ad
Deshabhimani

വണ്ടി നിർത്തി കൈകൾ ഉയർത്തിയിട്ടും ആ പിഞ്ചുതലയിലേക്ക് വെടിവെച്ചു; ക്രൂരതയുടെ ഇസ്രയേൽ മുഖം: കരളുലയ്ക്കുന്ന ദൃശ്യം

Israel
വെബ് ഡെസ്ക്

Published on Jun 11, 2026, 09:44 AM | 2 min read

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിൽ ഏഴുമാസം പ്രായമുള്ള ഫലസ്തീൻ കുഞ്ഞിനെ ഇസ്രായേൽ സൈന്യം തലയ്ക്ക് വെടിവെച്ചുകൊന്ന സംഭവം വൻ ക്രൂരതയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന വീഡിയോ ദൃശ്യങ്ങളാണ് മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ടത്. അമ്മയുടെ കൈകളിലിരിക്കെയാണ് സാം അബു ഹൈക്കൽ എന്ന പിഞ്ചുകുഞ്ഞ് ഇസ്രായേൽ വംശീയവെറിയുടെ ഇരയായി മാറിയത്.


കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ വേഗത സൈനിക പോസ്റ്റിന് സമീപമെത്തിയപ്പോൾ കുറയുന്നതായും, തുടർന്ന് സൈനികർ വാഹനത്തിന് നേരെ ഒട്ടും പ്രകോപനമില്ലാതെ ക്രൂരമായി വെടിയുതിർക്കുന്നതായും വീഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെസ്റ്റ് ബാങ്കിൽ വച്ച് ഇസ്രായേൽ സൈനികർ ഈ കുടുംബത്തിന് നേരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവെപ്പ് നടത്തിയത്. സൈനികരുടെ നിർദ്ദേശപ്രകാരം വണ്ടി നിർത്താൻ ശ്രമിച്ചിട്ടും സൈന്യം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പിഞ്ചുകുഞ്ഞ് സാം കൊല്ലപ്പെടുകയും അവന്റെ അമ്മ ദാനിയ അബു ഹൈക്കൽ, പിതാവ് ഫഹദ് അബു ഹൈക്കൽ എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.


ഒരു വാഹനം തങ്ങൾക്ക് നേരെ വേഗത്തിൽ പാഞ്ഞു വരുന്നത് കണ്ടതുകൊണ്ടാണ് വെടിവെച്ചതെന്നായിരുന്നു ഇസ്രായേൽ പ്രതിരോധ സേനയുടെ പതിവ് കള്ളം. എന്നാൽ ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ 'ബിസെലെം' പുറത്തുവിട്ട ദൃശ്യങ്ങൾ ഈ വാദത്തെ പാടെ പൊളിച്ചടുക്കി. വാഹനം നിർത്താനായി വേഗത കുറയ്ക്കുന്ന സമയത്താണ് സൈനികൻ വെടിയുതിർത്തതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വാഹനം സൈനികരിൽ നിന്ന് ഏറെ അകലെയായിരുന്നുവെന്നും അവർക്ക് യാതൊരുവിധത്തിലുള്ള ഭീഷണിയും ഉയർത്തിയിരുന്നില്ലെന്നും സംഘടന വ്യക്തമാക്കി.


സംഭവം നടന്ന ഉടൻ ചിത്രീകരിച്ച മറ്റൊരു വീഡിയോയും ബിസെലെം പുറത്തുവിട്ടിട്ടുണ്ട്. വെടിയേറ്റ തന്റെ കുഞ്ഞിനെ കൈകളിൽ താങ്ങിപ്പിടിച്ച്, അവന്റെ തലയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര കൈകൾ കൊണ്ട് തടഞ്ഞുനിർത്താൻ ശ്രമിക്കുന്ന പിതാവ് ഫഹദിനെ അതിൽ കാണാം. കുഞ്ഞിനെ കൈകളിൽ പിടിച്ചിരിക്കെ വെടിയേറ്റ അമ്മ ദാനിയ പരിക്കുകളോടെ കാറിനരികിൽ ചോര വാർന്ന് നിലത്തിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


തന്റെ കൈ തുളച്ചുകയറിയ വെടിയുണ്ടയാണ് പിൻസീറ്റിൽ അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന്റെ തലയിൽ തറച്ചതെന്ന് ഫഹദ് പറഞ്ഞു. ദമ്പതികൾക്കും കുഞ്ഞിനും പുറമെ ഇവരുടെ പതിനൊന്ന് വയസ്സുകാരനായ മൂത്ത മകനും ഫഹദിന്റെ അമ്മയും കാറിലുണ്ടായിരുന്നു. ഹെബ്രോണിലൂടെ യാത്ര ചെയ്യുമ്പോഴാണ് സൈനികർ ഇവരെ തടഞ്ഞത്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home