print edition പലസ്തീൻ ഫുട്ബോൾ താരത്തെ വെടിവച്ചുകൊന്നു

സലിം അൽ അഷ്‌കർ
ഗാസ സിറ്റി: പ്രമുഖ പലസ്തീൻ ഫുട്ബോൾ താരവും ഖാൻ യൂനിസ് ക്ലബ്ബിന്റെ ഗോൾകീപ്പറുമായ സലിം അൽ അഷ്കറിനെ (32) ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. മുനമ്പിന്റെ തെക്കൻ മേഖലയിലുള്ള അൽ-ഖരാരയിൽ വച്ചാണ് അധിനിവേശസേന നിരായുധനായ കായികതാരത്തിന് നേരെ വെടിയുതിർത്തതെന്ന് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
നിരവധി ക്ലബ്ബുകൾക്കായി മിന്നും പ്രകടനം കാഴ്ചവച്ച താരം പലസ്‌തീൻ ഫുട്‌ബോൾ ആരാധകർക്ക് പ്രിയപ്പെട്ടവനായിരുന്നു. അഷ്കറിന്റെ വിയോഗത്തിൽ ചിലിയൻ ക്ലബ്ബായ ഡീപോർട്ടീവോ പലസ്തീനോ ഉൾപ്പെടെയുള്ള സംഘടനകൾ അനുശോചനവും പ്രതിഷേധവും രേഖപ്പെടുത്തി.
2023 ഒക്ടോബറിൽ ആരംഭിച്ച വംശഹത്യയിൽ ഇതുവരെ 1,009 പലസ്തീൻ കായികതാരങ്ങളാണ് കൊല്ലപ്പെട്ടത്. 567 പേർ ഫുട്ബോൾ കളിക്കാരാണ്. സ്ട്രൈക്കർ സുലൈമാൻ അൽ ഉബൈദ്, ഡിഫൻഡർ അഹമ്മദ് അബു അൽ അത്ത എന്നിവരെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി. ഗാസയിലെ ഇരുനൂറോളം കായിക സമുച്ചയങ്ങളും മൈതാനങ്ങളും ബോംബിട്ട് തകർത്തു.










0 comments