനികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാകുന്നില്ല.


നവംബറിൽ സമ്മതിച്ച വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ഗാസയിൽ ആക്രമണം തുടരുകയാണ്.ഇതിനിടെ 500-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു.മാനുഷിക സഹായ ഒഴുക്കും ഇസ്രായേൽ തടഞ്ഞിരിക്കുകയാണ്. ട്രംപിന്റെ നേതൃത്വത്തിൽ പലസ്തീനെയും ഗാസയെയും മുറിച്ച് പങ്ക് വെക്കാനുള്ള പദ്ധതികളും പുരോഗമിക്കുന്നു.


ഒരു ഭാഗത്ത് ഗാസ ചോരയിൽ കുതിർന്നിരിക്കുമ്പോൾ,മറ്റൊരു ഭാഗത്ത് രാജ്യത്തെ ബിജെപി സര്‍ക്കാര്‍ ഇസ്രയേലുമായുള്ള ആയുധ-സാങ്കേതിക-വ്യാപാര ബന്ധം ദൃഢമാക്കുന്നു.ഈ ഇരട്ടത്താപ്പ് ഇന്ത്യൻ വിദേശ നയത്തിന്റെ ഏറ്റവും വലിയ ധർമ്മസങ്കടമായി മാറിയ സാഹചര്യം ഉയര്‍ന്നിരിക്കുന്നു.


റഷ്യ ചെയ്യുന്നത് യുദ്ധം, ഇസ്രയേലോ


റഷ്യ ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അവിടെ നിന്നും എണ്ണ വാങ്ങുന്നതിൽ നിന്ന് അമേരിക്ക-ഇസ്രയേൽ നേതൃത്വത്തിൽ ലോക രാജ്യങ്ങളെ വിലക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് മേൽ പ്രതികാര നികുതി ചുമത്തിയതും റഷ്യൻ എണ്ണ വാങ്ങി അവരെ യുദ്ധ ചെലവുകൾ കണ്ടെത്താൻ സഹായിക്കുന്നു എന്നു പറഞ്ഞാണ്. ഇസ്രയേലും ഉപരോധം നടപ്പാക്കാൻ ആയുധവുമായി തന്നെ മുന്നിലുണ്ട്.ഇതേ സമയത്താണ് പലസ്തീനിൽ വംശഹത്യ തുടരുന്ന ഇസ്രയേലിൽ നിന്ന് ഇന്ത്യ പുതിയ ആയുധങ്ങൾ വാങ്ങിക്കയും ആക്രമണങ്ങൾക്ക് സഹായിക്കയും ഇതിനായി കരാറിൽ ഏര്‍പ്പടുകയും ചെയ്യുന്നത്. ഇസ്രയേലിന്റെ അധിനിവേശ യുദ്ധങ്ങൾക്കുള്ള സഹായമായി ഇത് എന്ത് കൊണ്ട് തിരിച്ചറിയപ്പെടുന്നില്ല എന്നാണ് ചോദ്യം. പ്രതിരോധ സഹകരണം എന്ന പേരിൽ ഒരു രാജ്യാന്തര കൂട്ടായ്മയും നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.


ഇസ്രയേലിൽ നിന്ന് ആന്റി ബാലിസ്റ്റിക് മിസൈൽ സംവിധാനം,ലേസര്‍ ആയുധങ്ങൾ,ദീര്‍ഘദൂര മിസൈലുകൾ,പുതു തലമുറ ഡ്രോണുകൾ, പ്രിസിഷൻ ബോംബ് കിറ്റ് എന്നിവ വാങ്ങിക്കുന്നതിനായുള്ള കരാര്‍ മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമാണ്.വൻ വ്യവസായികളുടെ ഒരു സംഘവും ഇതിൽ പങ്കാളികളായുണ്ട്. 2017-ലാണ് മോദി ആദ്യം ഇസ്രായേൽ സന്ദർശിച്ചത്.രണ്ട് വർഷമായി ഗാസയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കും, 70,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട അവരുടെ ഏകപക്ഷീയ യുദ്ധത്തിനും ശേഷം ആദ്യത്തെയാണ്.


പ്രതിഷേധം ഇസ്രയേലിലും ഇന്ത്യയിലും


നരേന്ദ്ര മോദി പ്രസംഗിക്കുന്ന പ്രത്യേക സമ്മേളനത്തിൽ ചീഫ് ജസ്റ്റിസ് യിറ്റ്‌ഷാക് അമിറ്റിനെ ഉൾപ്പെടുത്താത്തത് സംബന്ധിച്ച വിവാദം നിലനിൽക്കുന്നുണ്ട്. മോദി നെതന്യാഹു ബന്ധമാക്കി സന്ദര്‍ശനത്തെ മാറ്റുന്ന തന്ത്രമാണ് ഇതെന്നാണ് വിമര്‍ശനം. ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിദ് ഇതിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കയാണ്. സഭ ബഹിഷ്കരിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു വിദേശ പ്രധാനമന്ത്രി പകുതി ശൂന്യമായ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത് അനുചിതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ഗാസയിൽ ആക്രമണം തുടരുകയും, പശ്ചിമേഷ്യൻ മേഖലയിൽ അമേരിക്കൻ സൈനിക ശക്തി വർദ്ധിക്കുകയും സംഘർഷം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മോദി ഇസ്രായേൽ സന്ദർശനത്തിനൊരുങ്ങുന്നതിനെ ഇന്ത്യൻ പാർലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി അംഗങ്ങൾ ചോദ്യം ചെയ്തിട്ടുണ്ട്. യോഗത്തിൽ നരേന്ദ്ര മോദിയുടെ ഈ സമയത്തെ സന്ദര്‍ശനത്തെ അംഗങ്ങൾ വിമര്‍ശിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home