ad
Deshabhimani

സുമൂദ്: തോൽക്കാത്ത പലസ്തീൻ വീര്യം

Palestine

ഇസ്രയേലിന്റെ തോക്കുകൾ​ക്കും വേലികൾക്കും തകർക്കാൻ കഴിയാത്ത ആത്മവീര്യത്തോടെ മുന്നേറുകയാണ് പലസ്തീൻ ജനത.

avatar
പി എസ് മഞ്ജരി

Published on Mar 30, 2026, 04:10 PM | 3 min read

സുമൂദ് എന്ന വാക്കിന് പലസ്തീനികൾക്കിടയിൽ വലിയ സ്വാധീനമുണ്ട്. അത് ഒരു വാക്ക് മാത്രമല്ല, പലസ്തീൻ ജനതയുടെ ജീവിതദർശനമാണ്. അധിനിവേശത്തിനും അടിച്ചമർത്തലിനും മുന്നിൽ സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കാനുള്ള ഒരു ജനതയുടെ നിശ്ചയദാർഢ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.


പലസ്തീനികളെ സംബന്ധിച്ചിടത്തോളം ഭൂമി വെറുമൊരു സ്വത്തല്ല, മറിച്ച് അവരുടെ അസ്തിത്വത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. ഓരോ വർഷവും മാർച്ച് 30ന് ലോകമെമ്പാടുമുള്ള പലസ്തീനികൾ തങ്ങളുടെ മണ്ണിൽ ജീവിക്കാനുള്ള അവകാശത്തെ മുറുകെപ്പിടിക്കുന്ന ദിനമായി ആചരിക്കുന്നു.


ഭൂമി പോലെതന്നെയാണ് പലസ്തീനികൾക്ക് ഒലിവ് മരങ്ങളും. ഒലിവ് മരങ്ങൾ അവർക്ക് തലമുറകളായി കൈമാറിവരുന്ന പൈതൃകത്തിന്റെ പ്രതീകമാണ്. ഓരോ ഒലീവ് മരവും അവരുടെ പൂർവികർ മണ്ണിൽ വേരൂന്നിയതിന്റെ സാക്ഷ്യപത്രമാണ്. ഇസ്രയേൽ അതിക്രമിച്ചു കയറി കുടിയേറ്റത്തിനായി റോ‍ഡ് നിർമിക്കുന്നതിനായി ഒട്ടേറെ ഒലിവ് മരങ്ങൾ വെട്ടിമുറിച്ചു. മരങ്ങൾ മുറിച്ചു മാറ്റപ്പെടുമ്പോൾ അവരുടെ ചരിത്രത്തെയും ഓർമകളെയും ഇല്ലാതാക്കാനുള്ള ശ്രമമായാണ് അവർ കാണുന്നത്.


എത്ര കഠിനമായ സാഹചര്യങ്ങളിലും തങ്ങളുടെ മണ്ണിൽ ഉറച്ചുനിൽക്കാനുള്ള അവരുടെ നിശ്ചയദാർഢ്യത്തെയാണ് ഈ മരങ്ങൾ പ്രതിനിധീകരിക്കുന്നത്. അതുതന്നെയാണ് ലാൻഡ് ഡേയിലൂടേയും ഉദ്ദേശിക്കുന്നത്.


ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശ വംശഹത്യയിൽ ഇതുവരെ 80,000ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 21,000 ത്തിലധികം കുട്ടികളാണ് പലസ്തീൻ മണ്ണിന് വേണ്ടിയുള്ള ഇസ്രയേൽ വംശ​​ഹത്യക്ക് ഇരയായത്.


1976 മാർച്ച് 30നാണ് ആദ്യത്തെ ഭൂമി ദിനം ആചരിച്ചത്. ഇസ്രയേൽ സർക്കാർ ഗലീലി പ്രദേശത്തെ ആയിരക്കണക്കിന് ഏക്കർ പലസ്തീൻ ഭൂമി കണ്ടുകെട്ടാൻ തീരുമാനിച്ചതിനെത്തുടർന്ന് നടന്ന പ്രതിഷേധങ്ങളാണ് ഇതിന് ആധാരം. ഭൂമി കണ്ടുകെട്ടുന്നതിനെതിരെ പലസ്തീനികൾ സംഘടിപ്പിച്ച പൊതുപണിമുടക്കും പ്രകടനങ്ങളും ഇസ്രയേൽ സൈന്യം അടിച്ചമർത്താൻ ശ്രമിച്ചു. അതിന്റെ ഫലമായി ആറ് പലസ്തീനികൾ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അന്നുമുതൽ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഓർമയായി പലസ്തീനികൾ ഈ ദിനം ആചരിച്ചു വരുന്നു.


ഇസ്രയേൽ സൈന്യം കുടിയേറ്റം തുടരുന്നതിനാൽ ഒലിവ് മരങ്ങൾ വെട്ടിമാറ്റുന്നത് കണ്ടുനിൽക്കാൻ കഴിയാതെ ഒരോ പലസ്തീനിയും തന്റെ ഭൂമിയിലെ മരങ്ങൾ സ്വയം വെട്ടിമാറ്റുകയാണ്. അവർക്ക് മരങ്ങൾ മക്കളെപ്പോലെയാണ്.


1993ൽ ഇസ്രയേലും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും തമ്മിൽ ഒപ്പുവച്ച ഓസ്ലോ ഉടമ്പടി പ്രകാരം വെസ്റ്റ് ബാങ്കിനെ മൂന്ന് വിഭാഗങ്ങളായി വിഭജിച്ചു. വെസ്റ്റ് ബാങ്കിന്റെ ഏകദേശം 18 ശതമാനവും പലസ്തീൻ നിയന്ത്രണത്തിലാണ്. 22 ശതമാനം ഭാഗം പലസ്തീൻ - ഇസ്രയേൽ സംയുക്ത നിയന്ത്രണത്തിലുള്ളതും, 60 ശതമാനം പൂർണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലുമാണ്.


2023 ഒക്ടോബർ മുതൽ വെസ്റ്റ് ബാങ്കിലെ പൂർണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ പലസ്തീനികളുടെ ഭൂമികൾ പിടിച്ചെടുക്കുന്നതിനുള്ള ഉത്തരവുകൾ ഇസ്രയേൽ ഇറക്കി. ഔദ്യോ​ഗിക പ്രഖ്യാപനമൊന്നും ഇല്ലാതെ പലസ്തീനികൾക്കു മേൽ തങ്ങളുടെ അധിനിവേശ പദ്ധതി നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ.


2023 ഒക്ടോബറിനും 2025 ഒക്ടോബറിനും ഇടയിൽ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ അതിരുകൾ പരിഷ്കരിക്കുന്നതിന്റെ മറവിൽ 4900ലധികം ഏക്കർ മുതൽ 13,000 ഏക്കർ ഭൂമിവരെ ഇസ്രയേൽ കൈപ്പിടിയിലാക്കി. ജറുസലേം, നബ്ലസ്, റാമല്ല, ബെത്‌ലഹേം, കൽഖില്യ എന്നീ നഗരങ്ങളിലെ ഏകദേശം 6500 ഏക്കർ ഭൂമിയും ഇസ്രയേൽ കണ്ടുകെട്ടി.


സൈനിക ടവറുകൾ, സുരക്ഷാ റോഡുകൾ, ജനവാസ കേന്ദ്രങ്ങൾക്ക് ചുറ്റും ബഫർ സോണുകൾ എന്നിവ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സൈനിക ആവശ്യങ്ങൾക്കായി 108 ഉത്തരവുകളിറക്കി ആകെ 440 ഏക്കറോളം ഭൂമി കണ്ടുകെട്ടി. പട്ടാളക്കാരും കുടിയേറ്റക്കാരും പലസ്തീൻ ഭൂവുടമകളെ അവരുടെ ഭൂമിയിലേക്ക് കടത്തി വിടുന്നില്ല.


റാമല്ലയ്ക്ക് കിഴക്കുള്ള ഐൻ യാബ്രുദ് പട്ടണത്തിൽ ഇസ്രയേലി സൈന്യം ബുൾഡോസർ ഉപയോഗിച്ച് തന്റെ ഭൂമി ഇടിച്ചുനിരത്തുന്നത് കണ്ടുനിൽക്കേണ്ടി വന്ന പലസ്തീൻ പൗരന്റെ ചിത്രം അടുത്തിടെ അന്തർദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സ്വന്തം ഭൂമി കണ്ടുകെട്ടുന്നതിനെ കുറിച്ച് യാതൊരു മുന്നറിയിപ്പും ആ മനുഷ്യന് ലഭിച്ചിരുന്നില്ല.


ജോർദാൻ താഴ്‌വരയിലെ പലസ്തീൻ ഭൂമി പിടിച്ചെടുക്കുന്നതിനായി കുടിയേറ്റക്കാർ വേലികെട്ടാൻ തുടങ്ങിയിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ മേച്ചിൽപ്പുറങ്ങളായും കൃഷിഭൂമിയായും ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് ഏക്കർ ഭൂമിയെ ഇത് ബാധിച്ചു. ഈ വേലി കാരണം പലസ്തീനികൾക്ക് അതിലേക്ക് പ്രവേശിക്കുവാൻ കഴിയുന്നില്ല.


ഇസ്രയേലിന്റെ തോക്കുകൾ​ക്കും വേലികൾക്കും തകർക്കാൻ കഴിയാത്ത ആത്മവീര്യത്തോടെ ഗാസയിൽ സ്വന്തം ഭൂമിക്കുവേണ്ടി പോരാട്ടം നടത്തുന്ന നിരായുധരായ ഓരോ പലസ്തീനിയും ലോകത്തിന് മാതൃകയാവുകയാണ്.


വെസ്റ്റ് ബാങ്കിലെ ഭൂമി കണ്ടുകെട്ടലിൽ മാത്രം ഒതുങ്ങുന്നതല്ല പലസ്തീന് നേരെയുള്ള ഇസ്രയേലിന്റെ കുടിയേറ്റ ശ്രമങ്ങൾ. ​ഗാസയിൽ ഇസ്രയേൽ നടപ്പാക്കിവരുന്നത് വംശഹത്യയാണ്. ഒരു ജനതക്കെതിരെ നടത്തുന്ന ഏകപക്ഷീയ യുദ്ധമാണത്. ഇത് ഞങ്ങളുടെ ഭൂമിയാണ് ഒഴിഞ്ഞു പോവാൻ തയ്യാറല്ലെന്ന് ആവർത്തിച്ചു പറഞ്ഞ ഒരു സമൂഹത്തെ 50 വർഷത്തോളമായി അവരുടെ മണ്ണിൽ നിന്ന് പുറത്താക്കാൻ അതിക്രൂരമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇസ്രയേൽ എന്ന വംശീയരാഷ്ട്രം.


പലസ്‌തീൻ രാഷ്‌ട്രം യാഥാർഥ്യമാകാൻ ഒരിക്കലും അനുവദിക്കില്ല എന്ന നെതന്യാഹുവിന്റെ പ്രസ്താവന പലസ്തീൻ ജനതയുടെ ദശാബ്ദങ്ങൾ നീണ്ട പോരാട്ടത്തെയും അന്താരാഷ്ട്ര സമൂഹത്തിന്റെ സമാധാന ശ്രമങ്ങളെയും പാടെ നിരാകരിക്കുന്ന ഒന്നാണ്. ​


ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശ വംശഹത്യയിൽ ഇതുവരെ 80,000ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 21,000 ത്തിലധികം കുട്ടികളാണ് പലസ്തീൻ മണ്ണിന് വേണ്ടിയുള്ള ഇസ്രയേൽ വംശ​​ഹത്യക്ക് ഇരയായത്.


ഇസ്രയേലിന്റെ തോക്കുകൾ​ക്കും വേലികൾക്കും തകർക്കാൻ കഴിയാത്ത ആത്മവീര്യത്തോടെ ഗാസയിൽ സ്വന്തം ഭൂമിക്കുവേണ്ടി പോരാട്ടം നടത്തുന്ന നിരായുധരായ ഓരോ പലസ്തീനിയും ലോകത്തിന് മാതൃകയാവുകയാണ്.


(സുമൂദ് എന്ന വാക്കിന് 'സ്ഥിരത' അല്ലെങ്കിൽ 'തളരാത്ത നിൽപ്പ്' എന്നൊക്കെ അർഥം വരുന്നു.)



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home