ബലൂചിസ്ഥാനിൽ സ്ഫോടനം; സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ പത്തോളം സൈനികർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെഡറൽ പാർലമെന്ററി ഫോഴ്സായ ഫ്രോണ്ടിയർ കോർപ്സിലെ സൈനികരാണ് കൊല്ലപ്പെട്ടത്. ഐഇഡി ( improvised explosive device -IED) സ്ഫോടനമാണ് നടന്നത്. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽ നിന്നും 30 കിലോമീറ്റർ അകലെ മാർഗത് ചൗക്കിയിലായിരുന്നു സംഭവം.
നാലുപേർ കൊല്ലപ്പെട്ടെന്നും മൂന്ന് പേർക്ക് പരിക്കേറ്റെന്നുമാണ് പൊക് പൊലീസ് അറിയിച്ചതെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പത്തുപേർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സൈനികർ സഞ്ചരിച്ച വാഹനം റിമോട്ട് കൺട്രോൾ ഐഇഡി ഉപയോഗിച്ച് തകർത്തായിരുന്നു ആക്രമണം. ആക്രമണത്തിൻറെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. ഇനിയും ആക്രമണങ്ങൾ തുടരുമെന്നും ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ 400 യാത്രക്കാരുമായി ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയിരുന്ന ട്രെയിൻ പാളം തെറ്റി ദുരന്തമുണ്ടായിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ബിഎൽഎ ഏറ്റെടുത്തിരുന്നു. 2019ലാണ് പാക് സർക്കാർ ബിഎൽഎയെ ഭീകരവാദ സംഘടനായി പ്രഖ്യാപിച്ചിരുന്നു.
0 comments