പൊതുസ്ഥലത്ത് തുപ്പിയത് ചോദ്യം ചെയ്തു: താനെയിൽ വയോധികന് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദനം

മുംബൈ: പൊതുവഴിയിൽ തുപ്പരുതെന്ന് ആവശ്യപ്പെട്ട വൃദ്ധനെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദിച്ചു. മഹാരാഷ്ട്രയിലെ താനെയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. താനെ വെസ്റ്റ് ജൂപ്പിറ്റർ ആശുപത്രിക്ക് സമീപം താമസിക്കുന്ന സരോജ് ദസ്തൂർ (75) എന്ന വയോധികനാണ് അക്രമത്തിനിരയായത്.
മർദനത്തിൽ ഇദ്ദേഹത്തിന്റെ കാലിന് ഒടിവുണ്ടായി. സംഭവത്തിൽ നാൽപ്പതുകാരനായ ഓട്ടോ ഡ്രൈവർ നിഷാന്ത് ശുക്ലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന സരോജ് ദസ്തൂർ, റോഡിൽ തുടർച്ചയായി വായ കഴുകി തുപ്പുകയായിരുന്ന ഡ്രൈവറുടെ നടപടിയെ ചോദ്യം ചെയ്യുകയായിരുന്നു.
പൊതുസ്ഥലം മലിനമാക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഡ്രൈവർ വയോധികനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മാരകമായി ആക്രമിക്കുകയുമായിരുന്നു. ദസ്തൂറിനെ നിലത്തേക്ക് തള്ളിയിട്ട പ്രതി, വലിയ കല്ലെടുത്ത് എറിയുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്.
തുപ്പിയത് ചോദ്യം ചെയ്തതിന് വയോധികനെ കല്ലെറിഞ്ഞും തള്ളിയിട്ടും പരിക്കേൽപ്പിച്ച സംഭവം സാംസ്കാരിക കേരളത്തിനടക്കം വൻ ഞെട്ടലുണ്ടാക്കുന്നതാണ്. പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്താൻ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിർദ്ദേശം നൽകിയിട്ടുണ്ട്.










0 comments