ad
Deshabhimani

പാകിസ്ഥാനിന്റെ പക്കലുള്ളത് 7 ദിവസത്തേക്കുള്ള എണ്ണ; ദയനീയാവസ്ഥ തുറന്നുപറഞ്ഞ് മന്ത്രി

Ali Parvez Malik

പാകിസ്ഥാൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് | REUTERS/Ariba Shahid

വെബ് ഡെസ്ക്

Published on May 01, 2026, 03:32 PM | 1 min read

ഇസ്ലാമാബാദ് : ആഗോള എണ്ണവിപണിയിലെ പ്രതിസന്ധികൾക്കിടയിൽ പാകിസ്ഥാന്റെ അവസ്ഥ പരിതാപകരമാണെന്ന് സമ്മതിച്ച് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്. ഇന്ത്യക്ക് സാമ്പത്തിക ഭദ്രതയുണ്ടെന്നും പാകിസ്ഥാന് അതില്ലെന്നും മാലിക് പറഞ്ഞു.  ഇന്ത്യയുടെ പക്കൽ 600 ശതകോടി ഡോളറിന്റെ വിദേശനാണ്യ ശേഖരത്തിന് പുറമെ കരുത്തുറ്റ കരുതൽ ശേഖരവുമുണ്ടെന്നും ഇത് പ്രതിസന്ധികളെ അതിജീവിക്കാൻ അവരെ സഹായിക്കും. ഒരു പ്രാദേശിക വാർത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പാകിസ്ഥാന് തന്ത്രപ്രധാനമായ എണ്ണ ശേഖരമില്ല. വെറും അഞ്ചു മുതൽ ഏഴു ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണ മാത്രമേ പക്കലുള്ളൂ. ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ പക്കലുള്ള ഇന്ധനം 20 ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂ. എന്നാൽ 60 മുതൽ 70 ദിവസത്തേക്കുള്ള കരുതൽ ശേഖരമുള്ള ഇന്ത്യയ്ക്ക് ഒരു ഒപ്പിട്ടാൽ മാത്രം ഈ ശേഖരം വിപണിയിലിറക്കി വില നിയന്ത്രിക്കാൻ സാധിക്കുമെന്നും മാലിക് ചൂണ്ടിക്കാട്ടി.


വർധിച്ചുവരുന്ന എണ്ണവില കണക്കിലെടുത്ത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി പാകിസ്ഥാന് ഐഎംഎഫുമായി  ചർച്ചകൾ നടത്തേണ്ടി വന്നു. ഐഎംഎഫിന് നൽകിയ ഉറപ്പുകൾ ലംഘിച്ചിരുന്നെങ്കിൽ ഇതിലും മോശമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമായിരുന്നു. രഹസ്യ ചർച്ചകൾക്കൊടുവിലാണ് ലെവി കുറയ്ക്കാൻ ഐഎംഎഫിനെ സമ്മതിപ്പിച്ചത്. 


പാകിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 80 രൂപ കുറച്ച് 378 രൂപയാക്കിയിട്ടുണ്ട്. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ പാകിസ്ഥാൻ സർക്കാർ വില വർധിപ്പിച്ചത് ജനരോഷത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോളിയം ലെവി വഴി വില കുറയ്ക്കാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തീരുമാനിച്ചത്. ഐഎംഎഫ് നിബന്ധനകളിൽ കുരുങ്ങി നിൽക്കുന്ന പാകിസ്ഥാന്റെ നിസ്സഹായത വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ ഈ തുറന്നുപറച്ചിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home