ഒരുക്കങ്ങൾ പൂർത്തിയായി : കോൺക്ലേവിന്‌ നാളെ തുടക്കം

papal conclave
വെബ് ഡെസ്ക്

Published on May 06, 2025, 04:16 AM | 1 min read


വത്തിക്കാൻ സിറ്റി :

പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്‌ ബുധനാഴ്ച തുടക്കമാകും. ഇതിനായുള്ള ഒരുക്കങ്ങൾ പുർത്തിയായതായും കോൺക്ലേവിൽ പങ്കെടുക്കേണ്ട 133 കർദിനാൾമാരും റോമിൽ എത്തിയതായും വത്തിക്കാൻ വക്താവ്‌ മറ്റിയോ ബ്രൂണി അറിയിച്ചു.


പ്രത്യേക കുർബാനയോടെയാകും ബുധനാഴ്‌ച കോൺക്ലേവ്‌ ആരംഭിക്കുക.കോൺക്ലേവിൽ കർദിനാൾമാരെ സഹായിക്കാൻ നിയോഗിക്കപ്പെവർ പോളീൻ ചാപ്പലിൽ സത്യപ്രതിജ്ഞയെടുത്തു. കോൺക്ലേവിൽ പാലിക്കേണ്ട രഹസ്യാത്മകതയും നിബന്ധനകളും സംബന്ധിച്ചാണ്‌ പ്രതിജ്ഞ. കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാർ സാന്താ മാർത്താ അതിഥി മന്ദിരത്തിലാണ്‌ താമസിക്കുക. ഇന്ത്യയിൽനിന്നുള്ള സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കും തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്‌. വത്തിക്കാൻ മുൻ സ്‌റ്റേറ്റ്‌ സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാണ്‌ കോൺക്ലേവിന്റെ അധ്യക്ഷൻ. ഉക്രയ്ൻ സ്വദേശിയായ 44 വയസ്‌ മാത്രം പ്രായമുള്ള മൈക്കോള ബൈചോക്ക്‌ ആണ്‌ കോൺക്ലേവിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ. ഓസ്‌ട്രേലിയയിൽനിന്നുള്ള കർദിനാളാണ്.


പോപ്‌മൊബീല്‍ ഗാസയിൽ ഹെൽത്ത്‌ ക്ലിനിക്കാകും

ഗാസയിലെ മുറിവേറ്റവർക്കായി ശബ്‌ദമുയർത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ ‘പോപ്‌മൊബീല്‍’ എന്നറിയപ്പെടുന്ന ഔദ്യോഗിക വാഹനം ഗാസയിൽ സഞ്ചരിക്കുന്ന ആരോഗ്യ കേന്ദ്രമാകും. മാർപാപ്പയുടെ അന്ത്യാഭിലാഷമാണ്‌ ഇതിലൂടെ നടപ്പാകുന്നതെന്ന്‌ വത്തിക്കാന്‍ അറിയിച്ചു.ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ ഗാസയിലെ കുഞ്ഞുങ്ങൾക്കുള്ള മൊബൈൽ ഹെൽത്ത് ക്ലിനിക്കായി പോപ്‌മൊബീല്‍ മാറും.



deshabhimani section

Related News

View More
0 comments
Sort by

Home