ad
Deshabhimani

സംസ്‌കൃത സർവകലാശാലയിൽ സോഷ്യൽ വർക്കിൽ ബിരുദം

Kalady Sree Sankaracharya University of Sanskrit
വെബ് ഡെസ്ക്

Published on Jun 11, 2026, 03:25 PM | 2 min read

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലും തിരൂർ, പയ്യന്നൂർ പ്രാദേശിക കാമ്പസുകളിലും നാല് വർഷ ബിഎസ്ഡബ്ല്യൂ പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവാ തത്തുല്ല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് (രണ്ട് വർഷം) അപേക്ഷിക്കാം. നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് ലാറ്ററൽ എൻട്രി അനുവദനീയമാണ്. മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയിട്ടുളളവർക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഈ നാല് വർഷ ബിരുദ പ്രോഗ്രാമിലേയ്ക്ക് സർവകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസ് ജനറൽ / എസ്ഇബിസി വിദ്യാർഥികൾക്ക് ഓരോ പ്രോഗ്രാമിനും 60 രൂപയും എസ്‍സി / എസ്ടി വിദ്യാർഥികൾക്ക് ഓരോ പ്രോഗ്രാമിനും 30 രൂപയുമാണ്. ബിഎസ്ഡബ്ല്യൂ പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറൽ / എസ്ഇബിസി വിദ്യാർഥികൾക്ക് ജനുവരി ഒന്നിന് 23 വയസും എസ്‍സി / എസ്ടി വിദ്യാർഥികൾക്ക് 25 വയസുമാണ്‌.


സ്പെഷ്യലൈസേഷനുകൾ


മെഡിക്കൽ ആൻഡ് സൈക്യാട്രി, ഫാമിലി ആൻഡ് ചൈൽഡ് ഡെവലപ്മെന്റ്, റിസോഴ്സ് മാനേജ്മെന്റ്, കോർപറേറ്റ് സോഷ്യൽ റെസ്‍പോൺസിബിലിറ്റി(സിഎസ്ആ‍ർ), ക്രിമിനോളജി, ഡിസാസ്റ്റർ മാനേജ്മെന്റ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, സോഷ്യൽ ഒൻട്രപ്രണർഷിപ്പ് എന്നിവയാണ് സോഷ്യൽ വർക്കിലെ പ്രധാന സ്പെഷ്യലൈസേഷനുകൾ. പി ജി തലത്തിലാണ് സ്പെഷ്യലൈസേഷനുകൾ നിലവിലുള്ളത്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പുതിയതായി ആരഭിക്കുന്ന നാല് വർഷ ബിഎസ്ഡബ്ല്യു പ്രോഗ്രാമിൽ നാല് സ്പെഷ്യലൈസേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാമിലി സോഷ്യൽ വർക്ക്, ഹെൽത്ത് സോഷ്യൽ വർക്ക്, ഡെവലപ്മെൻറ് സോഷ്യൽ വർക്ക്, ലേബർ വെൽഫെയർ & ഇൻഡസ്ട്രിയൽ സോഷ്യൽ വർക്ക് എന്നിവയാണവ.


തൊഴിൽ സാധ്യതകൾ


സന്നദ്ധ സർക്കാർ ഏജൻസികളിലും പൊതുമേഖല സ്ഥാപനങ്ങളിലും കോർപറേറ്റ് കമ്പനികളിലും സ്കൂൾ – കോളേജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം സോഷ്യൽ വർക്കിൽ ബിരുദ – ബിരുദാനന്തര ബിരുദം നേടിയവർക്ക് അവസരമുണ്ട്. സോഷ്യൽ വർക്കിൽ യോഗ്യത നേടിയവർക്ക് സർക്കാരിതര ക്ഷേമസംഘടനകളിലും കോർപറേറ്റ് സ്ഥാപനങ്ങളിലും വെൽഫെയർ ഓഫീസർ അല്ലെങ്കിൽ സമാന തസ്തകകളിൽ നിയമനം ലഭിക്കും. ക്രിമിനോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, ഫാമിലി വെൽഫെയർ ഓഫീസർ, ചൈൽഡ് വെൽഫെയർ ഓഫീസർ എന്നീ ജോലികളും സോഷ്യൽ വർക്ക് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വനിത – ശിശു വികസന, സാമൂഹ്യനീതി വകുപ്പുകൾ, കുടുംബശ്രീ, മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, എൻ. ആർ. എച്ച്. എം., ഡി-അഡിക്ഷൻ കേന്ദ്രങ്ങൾ, കുടുംബ കോടതികൾ, വൃദ്ധസദനങ്ങൾ, സ്പെഷ്യൽ സ്കൂളുകൾ, ഭിന്നശേഷി പുനരധിവാസ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ, ക്രൈസിസ് മാനേജ്മെൻറ് യൂണിറ്റുകൾ, ഡിസാസ്റ്റർ മാനേജ്മെൻറ്, ഗ്രാമീണ വിദ്യാഭ്യാസ – വികസന ഏജൻസികൾ, ആരോഗ്യ സേവന സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളിലും തൊഴിൽ സാധ്യത ഏറെയാണ്.


വിദേശത്ത് അവസരങ്ങൾ


യൂണൈറ്റഡ് നേഷൻസി (യുഎൻ)ന് കീഴിലുളള വിവിധ സംഘടനകളിൽ സോഷ്യൽ വർക്ക് പ്രൊഫഷണലുകൾക്ക് അനേകം തൊഴിലവസരങ്ങളുണ്ട്. വളരെയധികം വിദേശ കുടിയേറ്റ സാധ്യതയുളള പഠന മേഖലയാണ് സോഷ്യൽ വർക്ക്. വിദേശ രാജ്യങ്ങളിൽ സോഷ്യൽ വർക്കറായി ജോലി ചെയ്യുവാൻ ലൈസൻസ് ആവശ്യമാണ്. ഈ രാജ്യങ്ങളിലെ നിയമനടപടികൾ പ്രകാരം ഓരോ വർഷവും ലൈസൻസ് എടുക്കുകയും പുതുക്കുകയും ചെയ്യാം. ബിഎസ്ഡബ്ല്യൂവിന് ശേഷമാണ് എംഎസ്ഡബ്ല്യൂ എടുക്കുന്നതെങ്കിൽ ഇന്റേൺഷിപ്പ് കാലയളവിലെ പരിചയം കണക്കിലെടുത്ത് ജോലി പരിചയം ഇല്ലാതെ തന്നെ പല വിദേശ രാജ്യങ്ങളും(ഐ ഇ എൽ ടി എസ്. യോഗ്യതയുണ്ടെങ്കിൽ) തൊഴിൽ വിസ നൽകുന്നുണ്ട്.


ഓൺലൈൻ അപേക്ഷകൾ ജൂൺ 15വരെ


സർവകലാശാല വെബ്സൈറ്റ് (https://ug.ssus.ac.in/) വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15. പ്രൊസ്പെക്ടസ് സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്കും പ്രോസ്പക്ടസിനും ഓൺലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home