ആയിരകണക്കിന് ഇന്ത്യൻ നാവിക തൊഴിലാളികൾ ആശങ്കയിൽ
യുഎസ് ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ വെച്ച് ഇറാൻ എണ്ണക്കപ്പലിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
സംഭവത്തെത്തുടർന്ന് ന്യൂഡൽഹിയിലെ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജേസൺ മീക്സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ജൂൺ 9-ന് രാത്രി 11:14-നാണ് പലാവു പതാക ഘടിപ്പിച്ച 'എം/ടി സെറ്റെബെല്ലോ' എന്ന വാണിജ്യ കപ്പലിന് നേരെ യു.എസ്. സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള സമുദ്ര ഉപരോധം ലംഘിച്ച് എണ്ണ കടത്തുകയായിരുന്നു എന്നാണ് ന്യായീകരണം. യുദ്ധവിമാനം കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് കൃത്യതയാർന്ന മിസൈൽ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ ഔദ്യോഗിക അവകാശവാദം.
തൊട്ടടുത്ത ദിവസങ്ങളിൽ അമേരിക്ക നടത്തുന്ന രണ്ടാമത്തെ സമാന ആക്രമണമാണ്. ജൂൺ 8-ന് 'എം/ടി മാരിവെക്സ്' എന്ന മറ്റൊരു കപ്പലിന് നേരെയും അമേരിക്ക ആക്രമണം നടത്തിയിരുന്നു. ആ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതമായി രക്ഷപെട്ടു. ഗൾഫ് ഓഫ് ഒമാൻ, ഹോർമുസ് കടലിടുക്ക് എന്നീ മേഖലകളിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ, ഈ റൂട്ടുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക വര്‍ധിച്ചു.










0 comments