പാക് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനൽ, വാർത്താവിതരണ മന്ത്രിയുടെ എക്സ് ഹാൻഡിൽ എന്നിവയ്ക്ക് ഇന്ത്യയിൽ വിലക്ക്

PAK OFFICIALS
വെബ് ഡെസ്ക്

Published on May 03, 2025, 10:13 AM | 1 min read

ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. വെള്ളിയാഴ്ച രാത്രിയാണ് യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് യൂട്യൂബ് ചാനലിന് വിലക്ക് ഏർപ്പെടുത്തിയത്. പാകിസ്ഥാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അതാഉല്ല തരാറിന്റെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു.


ഇന്ത്യ അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ സൈനിക ആക്രമണം നടത്തുമെന്ന് രഹസ്യ വിവരം ലഭിച്ചതായി അതാഉല്ല തരാർ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കകമാണ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. നിരവധി പാകിസ്ഥാൻ മന്ത്രിമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നേരത്തെ തടഞ്ഞിരുന്നു.


ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഷഹ്ബാസ് ഷെരീഫിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഭ്യർഥനയെ തുടർന്ന്, പ്രശസ്ത പാകിസ്ഥാൻ നടന്മാരായ മഹിര ഖാൻ, ഹനിയ ആമിർ, സനം സയീദ്, അലി സഫർ എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു.


അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസരനിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാന് നിർണായക പങ്കുണ്ടെന്നാണ് എൻ‌ഐ‌എയുടെ പ്രാഥമിക റിപ്പോർട്ട്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസും (ഐ‌എസ്‌ഐ) ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയും(എൽ‌ഇ‌ടി) തമ്മിൽ ബന്ധമുള്ളതായാണ് കണ്ടെത്തൽ.


വിനോദസഞ്ചാരികളടക്കം 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഐ‌എസ്‌ഐ പ്രവർത്തകരുടെ നിർദേശപ്രകാരം എൽ‌ഇ‌ടി ഗൂഢാലോചന നടത്തിയതായാണ് എൻഐഎ റിപ്പോർട്ട്. ഫോറൻസിക്, ഇലക്ട്രോണിക് ഡാറ്റകൾ എൻഐഎ ശേഖരിച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത 40 ലധികം വെടിയുണ്ടകൾ ബാലിസ്റ്റിക്, കെമിക്കൽ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.


പഹൽ​ഗാം ആക്രമണവുമായി ബന്ധപ്പെട്ട് എൻ‌ഐ‌എയും സുരക്ഷാ ഏജൻസികളും ചേർന്ന് ആകെ 2,800-ലധികമാളുകളെ ചോദ്യം ചെയ്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി 150-ലധികം പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ട്. കുപ്വാര, പുൽവാമ, സോപോർ, അനന്ത്നാഗ്, ബാരാമുള്ള എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ റെയ്ഡുകൾ നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home