ad
Deshabhimani

ഫിലിപ്പീൻസിൽ വൈസ്‌ പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി; സെനറ്റിൽ വിചാരണ നേരിടണം

Sara Duterte

സാറ ദുതെർത്തെ | Image Credit: FB/SaraDuterte

വെബ് ഡെസ്ക്

Published on May 11, 2026, 08:41 PM | 1 min read

മനില: ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ദുതെർത്തെക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. ഫിലിപ്പീൻസ് ജനപ്രതിനിധി സഭയിൽ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം അംഗങ്ങളും ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചു. ഇതോടെ സെനറ്റിൽ വിചാരണ നേരിടേണ്ടി വരുന്ന സാറയ്ക്ക്, 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തിരിച്ചടിയായേക്കാം. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഇംപീച്ച്‌മെന്റ് നടപടികൾ ഉണ്ടായെങ്കിലും സാങ്കേതിക കാരണങ്ങളാൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.


പൊതുമുതൽ ദുരുപയോഗം ചെയ്തു, അവിഹിതമായി സ്വത്ത് സമ്പാദിച്ചു, പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ, പ്രഥമ വനിത ലിസ അരാനെറ്റ-മാർക്കോസ്, മുൻ ഹൗസ് സ്പീക്കർ എന്നിവരുടെ ജീവന് ഭീഷണി ഉയർത്തി- എന്നിവയാണ് സാറയ്ക്കെതിരെ കണ്ടെത്തിയ കുറ്റങ്ങൾ.


എന്നാൽ ഈ ആരോപണങ്ങളെല്ലാം സാറ നിഷേധിച്ചിട്ടുണ്ട്. ജനപ്രതിനിധി സഭയിലെ 255 അംഗങ്ങൾ ഇംപീച്ച്‌മെന്റിനെ പിന്തുണച്ചപ്പോൾ 26 പേർ എതിർത്തു, ഒൻപത് പേർ വിട്ടുനിന്നു. ഇനി സെനറ്റ് ഒരു ഇംപീച്ച്‌മെന്റ് കോടതിയായി മാറി വിചാരണ നടത്തും. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ സാറയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമാകുകയും ഭാവിയിൽ പൊതുപദവികൾ വഹിക്കുന്നതിൽ നിന്ന് വിലക്ക് നേരിടേണ്ടി വരികയും ചെയ്യും.


ഫിലിപ്പീൻസിലെ നിലവിലെ സാഹചര്യം


പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ അനുയായികൾക്കാണ് ജനപ്രതിനിധി സഭയിൽ ആധിപത്യമുള്ളത്. എന്നാൽ ഉപരിസഭയായ സെനറ്റിൽ, സാറയെ വിചാരണ ചെയ്യാൻ ഉറച്ചുനിന്നിരുന്ന സെനറ്റ് പ്രസിഡന്റ് വിസെന്റ് സോട്ടോ മൂന്നാമനെ 13 സെനറ്റർമാർ ചേർന്ന് സ്ഥാനത്തുനിന്ന് നീക്കി. പകരം ദുതെർത്തെ കുടുംബത്തിന്റെ വിശ്വസ്തനായ അലൻ പീറ്റർ കയറ്റാനോ പുതിയ സെനറ്റ് പ്രസിഡന്റായി ചുമതലയേറ്റു. ഇദ്ദേഹമായിരിക്കും സാറയുടെ വിചാരണയ്ക്ക് നേതൃത്വം നൽകുക. മുൻ പ്രസിഡന്റ് റോഡ്രിഗോ ദുതെർത്തെയുടെ മകളാണ്‌ സാറ.


ഫിലിപ്പീൻസിൽ അപൂർവ്വമായാണ് ഇംപീച്ച്‌മെന്റ് നടപടികൾ നടക്കുന്നത്. 2000ൽ പ്രസിഡന്റ് ജോസഫ് എസ്ട്രാഡയ്ക്ക് ശേഷം ഇംപീച്ച്‌മെന്റ് നേരിടുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥയാണ് സാറ ദുതെർത്തെ. വോട്ടെടുപ്പ് നടന്ന സമയത്ത് കോൺഗ്രസിന് പുറത്ത് സാറയ്ക്കെതിരെ പ്രതിഷേധക്കാർ തടിച്ചുകൂടിയിരുന്നു. വൈസ് പ്രസിഡന്റിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങൾ വാദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home