പാപ്പയ്ക്കായി പ്രാർഥനയോടെ ; കർദിനാൾമാരുടെ കോൺക്ലേവ് തുടങ്ങി

വത്തിക്കാൻ സിറ്റി
ആഗോള കത്തോലിക്കാസഭയുടെ 267–--ാമത് മാർപാപ്പയെ തെരഞ്ഞെടുക്കാൻ കർദിനാൾമാരുടെ കോൺക്ലേവിന് തുടക്കമായി. വിശുദ്ധ കുർബാന അർപ്പിച്ച ശേഷം ബുധൻ വൈകിട്ട് 4.30ന് (ഇന്ത്യൻ സമയം രാത്രി എട്ട്) സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കോൺക്ലേവ് ആരംഭിച്ചു. രഹസ്യ ബാലറ്റിനായി കർദ്ദിനാൾമാർ പ്രവേശിച്ചതോടെ സിസ്റ്റൈൻ ചാപ്പലിന് താഴിട്ടു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും തെരഞ്ഞെടുക്കപ്പെടുന്നവർ വിശ്വസ്തതയോടെ കർത്തവ്യം നിർവഹിക്കുമെന്നും വാതിലുകൾ അടയ്ക്കുന്നതിനുമുമ്പ് അവർ പ്രതിജ്ഞയെടുത്തു. പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ കർദിനാൾമാർക്ക് പുറംലോകവുമായി ആശയവിനിമയം ഉണ്ടാകില്ല.
ആദ്യദിവസം ഒറ്റ റൗണ്ട് വോട്ടെടുപ്പിൽ മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടെ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുത്താൽ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയരും. കറുത്തപുകയാണെങ്കിൽ വ്യാഴാഴ്ച വീണ്ടും പ്രാർഥനകളും വോട്ടെടുപ്പും നടക്കും. പ്രാദേശികസമയം രാവിലെ 7.45-ന് സാന്താ മാർത്തയിൽനിന്ന് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് യാത്രയാകുന്ന കർദ്ദിനാൾമാർ വിശുദ്ധ പൗലോസിന്റെ ചാപ്പലിൽ 8.15ന് പ്രഭാതപ്രാർഥനയും വിശുദ്ധ കുർബാന അർപ്പണവും നടത്തും. 9.15-ന് സിസ്റ്റൈൻ ചാപ്പലിൽ രണ്ടാം യാമപ്രാർഥനയും തുടർന്ന് രണ്ട് റൗണ്ട് വോട്ടെടുപ്പും നടക്കും. പകൽ 10.30-നോ പന്ത്രണ്ടിനോ പുക ഉയരും. ഒരാളെ തെരഞ്ഞെടുക്കാനായില്ലെങ്കിൽ 12.30-ന് ഉച്ചഭക്ഷണത്തിനായി കർദ്ദിനാൾമാർ സാന്താ മാർത്തയിലേക്കു പോകും. നാലും അഞ്ചും റൗണ്ട് വോട്ടെടുപ്പിനായി വ്യാഴം വൈകിട്ട് 3.45-ന് കർദ്ദിനാൾമാർ വീണ്ടും അപ്പസ്തോലിക കൊട്ടാരത്തിലേക്കെത്തും. ഉച്ചകഴിഞ്ഞുള്ള പ്രഥമ വോട്ടെടുപ്പ് 4.30-നായിരിക്കും. വൈകിട്ട് 5.30-നും രാത്രി ഏഴി-നും പുകയുയരും. 7.30ന് കർദ്ദിനാൾമാർ തിരികെ സാന്താ മാർത്തയിലേക്ക് പോകും.
വ്യാഴാഴ്ച രാവിലെയും ഉച്ചകഴിഞ്ഞും നടക്കുന്ന ആദ്യ വോട്ടെടുപ്പുകളിൽ ഒരാളെ തെരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ രണ്ടാമത്തെ വോട്ടെടുപ്പിനു ശേഷമാകും പുക ഉയരുകയെന്ന് വത്തിക്കാൻ മാധ്യമ ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു.









0 comments