വേട്ടയാടലിന് മുന്നിൽ കീഴടങ്ങില്ല; ഭീരുത്വം നിറഞ്ഞ പ്രതികാര നടപടിയെ പ്രതിരോധിക്കും: എസ്‌എഫ്‌ഐ

സ്വന്തം ലേഖകൻ
Published on Jul 28, 2026, 09:37 PM | 1 min read
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിലെ മുൻനിരപോരാളിയായ എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ ഡൽഹി പൊലീസ് വേട്ടയാടുകയാണെന്ന് എസ്‌എഫ്‌ഐ.
പ്രതിഷേധത്തിൽ സമാധാനപരമായി പങ്കെടുത്ത നിരവധി പേരെ പൊലീസ് നോട്ടപ്പുള്ളിയാക്കി. കേരളം, കൊൽക്കത്ത, പട്‌ന, ഗുവാഹത്തി എന്നിവിടങ്ങളിലെല്ലാം സമാന സംഭവങ്ങളുണ്ടായി. വിയോജിപ്പുകൾക്ക് നേരെയുള്ള മോദി സർക്കാരിന്റെ അസഹിഷ്ണുതയാണ് ഇൗ നീക്കങ്ങളിലൂടെ വ്യക്തമാവുന്നത്. വേട്ടയാടലുകൾക്ക് മുന്നിൽ കീഴടങ്ങില്ല.
വിയോജിപ്പുകളെ അടിച്ചമർത്തിയും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കിയും നരേന്ദ്ര മോദിയും അമിത് ഷായും ഹിറ്റ്‌ലറുടെ ഭരണരീതി പകർത്തുകയാണ്. ധർമേന്ദ്ര പ്രധാന്റെ രാജി സർക്കാരിനെ ചൊടിപ്പിക്കുകയും വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഈ സമീപനം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കെതിരും ഇന്ത്യയിലെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണ്. ഇത്തരം ഭീരുത്വം നിറഞ്ഞ പ്രതികാര നടപടികളെ വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിരോധിക്കുമെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പറഞ്ഞു.
തുടർന്നുകൊണ്ടിരിക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടയിൽ ജനാധിപത്യ സമരങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ഭയപ്പെടുത്താൻ രാഷ്ട്രീയ പകപോക്കലുകളും നിയമ ദുരുപയോഗവും നടക്കുന്നുവെന്നത് ഗൗരവമേറിയ ആശങ്കയാണെന്ന് എഐഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു.










0 comments