ad
Deshabhimani

യുഎസും ഇറാനും തമ്മിൽ വീണ്ടും മിസൈൽ ആക്രമണം; മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി

Missile

ബഹ്‌റൈനിൽ വാഹനങ്ങൾ തകർന്ന നിലയിൽ|Photo: Bahrain Interior Ministry/X

വെബ് ഡെസ്ക്

Published on Jun 11, 2026, 01:36 PM | 2 min read

തെഹ്‌റാൻ : ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് യുഎസും ഇറാനും തമ്മിൽ മിഡിൽ ഈസ്റ്റിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ ആക്രമണം നടത്തി. സ്ഥിരമായ സമാധാന കരാറിലെത്താൻ ഇറാൻ വൈകുകയാണെന്നും യുഎസ് സൈന്യം ശക്തമായി തിരിച്ചടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം.


യുഎസ് ആക്രമണത്തിന് മറുപടിയായി മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തുടർച്ചയായ രണ്ടാം ദിവസവും ഇറാൻ്റെ ആക്രമണമുണ്ടായി. ഇതിനുപുറമെ, ജോർദാനിലെ മുവഫഖ് സാൽറ്റി എയർബേസിലുള്ള യുഎസ് കമാൻഡ് സെന്ററിന് നേരെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തിൽ നിരവധി യുഎസ് യുദ്ധവിമാനങ്ങളും മറ്റ് സൗകര്യങ്ങളും തകർന്നതായി ഇറാൻ അവകാശപ്പെട്ടു.


ബഹ്‌റൈൻ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവച്ചിട്ട ഇറാൻ ഡ്രോണിന്റെ തകർന്ന ഭാഗങ്ങൾ പതിച്ച് തലസ്ഥാനമായ മനാമയിലും ഹമദ് ടൗണിലും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ 11 വയസുകാരിക്ക് പരിക്കേറ്റതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ ശത്രുതാപരമായ ലക്ഷ്യങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി കുവൈറ്റ് സൈന്യം വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ട വ്യോമാതിർത്തി കുവൈറ്റ് പുനഃസ്ഥാപിച്ചു.


അതേസമയം, ഇറാന്റെ തലസ്ഥാനമായ തെഹ്‌റാൻ, തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, ഹോർമുസ് കടലിടുക്കിന് സമീപമുള്ള തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടു. ഈ തന്ത്രപ്രധാനമായ കപ്പൽപ്പാത എല്ലാത്തരം കപ്പലുകൾക്കുമായി പൂർണമായും അടച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, വാണിജ്യ കപ്പലുകൾ ഇപ്പോഴും ഹോർമുസ് കടലിടുക്കിലൂടെ സർവീസ് നടത്തുന്നുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. കപ്പൽപ്പാത അടച്ചെന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണവില 2 ശതമാനം വർധിച്ച് ബാരലിന് 95 ഡോളറിലെത്തി.


സമാധാന ചർച്ചകൾക്ക് ഇറാൻ തയ്യാറാകാത്ത പക്ഷം വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. എന്നാൽ ഏതൊരു സമ്മർദ്ദത്തിനും ഭീഷണിക്കും മുന്നിൽ ഇറാൻ ഉറച്ചുനിൽക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രതികരിച്ചു. യുഎസ് പരസ്പരവിരുദ്ധമായ സന്ദേശങ്ങൾ അയച്ച് നയതന്ത്ര പ്രക്രിയയെ തകർക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയവും കുറ്റപ്പെടുത്തി. ഈ ആഴ്ച ആദ്യം യുഎസ് ഹെലികോപ്റ്റർ തകർന്നുവീണതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായത്. മിഡിൽ ഈസ്റ്റ് കൂടുതൽ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും എല്ലാ കക്ഷികളും ആക്രമണങ്ങൾ അവസാനിപ്പിച്ച് നയതന്ത്രപരമായ പരിഹാരത്തിനായി ശ്രമിക്കണമെന്നും യുഎൻ ജനറൽ സെക്രട്ടറി അന്തോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home