ad
Deshabhimani

24 മണിക്കൂറും ഓഫീസിൽ, തറയിൽ കിടത്തം, ഒടുവിൽ ഒന്നും പറയാതെ പിരിച്ചുവിട്ടു; സ്റ്റാർട്ടപ്പ് കമ്പനിക്കെതിരെ യുവതി

WORKSPACE

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 11, 2026, 01:42 PM | 2 min read

ന്യൂഡൽഹി: ഒരു മാസം മുഴുവൻ ഓഫീസ് തറയിൽ കിടന്നുറങ്ങി കഠിനമായി ജോലി ചെയ്ത ജീവനക്കാരെ യാതൊരു മുന്നറിയിപ്പും നൽകാതെ പിരിച്ചുവിട്ട് ഐടി സ്റ്റാർട്ടപ്പ് കമ്പനി. കഴിഞ്ഞ വർഷം മാത്രം കോളേജ് പഠനം കഴിഞ്ഞിറങ്ങിയ പുതിയ ജീവനക്കാരോട് കമ്പനി 'ചവറ്റുകുട്ടയോട്' എന്നതുപോലെയാണ് പെരുമാറിയതെന്ന് ടീമിലുണ്ടായിരുന്ന ഒരു വനിതാ ടെക്കി റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ കുറിപ്പ് ഐടി മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.


24 മണിക്കൂറും ജോലി; കിടക്കാൻ സ്ലീപ്പിങ് ബാഗ്


കംപ്യൂട്ടർ വിഷൻ, എഐ (AI) വിന്യാസങ്ങളുമായി ബന്ധപ്പെട്ട പ്രോജക്ടിനായി മെയ് മാസം മുഴുവൻ അതികഠിനമായ സമ്മർദ്ദത്തിലാണ് ടീം ജോലി ചെയ്തത്. ഡെഡ്‌ലൈനുകൾ ഓരോന്നായി നീട്ടിക്കൊടുത്തതോടെ ജീവനക്കാരോട് 24 മണിക്കൂറും ജോലി ചെയ്യാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടു. വീട്ടിൽ പോകാൻ പോലും അനുവദിക്കാതെ ഓഫീസിലെ തറയിൽ കിടന്നുറങ്ങാൻ കമ്പനി ഇവർക്ക് സ്ലീപ്പിങ് ബാഗുകൾ നൽകി. പലരും തുടർച്ചയായി നിരവധി രാത്രികളാണ് ഓഫീസിൽ ചിലവഴിച്ചത്.


ഓഫീസിൽ കുളിക്കാനോ മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കോ ഉള്ള കൃത്യമായ സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ല. ഒരു സ്ത്രീ എന്ന നിലയിൽ തികച്ചും വൃത്തിഹീനവും പ്രൊഫഷണലല്ലാത്തതുമായ സാഹചര്യം തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചതായി യുവതി പറയുന്നു.


ഇത്രയൊക്കെ ത്യാഗം സഹിച്ചിട്ടും പ്രോജക്റ്റിൽ ഒരു വലിയ പരാജയം സംഭവിച്ചതോടെ മാനേജ്മെന്റ് അതിന്റെ മുഴുവൻ കുറ്റവും ജൂനിയർ എഞ്ചിനീയർമാരുടെ തലയിൽ കെട്ടിവെക്കുകയായിരുന്നു. തുടർന്ന് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകി ഇവരെ മാറ്റിനിർത്തി.


പിന്നീട് യാതൊരുവിധ മുൻകൂർ നോട്ടീസോ, കാരണം കാണിക്കൽ നോട്ടീസോ, പിഐപി (Performance Improvement Plan) നടപടികളോ ഇല്ലാതെ എല്ലാവരെയും വാക്കാൽ പിരിച്ചുവിടുകയായിരുന്നു. ഔദ്യോഗികമായി യാതൊരു രേഖകളും നൽകാതിരുന്ന കമ്പനി, ജീവനക്കാരുടെ അതുവരെയുള്ള ശമ്പളം തടഞ്ഞുവെക്കുമെന്നും പ്രഖ്യാപിച്ചു. പിരിച്ചുവിട്ടതിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ, ഔദ്യോഗികമായി ടെർമിനേഷൻ ലെറ്റർ നൽകിയാൽ അത് ജീവനക്കാരുടെ ഭാവി റെക്കോർഡിനെ ബാധിക്കുമെന്ന ഭീഷണിയാണ് മാനേജ്മെന്റ് ഉയർത്തിയത്.


തങ്ങളുടെ ജോലി നിലയെക്കുറിച്ചും ഫുൾ ആൻഡ് ഫൈനൽ സെറ്റിൽമെന്റിനെക്കുറിച്ചും ചോദിച്ച് കമ്പനിക്ക് മെയിൽ അയച്ചിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും, തങ്ങളെപ്പോലെയുള്ള ഫ്രഷേഴ്സ് സ്റ്റാർട്ടപ്പുകളിൽ കയറുമ്പോൾ എല്ലാ കാര്യങ്ങളും കൃത്യമായി ഡോക്യുമെന്റ് ചെയ്തുവെക്കണമെന്നും യുവതി കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.


പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള രോഷമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത് തൊഴിൽ നിയമങ്ങളുടെ ലംഘനം മാത്രമല്ല, കടുത്ത മാനസിക പീഡനം കൂടിയാണെന്ന് ആളുകൾ കുറ്റപ്പെടുത്തുന്നു. കമ്പനിക്കെതിരെ ലേബർ കോടതിയെ സമീപിക്കണമെന്നും, മാനസിക പീഡനത്തിനും സുരക്ഷിതമല്ലാത്ത തൊഴിലന്തരീക്ഷം സൃഷ്ടിച്ചതിനും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും നിരവധി പേർ കമന്റ് ചെയ്തു. തൊഴിലിടങ്ങളിലെ ഇത്തരം അടിമപ്പണികൾക്കെതിരെ തുടക്കത്തിലേ പ്രതികരിക്കാൻ യുവതലമുറ തയ്യാറാകണമെന്നും സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home