മൂന്ന് ജമാഅത്ത് ഉദ് ദവ സംഘാംഗങ്ങളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പാക് സൈനികരും ഉദ്യോഗസ്ഥരും

PHOTO CREDIT: X
ലാഹോർ: ഇന്ത്യൻ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ജമാഅത്ത് ഉദ് ദവ സംഘാംഗങ്ങളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പാക് സൈനികരും ഉദ്യോഗസ്ഥരും. ഇവര്‍ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഖാരി അബ്ദുൾ മാലിക്, ഖാലിദ്, മുദാസിർ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇവരുടെ സംസ്കാര ചടങ്ങുകൾ കനത്ത സുരക്ഷയിലാണ് മുറിദ്കെയിൽ നടന്നതെന്ന് ജമാഅത്ത് ഉദ് ദവയുടെ രാഷ്ട്രീയ വിഭാഗമായ പാകിസ്ഥാൻ മർകാസി മുസ്ലീം ലീഗിന്റെ വക്താവ് തബീഷ് ഖയൂം പറഞ്ഞു. പാകിസ്ഥാനിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ലഷ്‌കർ ഇ തൊയ്ബയുടെ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
'ആക്രമണത്തിൽ പള്ളിക്ക് നാശ നഷ്ടമുണ്ടായി. ആക്രമണം നടക്കുമ്പോൾ മൂന്ന് പേരും പള്ളിയോട് ചേർന്നുള്ള ഒരു മുറിയിൽ ഉറങ്ങുകയായിരുന്നു. ജമാഅത്ത് ഉദ് ദവ അംഗങ്ങളെന്ന് കരുതപ്പെടുന്ന മാലിക്, ഖാലിദ്, മുദാസിർ എന്നിവർ പള്ളിയിലെ പ്രാർഥനാ നേതാക്കളായും പരിചാരകരായും കഴിയുകയായിരുന്നു. പാകിസ്ഥാനെ ആക്രമിച്ച ഇന്ത്യയ്ക്ക് പകൽ വെളിച്ചത്തിൽ തിരിച്ചടി ലഭിക്കും' - ഖയൂം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. സംസ്കാര ചടങ്ങുകൾക്ക് ശേഷം, മൃതദേഹങ്ങൾ അവരുടെ ജന്മനാട്ടിലേക്ക് അയച്ചു.
ഏപ്രിൽ 22നുണ്ടായ പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ബുധൻ പുലർച്ചയോടെ പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ലാഹോറിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള മുരിദ്കെയിലെ ഭീകര കേന്ദ്ര ആസ്ഥാനത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.








0 comments