പെറുവിൽ ഇരട്ട ഭൂചലനം; ആറ് മരണം, 21 പേർക്ക് പരിക്ക്

പെറുവിൽ ഉണ്ടായ ഭൂചലനത്തിൽ തകർന്ന വീടുകൾ |Photo:Reuters
ലിമ: പെറുവിലെ മലയോര മേഖലയിലുണ്ടായ ഇരട്ട ഭൂചലനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്ന് 300 കിലോമീറ്റർ കിഴക്കുള്ള ജുനിൻ മേഖലയിലെ ചുപാക പ്രവിശ്യയിലാണ് ശനിയാഴ്ച രാത്രി ഭൂചലനമുണ്ടായത്.
നാഷണൽ സീസ്മോളജിക്കൽ സെന്ററിന്റെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്കെയിലിൽ 5.1, 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ആദ്യ ഭൂചലനം ഭൂമിയിൽ നിന്ന് 24 കിലോമീറ്റർ ആഴത്തിലും രണ്ടാമത്തേത് 18 കിലോമീറ്റർ ആഴത്തിലുമാണ് അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തിന് 5.6 തീവ്രതയുണ്ടായിരുന്നതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഭൂചലനത്തിൽ അമ്പതോളം വീടുകൾ പൂർണമായും തകരുകയും നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കളിമൺ കട്ടകൾ (അഡോബ് ബ്ലോക്കുകൾ) ഉപയോഗിച്ച് നിർമിച്ച താൽക്കാലിക വീടുകളാണ് തകർന്നവയിൽ ഭൂരിഭാഗവും. ദുരന്തം ബാധിച്ച മുന്നൂറോളം ആളുകൾക്ക് താൽക്കാലിക ടെന്റുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. ഫയർഫോഴ്സും രക്ഷാപ്രവർത്തകരും തെരച്ചിൽ തുടരുകയാണ്.










0 comments