സഹോദരിയുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിൽ പ്രകോപനം; യുവാവിനെ സുഹൃത്തുക്കൾ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്

കൊല്ലപ്പെട്ട ഉമംഗ് (ഇടത് വശം) പ്രതികളായ നസീർ എന്ന ഘേട്ടി, അസീഫ് കക്കൽ, സുജൽ രാമാവത്ത്| Photo Credit:India Today
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ഇൻസ്റ്റഗ്രാം സന്ദേശങ്ങളെച്ചൊല്ലിയ തർക്കത്തിനിടെ 23 കാരനായ യുവാവിനെ സുഹൃത്തും കൂട്ടാളികളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയതായി പൊലീസ്.
രാജ്കോട്ടിലെ റുഖാഡിയ ഫാടക സ്വദേശിയായ ഉമംഗ് ജഖേലിയയാണ് കൊല്ലപ്പെട്ടത്. പെയിന്ററായി ജോലി ചെയ്തിരുന്ന ഇയാളെ സുഹൃത്തായ നസീറും മറ്റൊരാളും ചേർന്ന് ചായ കുടിക്കാൻ പോകാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
പഴയ റെയിൽവേ സ്റ്റേഷന് സമീപമുള്ള വിജനമായ സ്ഥലത്തെത്തിച്ച ശേഷം വടികളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് ഉമംഗിനെ ആക്രമിച്ചതായാണ് പൊലീസ് കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ നിലയിൽ ഇയാളെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ഉമംഗിന്റെ ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ മർദനത്തെ സൂചിപ്പിക്കുന്ന നിരവധി പരിക്കുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
നസീറിന്റെ സഹോദരിയുമായി ഉമംഗ് സമൂഹമാധ്യമത്തിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ പ്രകോപിതനായ നസീർ ആക്രമണത്തിന് പദ്ധതിയിട്ടതായാണ് പൊലീസ് നിഗമനം.
കേസിൽ നസീർ, അസീഫ് കക്കൽ, സുജൽ രാമാവത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടികൾ ആരംഭിച്ചു.
കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.









0 comments