അസമില്‍ ഓയിൽ ഇന്ത്യ ടാങ്ക് ഫാമില്‍ സ്ഫോടനം; അഞ്ച് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്, ഒരാളെ കാണാതായി

ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡ് ജില്ലയിലുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഇന്റർമീഡിയറ്റ് ടാങ്ക് ഫാമിൽ തീപിടിത്തം. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു തൊഴിലാളിയെ കാണാതായി.
ടാങ്ക് ഫാമിന്റെ ക്രൂഡ് ഓയിൽ സംഭരണ വിഭാഗത്തിലാണ് സ്ഫോടനം. പ്ലാന്റിലെ ഒരു വാൽവ് പ്രവർത്തിപ്പിക്കുന്നതിനിടെ സ്ഫോടനമുണ്ടാവുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ദിബ്രുഗഡിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുപേരുടെയും നില ഗുരുതരമായി തുടരുകയാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ തൊഴിലാളിയെയാണ് കാണാതായിരിക്കുന്നത്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഓയിൽ ഇന്ത്യ ലിമിറ്റഡുമായി കരാറിലേർപ്പെട്ടിട്ടുള്ള മുംബൈ ആസ്ഥാനമായ സ്പെക്ട്രോൺ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരാണ് പരിക്കേറ്റവർ.അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പരിക്കേറ്റവരുടെ കൃത്യമായ എണ്ണം വ്യക്തമല്ല.









0 comments