അതിർത്തിയിൽ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാൻ; ജമ്മു കശ്മീരിലെ കുപ്‍വാരയിൽ ആക്രമണം

പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) തുടർച്ചയായ രണ്ടാം ദിവസവും പാകിസ്ഥാൻ സൈന്യം അതിർത്തി കടന്ന് ഷെല്ലാക്രമണം നടത്തി. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബുധനാഴ്‌ചയാണ് ആക്രമണം നടത്തിയത്. കർണാ മേഖലയിലെ സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം അർദ്ധരാത്രിക്ക് ശേഷം ഷെല്ലുകളും മോർട്ടാറുകളും പ്രയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രകോപനമില്ലാതെ നടന്ന വെടിവയ്പ്പിനെതിരെ ഇന്ത്യൻ സായുധ സേന ശക്തമായി തിരിച്ചടിച്ചു. ഇതുവരെ മേഖലയിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടർന്ന് കർണയിലെ ഭൂരിഭാഗം സാധാരണക്കാരും സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി.
പഹൽഗാമിലെ ബൈസരനിൽ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമത്തിന് ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ 15-ാം ദിവസം ഇന്ത്യ മറുപടി നൽകി. പാക് അധീന കശ്‌മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ബുധനാഴ്‌ച പുലർച്ചെ മിന്നൽ വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകർത്തു. കൊടുംഭീകരൻ മസൂദ് അസറിന്റെ അടുത്ത ബന്ധുക്കളടക്കം എഴുപതിലേറെ ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തിരിച്ചടിക്ക് പിന്നാലെ കശ്‌മീരിലെ നിയന്ത്രണരേഖയിലും അതിർത്തിയിലുമായി പാക് സൈന്യം നടത്തിയ വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും ജവാൻ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. 5 ഫീൽഡ് റെജിമെന്റിലെ ലാൻസ് നായിക് ദിനേശ്കുമാറാണ് പൂഞ്ച് മേഖലയിൽ വീരമൃത്യു വരിച്ചത്. നാൽപ്പതിലേറെ പേർക്ക് പരിക്കുണ്ട്. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്.
ഇന്ത്യയുടേത് യുദ്ധനടപടിയാണെന്നും തക്ക മറുപടി നൽകാൻ എല്ലാ അവകാശവും പാകിസ്ഥാനുണ്ടെന്നും പ്രധാനമന്ത്രി ഷഹ്‌ബാസ് ഷെരീഫ് പ്രസ്‌താവിച്ചു. കൂടുതൽ ആക്രമണത്തിനില്ലെന്നും എന്നാൽ പാകിസ്ഥാൻ സാഹസം കാട്ടിയാൽ പ്രത്യാക്രണമുണ്ടാകുമെന്നും ഇന്ത്യ വ്യക്തമാക്കി. രണ്ട് ആണവശക്തികൾ സംഘർഷത്തിലേക്ക് നീങ്ങുന്നത് തടയാൻ ലോകരാജ്യങ്ങളും ഐക്യരാഷ്‌ട്രസംഘടനയും ഇടപെട്ടു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ ലോകരാഷ്ട്രങ്ങളും യുഎന്നും ആവശ്യപ്പെട്ടു.








0 comments