കോംഗോയിൽ ഭീതിപടർത്തി എബോള; അനാഥാലയത്തിലെ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു, കുട്ടികളിൽ ആശങ്ക ശക്തം

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗബാധയെ തുടർന്ന് അനാഥാലയത്തിലെ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. കിഴക്കൻ കോംഗോയിലെ രണ്ട് കുഞ്ഞുങ്ങളാണ് രോഗബാധയെ തുടർന്ന് ജീവൻ വെടിഞ്ഞത്.
ഇറ്റൂരി പ്രവിശ്യയിലെ ബുനിയയിലുള്ള ക്രൈസ്തവ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിലെ അന്തേവാസികളായിരുന്നു ഇരുവരും. രോഗബാധയുടെ പ്രഭവകേന്ദ്രമായ ഇവിടെ കുട്ടികളിലേക്ക് എബോള പടരുന്നത് വലിയ ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
മെയ് മാസാവസാനത്തോടെ അമ്മ മരിച്ചതിനെ തുടർന്നാണ് രണ്ടാഴ്ച മാത്രം പ്രായമുള്ള ബുസ്വസയെ 69 കുട്ടികളുള്ള അനാഥാലയത്തിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് എബോള സ്ഥിരീകരിച്ചത്.
ബുസ്വസയുടെ മരണത്തിന് പിന്നാലെ അനാഥാലയത്തിലെ മറ്റ് ആറ് കുഞ്ഞുങ്ങൾക്ക് കൂടി എബോള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവാഞ്ചലിക്കൽ മെഡിക്കൽ സെന്ററിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു.
ഇതിൽ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും, ഒരു വയസിൽ താഴെ മാത്രം പ്രായമുള്ള 'ഷേരി' എന്ന പെൺകുഞ്ഞ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുട്ടികളിൽ പടരുന്ന അപൂർവ ഇനം 'ബുന്ദിബുഗ്യോ' വൈറസ്നിലവിലെ എബോള വ്യാപനത്തിൽ രോഗബാധിതരാകുന്നവരിൽ അഞ്ചിലൊന്ന് (17 ശതമാനം) കുട്ടികളാണെന്ന് യുഎൻ ശിശുക്ഷേമ സംഘടനയായ യുനിസെഫ് വ്യക്തമാക്കുന്നു.
ആഫ്രിക്കയിൽ മുൻപ് ഉണ്ടായ എബോള വ്യാപനത്തേക്കാൾ രൂക്ഷമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന മുന്നറിയിപ്പ്.
അപൂർവ ഇനത്തിൽപ്പെട്ട 'ബുന്ദിബുഗ്യോ' എന്ന വൈറസ് സ്ട്രെയിൻ ആണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള വാക്സിനുകളോ കൃത്യമായ ചികിത്സയോ നിലവിലില്ലാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്.
മുതിർന്നവരെ അപേക്ഷിച്ച് ചെറിയ കുട്ടികളിൽ എബോള മാരകമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.










0 comments