ഇഗ്നോ പിഎച്ച്ഡി പ്രവേശനം: ജൂലൈ സെഷനിലേക്ക് ജൂലൈ 1 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജൂലൈ 2026 അക്കാദമിക് സെഷനിലെ പിഎച്ച്ഡി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സർവ്വകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടൽ വഴി ജൂലൈ 1 വരെ അപേക്ഷ സമർപ്പിക്കാം.
ജൂൺ 10 മുതലാണ് ഓൺലൈൻ രജിസ്ട്രേഷൻ വിൻഡോ തുറന്നത്. സൈക്കോളജി, ആന്ത്രോപോളജി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബയോകെമിസ്ട്രി, കെമിസ്ട്രി എന്നിവയുൾപ്പെടെ വിവിധ സ്കൂളുകൾക്ക് കീഴിലുള്ള 36 ഓളം വിഷയങ്ങളിലാണ് ഇത്തവണ പിഎച്ച്ഡി ഗവേഷണത്തിന് അവസരമൊരുക്കിയിരിക്കുന്നത്. പ്രവേശന വിഭാഗങ്ങൾ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ 2022-ലെ പിഎച്ച്ഡി ചട്ടങ്ങൾ കർശനമായി പാലിച്ചായിരിക്കും ഇഗ്നോയിലെ പ്രവേശന നടപടികൾ.
യുജിസി-നെറ്റ് വിത്ത് ജെആർഎഫ് (UGC-NET with JRF) യോഗ്യതയുള്ളവർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കും പിഎച്ച്ഡി പ്രവേശനത്തിനും ഒരുപോലെ യോഗ്യത നേടിയ യുജിസി-നെറ്റ് (UGC-NET) ഉദ്യോഗാർത്ഥികൾ, പിഎച്ച്ഡി പ്രവേശനത്തിന് മാത്രം യോഗ്യത നേടിയ യുജിസി-നെറ്റ് ഉദ്യോഗാർത്ഥികൾ, നെറ്റ് യോഗ്യതയില്ലാത്തവർക്കായി സർവ്വകലാശാല നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷ എഴുതുന്നവർ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പ്രവേശന നടപടികളുടെ ഭാഗമായി ഇന്റർവ്യൂ അല്ലെങ്കിൽ വൈവ നിർബന്ധമാണ്. എന്നാൽ ജെആർഎഫ് അല്ലെങ്കിൽ നെറ്റ് യോഗ്യതയുള്ളവരെ പ്രവേശന പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവർ നേരിട്ട് ഇന്റർവ്യൂ ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും.
പ്രവേശന പരീക്ഷ എഴുതുന്നവർക്ക് എഴുത്തുപരീക്ഷയ്ക്ക് 70 ശതമാനവും ഇന്റർവ്യൂവിന് 30 ശതമാനവുമായിരിക്കും വെയ്റ്റേജ്. ഫുൾ ടൈം, പാർട്ട് ടൈം രീതികളിൽ പിഎച്ച്ഡി ചെയ്യാൻ ഇഗ്നോയിൽ അവസരമുണ്ട്. എന്നാൽ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഗവേഷകരും തങ്ങളുടെ നിശ്ചിത കോഴ്സ് വർക്ക് ന്യൂഡൽഹിയിലുള്ള ഇഗ്നോ ആസ്ഥാനത്ത് വെച്ച് തന്നെ പൂർത്തിയാക്കേണ്ടതാണെന്ന് സർവ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.
കോഴ്സ് വർക്ക് കാലയളവിൽ ഗവേഷകർക്ക് കുറഞ്ഞത് 80 ശതമാനം ഹാജർ നിർബന്ധമാണ്. താല്പര്യമുള്ളവർ ഇഗ്നോയുടെ ഔദ്യോഗിക പിഎച്ച്ഡി അഡ്മിഷൻ പോർട്ടലായ ignou-phd.samarth.edu.in സന്ദർശിച്ച് 'New Registration' വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. എല്ലാ വിഭാഗം ഉദ്യോഗാർത്ഥികൾക്കും ₹2,000 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലയുടെ പ്രധാന വെബ്സൈറ്റ് സന്ദർശിക്കുക.










0 comments