print edition ലെബനനിൽ കൂട്ടക്കൊല; സമാധാന ചർച്ച അട്ടിമറിച്ച് ഇസ്രയേൽ

ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്ന് ലെബനനിലെ തെക്കൻ ഗ്രാമങ്ങളിലെ ജനങ്ങൾ തലസ്ഥാനമായ ബെയ്റൂത്തിലേക്കു പലായനം ചെയ്യുന്നു | PHOTO: AFP
ബെയ്റൂത്ത്/തെഹ്‌റാൻ : പശ്‌ചിമേഷ്യയിലെ സമാധാനക്കരാറിനെ അട്ടിമറിക്കാൻ ലെബനനിൽ ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ. വെള്ളിയാഴ്‌ച പുലർച്ചെ കഫാർ തെബ്നിത്, സബാദിൻ തുടങ്ങിയ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. അമേരിക്കയും ഇറാനും ധാരണയിലെത്തിയ കരാർ അന്തിമമായി ഒപ്പിടാനിരിക്കേയാണ് ഇസ്രയേൽ അധിനിവേശം ലെബനന്റെ സമുദ്രാതിർത്തികളിലേക്കും വാതകനിക്ഷേപങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഇസ്രയേൽ നീക്കം.
ഗാസയെ തകർത്തതിന് സമാനമായി സൈനിക അധിനിവേശം ഉറപ്പിക്കാൻ ലെബനൻ അതിർത്തിക്ക് 10 കിലോമീറ്റർ ഉള്ളിലേക്കുവരെ സൈന്യത്തെ വിന്യസിച്ചുകൊണ്ടുള്ള ‘യെല്ലോ ലൈൻ' ഭൂപടം ഇസ്രയേൽ പുറത്തുവിട്ടു. ലെബനന് അവകാശപ്പെട്ട 'ഖാന’ പ്രകൃതിവാതക പദ്ധതി സ്ഥിതിചെയ്യുന്ന കടൽമേഖല കൂടി കൈക്കലാക്കാനാണ് നീക്കം. ലെബനനിലെ വെടിനിർത്തൽ അനിവാര്യമാണെന്ന ഇറാന്റെ വാദം അംഗീകരിച്ച് ഇക്കാര്യം സമധാനഉടന്പടിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് ലംഘിക്കപ്പെട്ടതോടെ സ്വിറ്റ്സർലൻഡിൽ നടത്താനിരുന്ന നിർണായക ചർച്ചകൾ നിർത്തിവയ്ക്കേണ്ടിവന്നു. ഇസ്രയേലിന്റെ ആക്രമണത്തോടുള്ള പ്രതിഷേധസൂചകമായി ഇറാൻ പ്രതിനിധിസംഘത്തെ ജനീവയിലേക്ക് അയക്കാൻ വിസമ്മതിച്ചു.
അതേസമയം, ലബനനിലേക്ക് കൂടുതൽ കടന്നുകയറാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ നീക്കത്തെ ഹിസ്ബുള്ള പ്രതിരോധിച്ചു. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ടാങ്കുകളെയും സൈനികരെയും പ്രതിരോധസേന തുരത്തി. നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായും ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട്ചെയ്തു. ലെബനനിലെ ആക്രമണം അവസാനിപ്പിക്കാൻ അമേരിക്ക ഇസ്രായേലിനുന്മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ്-നോയൽ ബാരറ്റ് അഭ്യർഥിച്ചു.
അതേസമയം, ഇസ്രയേലും ഹിസ്ബുള്ളയും വീണ്ടും വെടിനിർത്തലിന് ധാരണയായെന്ന് വാർത്തകൾ പുറത്തുവന്നു. വെടിനിർത്തൽ നിലവിൽവന്നതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
"ലെബനനെ കത്തിച്ചു ചാരമാക്കണം’
ടെൽ അവിവ് : സമാധാനസാധ്യത തുറന്നതോടെ അക്രമാസക്തമായ വംശഹത്യ ആഹ്വാനവുമായി ഇസ്രയേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ രംഗത്തിറങ്ങി. "ലെബനൻ മുഴുവൻ കത്തിച്ചു ചാരമാക്കണം’ എന്ന് ആഭ്യന്തര സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ ആവശ്യപ്പെട്ടു. "നരകത്തിന്റെ വാതിലുകൾ തുറന്നിടണം’ എന്നാണ് ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് ആഹ്വാനംചെയ്തത്. ഇസ്രയേൽ സൈന്യം "പൂർണ പ്രവർത്തന സ്വാതന്ത്ര്യം’ തുടർന്നും നിലനിർത്തുമെന്ന് സൈനിക വക്താവ് അവിചയ് അദ്രെയ് പ്രഖ്യാപിച്ചു.










0 comments