ad
Deshabhimani

'ഞങ്ങൾക്ക് പഠിക്കണം, സ്കൂളിൽ പോകണം; ദയവായി അനുവദിക്കൂ...' ഇസ്രയേൽ സൈനികർക്ക് മുന്നിൽ പലസ്തീനി കുട്ടികൾ

freedom to sachools

കുട്ടികളോടൊപ്പം ഒരു ബാനർ പിടിച്ചുകൊണ്ട് ഗ്രാമ കൗൺസിൽ തലവൻ ഖലീൽ ഹത്തലീനും അധ്യാപകൻ താരിഖ് ഹത്തലീനും Image Credit: (Jacob Lazarus / Al Jazeera)

avatar
ശ്രുതി ലേഖ ശിവശങ്കര്‍

Published on Apr 20, 2026, 03:18 PM | 2 min read

വെസ്റ്റ് ബാങ്ക്: "ഞങ്ങൾക്ക് സ്കൂളിൽ പോകണം, ഞങ്ങൾ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ ? ഞങ്ങൾക്കൊന്നുമില്ല. എല്ലാം നഷ്ടമായി. സ്കൂളും വീടും വീട്ടുകാരും കൂട്ടുകാരുമൊന്നും ഞങ്ങൾക്കില്ല. കുറച്ച് പുസ്തകങ്ങൾ മാത്രമാണ് ഞങ്ങളുടെ പക്കലുള്ളത്. ഞങ്ങൾക്ക് പഠിക്കണം. അത് ഞങ്ങളുടെ അവകാശമാണ്"- ഇസ്രയേൽ സൈന്യത്തിന്റെ മുഖത്തുനോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞ അഞ്ചു വയസ്സുകാരി മാസ ഹത്തലീന്റെ വാക്കുകളിൽ ഒരു വലിയ ജനതയുടെ, ഒരു നാടിന്റെ മുഴുവൻ വേദനയുണ്ട്.


freedom to school സ്കൂളിലേക്ക് പ്രവേശനം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ കുട്ടികൾ അടയാളങ്ങൾ ഉയർത്തിപ്പിടിച്ചിരിക്കുന്നു Image Credit:(Jacob Lazarus / Al Jazeera)


ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഉമ്മുൽ ഖൈർ എന്ന ഗ്രാമത്തിൽ പതിറ്റാണ്ടുകളായി കുട്ടികൾ സ്കൂളിലേക്ക് പോകാൻ ഉപയോഗിച്ചിരുന്ന വഴിയിൽ ഇപ്പോൾ ഇസ്രായേൽ കുടിയേറ്റക്കാർ മുള്ളുവേലി കെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കയ്യിൽ പാഠപുസ്തകങ്ങളുമായി സ്കൂളിലേക്ക് തിരിച്ച കുട്ടികൾ കണ്ടത് തോക്കേന്തിയ സൈനികരും വഴിയടച്ച മുള്ളുവേലിയുമാണ്.


തങ്ങളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ 'ഉമ്മുൽ ഖൈർ ഫ്രീഡം സ്കൂൾ' എന്ന പേരിൽ ആ മുള്ളുവേലിക്ക് മുന്നിൽ തന്നെ ക്ലാസ്സുകൾ നടത്തിക്കൊണ്ടാണ് ഈ കൊച്ചു കുട്ടികൾ ഇസ്രയേലിന്റെ കാടത്തത്തിനെതിരെ പ്രതിഷേധിച്ചത്. യുദ്ധസാഹചര്യത്തിൽ 40 ദിവസത്തോളം അടഞ്ഞുകിടന്ന സ്കൂളുകൾ കഴിഞ്ഞ ആഴ്ചയാണ് വീണ്ടും തുറന്നത്.


freedom to school വേലിക്കരികിലെ കുട്ടികൾ പട്ടാളക്കാരോട് അവരുടെ സ്കൂളിലേക്കുള്ള വഴി തുറക്കാൻ പറയുന്നു Image Credit:(Jacob Lazarus / Al Jazeera)


എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട സ്കൂളിലേക്ക് ഇനി പ്രവേശനമില്ലെന്ന് ഈ കുരുന്നുകൾ തിരിച്ചറിഞ്ഞത് അവർക്ക് മുന്നിൽ രണ്ടാൾപൊക്കത്തിൽ ആ മുള്ളുവേലികൾ ഉയർന്നപ്പോഴായിരുന്നു. മുള്ളുവേലി മറികടക്കാൻ ശ്രമിച്ച അഞ്ചു വയസ്സുകാരടക്കമുള്ള കുട്ടികൾക്ക് നേരെ സൈന്യം കണ്ണീർവാതകവും ശബ്ദബോംബുകളും പ്രയോഗിച്ചതായാണ് ഗ്രാമവാസികൾ പറയുന്നത്.


അനധികൃതമായി കെട്ടിയ ഈ വേലി മാറ്റാൻ ഇസ്രായേൽ സൈന്യം തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, ഇതിനപ്പുറം തങ്ങളുടെ മതചിഹ്നമായ 'സ്റ്റാർ ഓഫ് ഡേവിഡ്' കല്ലുകൾ കൊണ്ട് നിർമ്മിച്ച് കുടിയേറ്റക്കാർ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നു. മുള്ളുവേലിക്ക് മുന്നിൽ വെയിലത്ത് ഇരുന്നാണ് ഇപ്പോൾ കുട്ടികളുടെ പഠനം. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും അവർ തങ്ങളുടെ അവകാശത്തിനായി പോരാടുന്ന ചിത്രം ഇന്ന് ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ്.


freedom to school ഉമ്മുൽ-ഖൈറിലെ ഒരു കുട്ടി വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി പ്രതിഷേധിക്കുന്നു Image Credit:(Jacob Lazarus / Al Jazeera)


സ്കൂളുകളിലേക്ക് എത്താനുള്ള പ്രധാന പാത അടച്ചശേഷം സൈന്യം പകരം നൽകിയ വഴി മൂന്ന് കിലോമീറ്റർ നീളമുള്ളതും കുടിയേറ്റക്കാരുടെ ആക്രമണ ഭീഷണിയുള്ളതുമായ മേഖലയാണ്. നേരത്തെ ഈ വഴിയിൽ വെച്ച് കുടിയേറ്റക്കാരുടെ വെടിയേറ്റും വാഹനമിടിച്ചും നാട്ടുകാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ, കുട്ടികളുടെ ജീവൻ അപകടത്തിലാക്കാൻ രക്ഷിതാക്കൾ തയ്യാറല്ല.


ഡോക്ടറാകാനും വക്കീലാകാനും ആഗ്രഹിക്കുന്ന ഈ കുരുന്നുകൾക്ക് മുന്നിൽ മുള്ളുവേലികൾ തടസ്സമാകുമ്പോഴും, അറിവിന്റെ വെളിച്ചത്തിനായി അവർ ആ മുള്ളുവേലിക്ക് താഴെയിരുന്ന് പാഠങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുകയാണ്. ഇസ്രയേൽ സൈന്യത്തിന് എത്രനാൾ ഇവരുടെ ഈ ധീരമായ പോരാട്ടം ഇങ്ങനെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കും. തങ്ങളുടെ പഠിക്കണമെന്ന ആവശ്യത്തിന് മുന്നിലുള്ള എന്ത് പ്രതിസന്ധിയേയും മറികടക്കാൻ പാകത്തിൽ പലസ്തീൻ കുരുന്നുകളുടെയുള്ളിൽ ധൈര്യം നിറഞ്ഞുകഴിഞ്ഞു. കാരണം, ഇനി സ്വന്തമെന്ന് പറയാൻ കുറച്ച് പുസ്തകങ്ങൾ മാത്രമാണ് അവരുടെ പക്കലുള്ളത്. ജീവൻകൊടുത്തും ആ കുരുന്നുകൾ, അവരുടെ നെഞ്ചോട് അടക്കിപ്പിടിച്ചിരിക്കുന്ന സമ്പത്തിനെ അവർ സംരക്ഷിക്കും. ഇസ്രയേൽ ഇല്ലാതാക്കിയ തങ്ങളുടെ നാടിനോടുള്ള കടപ്പാട് കൂടിയാണ് അവരുടെ ഈ ധീരത.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home