പരാഗ്വേ പ്രസിഡന്റ് പെന്യ പുറത്ത്; ഐഎംഎഫ് വിദഗ്ധനായിരുന്ന പ്രിസഡന്റിന് കുരുക്കായത് രാജ്യത്തെ ഡിജിറ്റൽ ബാങ്കിന്റെ തകര്‍ച്ച

അസൻസിയോൺ:രാജ്യത്തെ പ്രമുഖ ഡിജിറ്റൽ ബാങ്കായ 'ഉയെനോ ബാങ്കിന്റെ' പെട്ടെന്നുള്ള തകര്‍ച്ചയിൽ ജനരോഷം ആളിക്കത്തിയതോടെ പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യ പദവി ഒഴിഞ്ഞു. മുൻ ഐഎംഎഫ് സാമ്പത്തിക വിദഗ്ധൻ കൂടിയായ പെന്യയുടെ രാജിക്ക് പിന്നാലെ അദ്ദേഹത്തെ ജനപ്രതിനിധി സഭ 78-0 എന്ന വോട്ടിന് ഇംപീച്ച് ചെയ്തു.
ബാങ്ക് തകര്‍ച്ചയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ സമ്പാദ്യവും പെൻഷൻ ഫണ്ടുകളും മരവിപ്പിക്കപ്പെട്ടു. ഇതിന് പിന്നാലെ സ്വന്തം പാര്‍ടിയായ 'കൊളറാഡോ പാർട്ടി' യിൽ തന്നെ പെന്യയ്ക്ക് എതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. പ്രസിഡന്റിനെതിരെ ക്രിമനിൽ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നു.
പെന്യയുടെ രാഷ്ട്രീയ മാർഗദർശിയും കൊളറാഡോ പാർട്ടി നേതാവുമായ മുൻ പ്രസിഡന്റ് ഹൊറാസിയോ കാർട്ടെസ് ഉൾപ്പെടെയുള്ളവർ ഇംപീച്ച്മെന്റിനെ പിന്തുണച്ചതും വലിയ തിരിച്ചടിയായി. പെന്യക്ക് ലൈഫ് ടൈം സെനറ്റർ പദവിയും അതിലൂടെ നിയമപരമായ പരിരക്ഷയും ലഭിക്കുന്നത് തടയാനാണ് ഇംപീച്ച്മെന്റ് നടപടികളിലേക്ക് തിരിഞ്ഞത്. പെന്യ മുൻകൂട്ടി രാജി നൽകിയിരുന്നു. ഉപരാഷ്ട്രപതി പെഡ്രോ അല്ലിയാനയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തേക്കും.
ഉയെനോ ബാങ്ക്
വളർച്ചയും തകർച്ചയും
അഞ്ചു വർഷത്തിനുള്ളിൽ ഒരു ചെറിയ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പരാഗ്വേയിലെ മുതിർന്ന പൗരന്മാരുടെ 60 ശതമാനത്തോളം ഉപഭോക്താക്കളുള്ള ഭീമൻ ഡിജിറ്റൽ ബാങ്കായി ഉയെനോ മാറിയിരുന്നു. 2023-ൽ ബാങ്കിംഗ് ലൈസൻസ് നേടിയ ശേഷം ആകർഷകമായ ഓഫറുകളിലൂടെയും ദേശീയ ഫുട്ബോൾ ടീമിന്റെ പ്രധാന സ്പോൺസറായും ബാങ്ക് രാജ്യത്തുടനീളം സ്വാധീനം ഉറപ്പിച്ചു. ബാങ്കിന്റെ വളർച്ചയ്ക്ക് പിന്നിൽ പെന്യ സർക്കാരുമായുള്ള വഴിവിട്ട ബന്ധമാണെന്ന ആരോപണം ഉണ്ടായിരുന്നു. ഉയെനോ ബാങ്കിന്റെ മുൻ പ്രസിഡന്റായിരുന്ന കാര്‍ലോസ് കര്‍വാളോടെ രാജ്യത്തെ സെൻട്രൽ ബാങ്കിന്റെ മേധാവിയായി നിയമിച്ചതും പെന്യക്കെതിരെയാ നീക്കത്തിന് ശക്തിപകര്‍ന്നു.പെൻഷൻ-ആരോഗ്യ ഫണ്ടുകൾ, ജലവൈദ്യുത പദ്ധതികളുടെ തുക എന്നിവയുൾപ്പെടെ ഏകദേശം 800 ദശലക്ഷം ഡോളറോളം പൊതുപണം ഉയെനോ ബാങ്കിൽ നിക്ഷേപിക്കപ്പെട്ടു.
ഡിജിറ്റൽ ആപ്പുകളും കാർഡുകളും അപ്രത്യക്ഷമായതോടെ ശാഖകൾക്ക് മുന്നിൽ ജനങ്ങളുടെ നീണ്ട നിര ദൃശ്യമായി. മറ്റ് ബാങ്കുകളിലേക്ക് അക്കൗണ്ട് മാറ്റാനുള്ള ജനങ്ങളുടെ തിരക്ക് മൂലം രാജ്യത്തെ മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പുകളും പ്രവർത്തനരഹിതമായി. ബാങ്ക് തകർച്ചയെ തുടർന്ന് ജീവനക്കാരും അനുബന്ധ സ്ഥാപനങ്ങളിലെ തൊഴിലാളികളുമടക്കം 7,000-ത്തോളം പേർ ജോലി നഷ്ടപ്പെടൽ ഭീഷണിയിലാണ്.
പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യ
1996 മുതൽ 2016 വരെ പ്രതിപക്ഷ കക്ഷിയായ 'ലിബറൽ പാർട്ടിയിലാ'യിരുന്നു പെന്യ അംഗമായിരുന്നത്. 2015-ൽ അന്നത്തെ കൊളറാഡോ പാർട്ടി പ്രസിഡന്റായിരുന്ന ഹൊറാസിയോ കാർട്ടെസ് പെന്യയെ രാജ്യത്തിന്റെ ധനമന്ത്രിയായി നിയമിച്ചു. 36-ാം വയസ്സിൽ പരാഗ്വേ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ധനമന്ത്രിമാരിൽ ഒരാളായി അദ്ദേഹം മാറി. ഇതോടെ അദ്ദേഹം വലതുപക്ഷ കൊളറാഡോ പാർട്ടിയിൽ അംഗത്വം എടുത്തു.
2023 ഏപ്രിലിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 43.9% വോട്ട് നേടി പരാഗ്വേയുടെ 52-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2023 ഓഗസ്റ്റ് 15 മുതൽ പദവിയിൽ തുടുരന്നു. രാഷ്ട്രീയ ഗുരുവും കൊളറാഡോ പാർട്ടി പ്രസിഡന്റുമായ ഹൊറാസിയോ കാർട്ടെസ് തന്നെയാണ് പെന്യയ്ക്ക് എതിരെ ഇപ്പോൾ ഇംപീച്മെന്റിന് നേതൃത്വം നൽകിയിരിക്കുന്നതും.
1999-ൽ സാമ്പത്തിക വിശകലന വിദഗ്ധനായി പ്രവർത്തനം ആരംഭിച്ച പെന്യേ പരാഗ്വേ സെൻട്രൽ ബാങ്കിൽ ഉയർന്ന തസ്തികകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടർന്ന് വാഷിംഗ്ടൺ ഡി സി യിലെ അന്താരാഷ്ട്ര നാണയ നിധിയിൽ ധനകാര്യ വിദഗ്ധനായും ചുമതല വഹിച്ചു.









0 comments