ad
Deshabhimani

യുപിയിലെ ഈ ഗ്രാമത്തിൽ യുവാക്കൾക്ക് പെണ്ണില്ല; കാരണം ജോലിയോ സ്ത്രീധനമോ അല്ല

WATER CRIRIS
വെബ് ഡെസ്ക്

Published on Jun 11, 2026, 11:45 AM | 3 min read

മഹോബ: ഉത്തർപ്രദേശിലെ മഹോബ ജില്ലയിലുള്ള മുധാര ഗ്രാമത്തിലെ യുവാക്കൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ജോലിയോ സ്ത്രീധനമോ ഒന്നുമല്ല, മറിച്ച് തങ്ങളുടെ ഗ്രാമത്തിലെ കടുത്ത കുടിവെള്ള ക്ഷാമമാണ്. ഗ്രാമത്തിലെ ഓരോ വീട്ടിലും പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിച്ചുവെന്ന സർക്കാർ വാദങ്ങൾ നിലനിൽക്കെയാണ്, കോടികൾ ചിലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയിലൂടെ തങ്ങൾക്ക് ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ലെന്ന ആരോപണവുമായി ഗ്രാമവാസികൾ രംഗത്തെത്തിയിരിക്കുന്നത്.


ബുന്ദേൽഖണ്ഡിന്റെ വരണ്ട ഭൂപ്രകൃതിയിൽ പെടുന്ന മുധാര ഗ്രാമത്തിലെ ജനങ്ങളുടെ ഓരോ ദിവസവും ആരംഭിക്കുന്നത് വെള്ളത്തിനായുള്ള നെട്ടോട്ടത്തോടെയാണ്. കുട്ടികളും പ്രായമായവരും സ്ത്രീകളുമടങ്ങുന്ന വലിയൊരു ജനവിഭാഗം മണിക്കൂറുകളാണ് വെള്ളം ശേഖരിക്കാനായി മാത്രം തെരുവിൽ ചിലവഴിക്കുന്നത്. കടുത്ത കുടിവെള്ള ക്ഷാമം ഗ്രാമത്തിലെ ഡസൻകണക്കിന് യുവാക്കളുടെ വിവാഹ സ്വപ്നങ്ങളെയാണ് തല്ലിക്കെടുത്തിയിരിക്കുന്നത്.


വിവാഹപ്രായമെത്തിയ നാൽപ്പതോളം യുവാക്കളാണ് നിലവിൽ ഗ്രാമത്തിലുള്ളത്. എന്നാൽ ഈ ഗ്രാമത്തിലേക്ക് തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചയയ്ക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. വിവാഹ ആലോചനകളുമായി മറ്റ് ഗ്രാമങ്ങളിലെ കുടുംബങ്ങളെ സമീപിക്കുമ്പോൾ, മുധാര ഗ്രാമത്തിലെ വെള്ളമില്ലാത്ത അവസ്ഥയെക്കുറിച്ചാണ് അവർ ആദ്യം ചോദിക്കുന്നത്. "ഞങ്ങളുടെ മകൾ അവിടെ വന്നാൽ എത്രമാത്രം വെള്ളം ചുമക്കേണ്ടി വരും?" എന്ന ചോദ്യത്തോടെ പലരും ആലോചനകൾ തുടക്കത്തിലേ വേണ്ടെന്ന് വെക്കുന്നു.


കോടികൾ പൊടിച്ചിട്ടും പൈപ്പുകൾ വരണ്ടുതന്നെ


കേന്ദ്ര സർക്കാരിന്റെ 'നമാമി ഗംഗെ' (Namami Gange) പദ്ധതിയുടെ ഭാഗമായി രണ്ട് വർഷം മുൻപ് ഗ്രാമത്തിൽ പൈപ്പ് ലൈനുകളും വലിയ വാട്ടർ ടാങ്കും സ്ഥാപിച്ചിരുന്നു. പദ്ധതിയുടെ ട്രയൽ റൺ നടത്തിയ സമയത്ത് ഒരു തവണ പൈപ്പിലൂടെ വെള്ളം വന്നിരുന്നുവെങ്കിലും അതിനുശേഷം ഇന്നുവരെ തങ്ങളുടെ വീടുകളിലെ പൈപ്പുകളിൽ വെള്ളം എത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോടികൾ ചിലവഴിച്ച് നിർമ്മിച്ച ഈ അടിസ്ഥാന സൗകര്യങ്ങൾ അധികൃതരുടെ പൊള്ളയായ വാഗ്ദാനങ്ങളുടെ പ്രതീകമായി ഇന്ന് ഗ്രാമത്തിൽ അവശേഷിക്കുകയാണ്.

കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാ​ഗമായി നിർമ്മിച്ച വാട്ടർ ടാങ്ക് ട്രയൽ റൺ നടത്തി കൃത്യം ഒരു ദിവസം കഴിഞ്ഞപ്പോൾത്തന്നെ തകർന്നു വീണിരുന്നുവെന്ന വാർത്തകളും വന്നിരുന്നു. ഇതാണ് ഇവിടുത്തെ കുടിവെള്ള ക്ഷാമത്തിന് അറുതി വരാതിരിക്കാൻ കാരണങ്ങളിലൊന്ന്.



രണ്ടായിരത്തിലധികം ആളുകൾ താമസിക്കുന്ന ഗ്രാമത്തിൽ ആകെയുള്ളത് മൂന്ന് ഹാൻഡ് പമ്പുകളും ഒരു ക്ഷേത്രത്തിന് സമീപമുള്ള കിണറും മാത്രമാണ്. ഇതിൽ രണ്ട് ഹാൻഡ് പമ്പുകളിലെ വെള്ളം ഉപ്പുരസമുള്ളതും കുടിക്കാൻ ഒട്ടും യോഗ്യമല്ലാത്തതുമാണ്. തൽഫലമായി, ഗ്രാമത്തിന് പുറത്തുള്ള ഒരേയൊരു ഹാൻഡ് പമ്പാണ് ഇവിടുത്തെ അയ്യായിരത്തോളം വരുന്ന ജനങ്ങളുടെ ഏക ആശ്രയം. പുലർച്ചെ മുതൽ രാത്രി വൈകും വരെ ഈ പമ്പിന് മുന്നിൽ വലിയ ക്യൂവാണ് കാണാനാകുന്നത്.


ഗ്രാമത്തിലെ സ്ത്രീകൾക്ക് വെള്ളം ചുമക്കൽ എന്നത് ജീവിതകാലം മുഴുവൻ ചെയ്യേണ്ടി വരുന്ന ഒരു ദിനചര്യയായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഈ ദുരിതം അടുത്ത തലമുറയിലേക്കും പകർന്നിരിക്കുന്നു. സ്കൂളിൽ പോകുന്നതിന് മുൻപും ശേഷവും കുട്ടികൾ വെള്ളം ശേഖരിക്കാൻ അമ്മമാരെ സഹായിക്കേണ്ടി വരുന്നത് അവരുടെ പഠനത്തെയും ദൈനംദിന ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. കടുത്ത വേനൽക്കാലമാകുന്നതോടെ ഭൂഗർഭ ജലനിരപ്പ് താഴുകയും ബുന്ദേൽഖണ്ഡ് മേഖലയിലെ താപനില ഉയരുകയും ചെയ്യുന്നതോടെ ബുദ്ധിമുട്ട് ഇരട്ടിയാകും.


കടുത്ത കുടിവെള്ള ക്ഷാകം ഗ്രാമത്തിലെ സാമൂഹിക ആചാരങ്ങളെപ്പോലും മാറ്റിമറിച്ചിരിക്കുകയാണ്. ഗ്രാമത്തിൽ വിവാഹങ്ങളോ മറ്റ് കുടുംബ ചടങ്ങുകളോ നടന്നാൽ വലിയ തുക ചിലവഴിച്ച് പുറത്തുനിന്ന് വാട്ടർ ടാങ്കറുകൾ എത്തിക്കേണ്ടി വരുന്നു. ഗ്രാമത്തിലെത്തുന്ന അതിഥികൾക്കോ ബന്ധുക്കൾക്കോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഉള്ള വെള്ളം പോലും വീട്ടുകാർക്ക് നൽകാൻ കഴിയാറില്ല. പലപ്പോഴും അതിഥികൾക്ക് സമീപത്തെ കുളങ്ങളെയോ പഴയ കിണറുകളെയോ ആശ്രയിക്കേണ്ടി വരുന്നത് തങ്ങൾക്ക് വലിയ നാണക്കേടുണ്ടാക്കുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.


തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിച്ചെത്തുന്ന ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ പിന്നീട് തങ്ങളുടെ പ്രശ്നം അന്വേഷിച്ച് ഈ വഴിക്ക് വരാറില്ലെന്ന് ഗ്രാമവാസികൾ കുറ്റപ്പെടുത്തുന്നു. ആവർത്തിച്ച് പരാതികൾ നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.


രേഖകളിൽ മുധാര ഗ്രാമം കുടിവെള്ള പദ്ധതിയുമായി ബന്ധിപ്പിച്ചതായി കാണിക്കുന്നുണ്ടെങ്കിലും, യാഥാർത്ഥ്യത്തിൽ തങ്ങൾ ഇപ്പോഴും കത്തുന്ന വെയിലിൽ ഒരു കുടം വെള്ളത്തിനായി മണിക്കൂറുകളോളം ക്യൂ നിൽക്കുകയാണെന്ന് നാട്ടുകാർ രോഷത്തോടെ പറയുന്നു. വലിയ കാര്യങ്ങളൊന്നും തങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും, കുടിക്കാൻ കുറച്ച് ശുദ്ധജലം മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും നേതാക്കൾ ഒരു ദിവസമെങ്കിലും ഈ ഗ്രാമത്തിൽ വന്ന് ജീവിച്ചാൽ തങ്ങളുടെ ദുരിതം മനസ്സിലാകുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home