ad
Deshabhimani

പാകിസ്ഥാനിൽ കടുത്ത ഇന്ധനക്ഷാമം; ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യം നിശ്ചലമാകുന്നു

Pakistan.jpg
വെബ് ഡെസ്ക്

Published on Mar 06, 2026, 10:24 AM | 1 min read

ഇസ്ലാമാബാദ്: ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായതോടെ പാകിസ്ഥാനിൽ കടുത്ത ഊർജ്ജ പ്രതിസന്ധി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് പാകിസ്ഥാനിലേക്കുള്ള ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടു.


നിലവിൽ 28 ദിവസത്തേക്കുള്ള പെട്രോൾ, ഡീസൽ ശേഖരം മാത്രമാണ് രാജ്യത്തുള്ളതെന്ന് പാകിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് അറിയിച്ചു. പ്രതിസന്ധി മറികടക്കാൻ കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ഷെഹബാസ് ഷെരീഫ് സർക്കാർ ആലോചിക്കുന്നത്.


ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി നിർബന്ധിത 'വർക്ക് ഫ്രം ഹോം', വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ എന്നിവ നടപ്പിലാക്കാൻ നീക്കമുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നൽകാനും അവശ്യ ജീവനക്കാർ മാത്രം ഓഫീസിലെത്തിയാൽ മതിയെന്നുമാണ് നിർദ്ദേശം.


പെട്രോൾ, ഡീസൽ എന്നിവ 28 ദിവസത്തേക്കും അസംസ്‌കൃത എണ്ണ 10 ദിവസത്തേക്കും എൽപിജി 15 ദിവസത്തേക്കും മാത്രമാണ് പാകിസ്ഥാൻ്റെ പക്കലുള്ളത്. അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര ഇറാൻ നിരോധിച്ചിരിക്കുകയാണ്.


ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഈ വഴിയിലൂടെയാണ്. തകർന്നടിഞ്ഞ പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ധനവില വർദ്ധനവും ഇൻഷുറൻസ് പ്രീമിയം തുകയും താങ്ങാനാവുന്നില്ല.


അഫ്ഗാനിസ്ഥാനുമായി മറ്റൊരു അതിർത്തി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന പാകിസ്ഥാന് ഇറാൻ്റെ യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വ്യക്തമാക്കി. യുദ്ധം നീണ്ടുപോയാൽ പാകിസ്ഥാൻ വലിയൊരു ഊർജ്ജ പ്രതിസന്ധിയിലേക്കും അതുവഴി സാമ്പത്തിക തകർച്ചയിലേക്കും കൂപ്പുകുത്തുമെന്നാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home