ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ രാജ്യം വീണ്ടും യുവാക്കളുടെ ശബ്ദമായി മാറും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി സിജെപി

ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെയുള്ള പൊലീസ് പീഡനം തുടരുകയാണെങ്കിൽ, വീണ്ടും ശക്തമായി പ്രതിഷേധിക്കുമെന്ന് കോക്രോച്ച് ജനതാ പാർടി. വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ വേഗം അവസാനിപ്പിക്കണമെന്ന് സിജെപി നേതാവ് അഭീജിത് ദീപ്കെ അറിയിച്ചു.
വാഗ്ദാനം ലംഘിക്കുന്ന ഒരു സർക്കാരിന് മുന്നിൽ യുവാക്കൾ നിശ്ശബ്ദരായിരിക്കുമെന്ന് കരുതരുതെന്നും, ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ ഇന്ത്യയിലെ തെരുവുകൾ വീണ്ടും യുവാക്കളുടെ ശബ്ദമായി മാറുമെന്നും സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.
വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള പ്രതികാര നടപടികളും വേട്ടയാടലുകളും കേന്ദ്ര സർക്കാർ എത്രയും വേഗം അവസാനിപ്പിക്കണം. അല്ലെങ്കിൽ സമാധാരപരമായ പ്രതിഷേധവുമായി വീണ്ടും രംഗത്തിറങ്ങുമെന്ന് സൗരവ് ദാസ് എക്സിൽ കുറിച്ചു. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്മേലും പൂർണമായ വിശ്വാസത്തിലുമാണ് കോക്രോച്ച് ജനതാ പാർടി തങ്ങളുടെ രാജ്യവ്യാപകമായ പ്രതിഷേധം പിൻവലിക്കാൻ തയ്യാറായതെന്നും സൗരവ് ദാസ് വ്യക്തമാക്കി. സിജെപിയുടെ സമരവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലെ ആശങ്കകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള എഫ് ഐ ആറുകളുമായി മുന്നോട്ടുപോകാനും അന്വേഷണം നടത്താനും സർക്കാരുകൾക്ക് അനുമതി നൽകുന്ന നാലാം നമ്പർ നിർദേശം അങ്ങേയറ്റം ഗൗരവമേറിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് ഒരു പ്രതിഷേധക്കാരെയും നേരിട്ടോ അല്ലാതെയോ ലക്ഷ്യമിടില്ലെന്നും അവർക്കെതിരെയുള്ള എഫ് ഐ ആറുകൾ പിൻവലിക്കുമെന്നും രാജ്യത്തെ യുവാക്കൾക്ക് കേന്ദ്രം നൽകിയ ഉറപ്പുകൾക്ക് തികച്ചും വിരുദ്ധമാണ് ഇപ്പോഴത്തെ കോടതി നിർദേശമെന്ന് സൗരവ് ദാസ് ചൂണ്ടിക്കാട്ടി.
ജൂലൈ 25-ന് ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി വൈകിയും സിജെപിയുമായി ചർച്ചകൾ തുടർന്നിട്ടും, കോടതിയിൽ ഈ ഇടക്കാല ഉത്തരവ് വന്നപ്പോൾ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകർ അതിനെ എതിർക്കാതിരുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരവും ആശങ്കാജനകവുമാണെന്ന് സൗരവ് ദാസ് പറഞ്ഞു.
ആയിരക്കണക്കിന് വിദ്യാർഥികൾക്കും യുവാക്കൾക്കും നൽകിയ പരസ്യമായ ഒരു ഉറപ്പ്, പിന്നീട് ഉണ്ടാകുന്ന നിയമപരമായ നീക്കങ്ങളിലൂടെ ഇത്തരത്തിൽ രഹസ്യമായി ദുർബലപ്പെടുത്തുന്നത് പൊതുവിശ്വാസത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. സമരക്കാർക്കെതിരെയുള്ള എഫ് ഐ ആറുകൾ പിൻവലിക്കാനും, ഭാവിയിൽ യാതൊരുവിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും സർക്കാർ തയ്യാറാകണമെന്ന് സൗരവ് ദാസ് ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉടനടി നടപ്പിലാക്കിയില്ലെങ്കിൽ, വിദ്യാർഥികളുടെയും യുവാക്കളുടെയും സംരക്ഷണത്തിനായി കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ രാജ്യവ്യാപകമായ പ്രതിഷേധം പുനഃരാരംഭിക്കുമെന്ന് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.









0 comments