പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; അഞ്ഞൂറോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പൊതുസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന ആളുകൾ.(file march 2026)
ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ കഴിഞ്ഞ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട്.
വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നവരെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തിയ സംഭവങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനിൽ ആക്രമണം നടത്തുന്ന തീവ്രവാദികൾക്ക് അഫ്ഗാനിസ്ഥാൻ അഭയം നൽകുന്നുവെന്നാണ് ഇസ്ലാമാബാദിന്റെ ആരോപണം. എന്നാൽ ഈ ആരോപണം അഫ്ഗാനിസ്ഥാൻ നിഷേധിച്ചു.
കാബൂളിലെ മയക്കുമരുന്ന് ചികിത്സാ കേന്ദ്രത്തിന് നേരെയുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടത് സംഘർഷത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടിട്ടില്ലെന്നും തീവ്രവാദികളുടെ താവളങ്ങൾ മാത്രമാണ് സൈന്യം ആക്രമിച്ചതെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സ്ത്രീകൾക്ക് മേലുള്ള താലിബാൻ നിയന്ത്രണങ്ങളും യുഎൻ റിപ്പോർട്ട് വിമർശിക്കുന്നു. വസ്ത്രധാരണ ചട്ടം ലംഘിച്ചെന്നാരോപിച്ച് സ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവങ്ങളും ബാലവിവാഹത്തിന് വഴിയൊരുക്കുന്ന പുതിയ നിയമങ്ങളും റിപ്പോർട്ടിൽ ആശങ്കയോടെ ചൂണ്ടിക്കാട്ടുന്നു.










0 comments