കാൽപ്പന്തുത്സവം; 2026 ലോകകപ്പിലെ വമ്പന്മാരും കറുത്ത കുതിരകളും

ജ്യോതിസ് [email protected]
Published on Jun 11, 2026, 11:44 AM | 5 min read
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലായി വിരുന്നെത്തിയിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ആവേശം ഇതിനകം ഫുട്ബോൾ ആരാധകരുടെ സിരകളിൽ ഒഴുകിത്തുടങ്ങിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഈ മഹാമേള, തന്ത്രങ്ങളും പോരാട്ടവീര്യവും കൊണ്ട് അവിസ്മരണീയമാകുമെന്ന് ഉറപ്പാണ്.
ഫുട്ബോൾ പ്രവചനാതീതമാണ്. പച്ചപ്പുൽ മൈതാനത്ത് നിമിഷങ്ങൾക്കൊണ്ട് ഏത് വമ്പനും വീഴാം, ഏതു കുഞ്ഞനും കുതിക്കാം. ചരിത്രം വഴിമാറാം, തിരുത്തിയെഴുതപ്പെടാം, പുതിയവ സൃഷ്ടിക്കപ്പെടാം. എങ്കിലും, ടീമുകളുടെ പാരമ്പര്യവും പരിശീലകരുടെയും കളിക്കാരുടെയും മികവും, കളി മൈതാനങ്ങളുടെ പ്രത്യേകതകളും കാലാവസ്ഥയും, ടീമിന്റെ ശാരീരിക- മാനസിക ക്ഷമതയും സമീപകാല പ്രകടനങ്ങളും ആധാരമാക്കിയെടുത്ത് ലോകകപ്പിന്റെ ഗതിവിഗതികൾ നമുക്കൊന്ന് പരിശോധിക്കാം.
ഗ്രൂപ്പ് പോരാട്ടങ്ങൾ

ഗ്രൂപ്പ് എ: മെക്സിക്കൻ അപാരതയും കൊറിയയുടെ സമചിത്തതയും
ഹാവിയർ അഗീറെ എന്ന തന്ത്രശാലിയായ പരിശീലകന് കീഴിലിറങ്ങുന്ന ആതിഥേയരായ മെക്സിക്കോ തന്നെയാണ് എ ഗ്രൂപ്പിലെ പ്രധാന ആകർഷണം. എഡ്സൺ അൽവാരസിനെപ്പോലുള്ള താരങ്ങളുടെ കരുത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ അവർ അതിശക്തരായിരിക്കും. എന്നാൽ, സ്ട്രൈക്കർ സോൺ ഹ്യൂങ്മിൻ എന്ന കുന്തമുനയുമായി എത്തുന്ന ദക്ഷിണ കൊറിയ (കോച്ച്: ഹോങ് മ്യുങ്-ബോ) അവരെ വിറപ്പിക്കാൻ കെൽപ്പുള്ളവരാണ്. പെഴ്സി താവുവിന്റെ സാന്നിധ്യമുള്ള ദക്ഷിണാഫ്രിക്ക (കോച്ച്: ഹ്യൂഗോ ബ്രൂസ്), പാട്രിക് ഷിക്ക് ഉൾപ്പെടുന്ന ചെക്ക് റിപ്പബ്ലിക് (കോച്ച്: മിറോസ്ലാവ് കൗബെക്ക്) എന്നിവരും കൂടി ചേരുമ്പോൾ പോരാട്ടം കടുക്കും. നിലവിലെ ഫോം വെച്ച് മെക്സിക്കോയും ഏഷ്യൻ കരുത്തരായ കൊറിയയും നോക്കൗട്ട് ടിക്കറ്റ് ഉറപ്പിക്കാനാണ് സാധ്യത.

ഗ്രൂപ്പ് ബി: സ്വിസ്സ് സ്ഥിരതയും കാനഡയുടെ തിണ്ണമിടുക്കും
വലിയ ടൂർണമെന്റുകളിൽ എപ്പോഴും അച്ചടക്കത്തോടെ കളിക്കുന്ന ഗ്രാനിറ്റ് ഷാക്ക നയിക്കുന്ന സ്വിറ്റ്സർലൻഡാണ് (മുറാത്ത് യാക്കിൻ) ഇവിടെ ഫേവറിറ്റുകൾ. എന്നാൽ, ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും അൽഫോൻസോ ഡേവിസിന്റെ അതിവേഗ കുതിപ്പുകളുമുള്ള കാനഡ (ജെസ്സി മാർഷ്) ഒട്ടും പിന്നിലല്ല. പരിചയസമ്പന്നനായ എഡിൻ ഡെക്കോയുടെ ബോസ്നിയ, അക്രം അഫീഫിന്റെ മികവിലിറങ്ങുന്ന ഖത്തർ (ജൂലൻ ലൊപെറ്റെഗി) എന്നിവരും അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം. മലയാളിയായ തഹ്‌സിൻ മുഹമ്മദ് ജംഷിയുടെ സാന്നിധ്യം ഖത്തറിന് പിന്തുണ നൽകാൻ മലയാളികളെ പ്രേരിപ്പിക്കും. എങ്കിലും സ്വിസ്സ് പടയും കാനഡയും തന്നെയാകും അടുത്ത റൗണ്ടിലേക്ക് മാർച്ച് ചെയ്യാനിടയുള്ളത്.

ഗ്രൂപ്പ് സി: ഹെക്സ തേടി കാനറികളും മൊറോക്കൻ വീര്യവും
കാർലോ ആൻസലോട്ടിയെന്ന ഇതിഹാസ പരിശീലകന് കീഴിൽ, വിനീഷ്യസ് ജൂനിയറിനെപ്പോലുള്ള സൂപ്പർ താരങ്ങളുമായി എത്തുന്ന ബ്രസീലാണ് ഈ ഗ്രൂപ്പിലെ മുഖ്യ ടീം. അവരെ നേരിടാൻ അഷ്റഫ് ഹക്കീമിയുടെ നേതൃത്വത്തിൽ ആത്മവിശ്വാസത്തിന്റെ നെറുകയിലുള്ള മൊറോക്കോയുണ്ട് (വാലിദ് റെഗ്രാഗുയി). ഫ്രാൻസ്ഡി പിയറോട്ടുള്ള ഹെയ്തി (സെബാസ്റ്റ്യൻ മിഗ്നെ), ആൻഡ്രൂ റോബർട്ട്സൺ നയിക്കുന്ന സ്കോട്ട്ലൻഡ് (സ്റ്റീവ് ക്ലാർക്ക്) എന്നിവരാണ് മറ്റ് വെല്ലുവിളികൾ. പുതിയ ശൈലിയിൽ തിളങ്ങുന്ന ബ്രസീലും മൊറോക്കോയുമാകും ഇവിടെ ആധിപത്യം പുലർത്താനിടയുള്ളത്.

ഗ്രൂപ്പ് ഡി: അമേരിക്കൻ യുവത്വവും തുർക്കിയുടെ പ്രതിരോധവും
ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ നേതൃത്വത്തിൽ സ്വന്തം മണ്ണിൽ വിസ്മയം തീർക്കാൻ കാത്തിരിക്കുന്ന അമേരിക്കൻ യുവനിര (മൗറീസിയോ പോച്ചെറ്റീനോ) മികച്ച ഫോമിലാണ്. ഹകൻ കാൽഹാനോഗ്ലു നയിക്കുന്ന തുർക്കി (വിൻസെൻസോ മൊണ്ടെല്ല), മിഗ്വൽ അൽമിറോണിന്റെ പരാഗ്വേ (ഗുസ്താവോ അൽഫാരോ), മാത്യു റയാൻ കാവൽ നിൽക്കുന്ന ഓസ്ട്രേലിയ (ടോണി പോപോവിച്ച്) എന്നിവർ ശക്തമായ വെല്ലുവിളിയുയർത്തും. ആതിഥേയരായ അമേരിക്കയും തുർക്കിയും മുന്നേറാനാണ് സാധ്യത.

ഗ്രൂപ്പ് ഇ: ജർമ്മൻ സൂപ്പർ എഞ്ചിനും ഇക്വഡോറിയൻ ഞെട്ടിക്കലും
ജമാൽ മുസിയാലയെപ്പോലുള്ള യുവപ്രതിഭകളുമായി എത്തുന്ന ജർമ്മനി (ജൂലിയൻ നാഗൽസ്മാൻ) തന്നെയാണ് ഇവിടെ വമ്പന്മാർ. എന്നാൽ അമാദ് ഡിയാലോയും സെബാസ്റ്റ്യൻ ഹാളറുമുള്ള ഐവറി കോസ്റ്റ് (എമേഴ്സ് ഫേ) ഏത് പ്രതിരോധവും തകർക്കാൻ പോന്നവരാണ്. മോയ്‌സസ് കയ്‌സെഡോയുടെ ഇക്വഡോർ (സെബാസ്റ്റ്യൻ ബെക്കസെസെ), ലിയാൻഡ്രോ ബാക്കുനയുടെ കുറസാവോ (ഡിക്ക് അഡ്വൊക്കാറ്റ്) എന്നിവർ ഒട്ടും പിന്നിലല്ല. മികച്ച ബാലൻസുള്ള ജർമ്മനിയും അപകടകാരികളായ ഐവറി കോസ്റ്റും ഇക്വഡോറും തമ്മിലുള്ള കടുത്ത മത്സരത്തിനൊടുവിൽ, ഇക്വഡോറും ജർമ്മനിയും ആദ്യ രണ്ടു സ്ഥാനങ്ങൾ സ്വന്തമാക്കിയേക്കാം.

ഗ്രൂപ്പ് എഫ്: ഓറഞ്ച് പടയും ഉദയസൂര്യനും
വിർജിൽ വാൻ ഡൈക്ക് നയിക്കുന്ന നെതർലൻഡ്സ് (റൊണാൾഡ് കൂമാൻ) ശക്തരാണ്. പക്ഷേ, ടകെഫുസ കുബോ പോലുള്ള മികച്ച താരങ്ങളുമായി എത്തുന്ന ജപ്പാൻ (ഹാജിമെ മൊറിയാസു) ഏത് വമ്പനെയും തളയ്ക്കാൻ പോന്ന ടാക്റ്റിക്കൽ മികവുള്ളവരാണ്. അലക്സാണ്ടർ ഇസാക്കിന്റെ സ്വീഡനും (ഗ്രഹാം പോട്ടർ), യൂസഫ് സാക്നിയുടെ ടുണീഷ്യയും (സാമി ട്രാബെൽസി) ഈ ഗ്രൂപ്പിനെ പ്രവചനാതീതമാക്കുന്നു. ഡച്ച് നിരയും ജപ്പാനും സ്വീഡനും തമ്മിലുള്ള പോരാട്ടത്തിൽ നിന്നും ജപ്പാനും നോക്കൗട്ടിലേക്ക് കടക്കുമെന്നാണ് കരുതുന്നത്, സ്വീഡനും അവസാന 32-ൽ എത്തിയേക്കാം.

ഗ്രൂപ്പ് ജി: മാറുന്ന ബെൽജിയം, മിന്നുന്ന ഇറാൻ
കെവിൻ ഡി ബ്രൂയിന്റെ നേതൃത്വത്തിൽ തലമുറമാറ്റത്തിന് ശേഷം ഒരുങ്ങി വരികയാണ് ബെൽജിയം (റൂഡി ഗാർഷ്യ). മുഹമ്മദ് സലാ, ഒമർ മർമൂഷ് ഒക്കെയുള്ള ഈജിപ്ത് (ഹൊസ്സാം ഹസ്സൻ), മെഹ്ദി തരേമിയുടെ ഇറാൻ (അമീർ ഗലേനോയി), ക്രിസ് വുഡിന്റെ ന്യൂസിലൻഡ് (ഡാരൻ ബേസ്ലി) എന്നിവർ കരുത്തരാണ്. പുതുനിരയുമായെത്തുന്ന ബെൽജിയവും ഏഷ്യൻ വമ്പന്മാരായ ഇറാനും ആദ്യ രണ്ട് സ്ഥാനങ്ങൾ പങ്കിട്ടേക്കാം.

ഗ്രൂപ്പ് എച്ച്: സ്പാനിഷ് താളവും ഉറുഗ്വൻ വേട്ടയും
ലാമിൻ യമാലിനെപ്പോലുള്ള കൗമാരതാരങ്ങളാൽ സമ്പന്നമായ സ്പെയിൻ (ലൂയിസ് ഡി ലാ ഫ്യൂൻ്റെ) മികച്ച താളത്തിലാണ്. ഫെഡറിക്കോ വാൽവെർഡെ ഉൾപ്പെടുന്ന ഉറുഗ്വേ (മാഴ്സലോ ബിയൽസ) അതിവേഗ ശൈലിയിലൂടെ ഏവർക്കും ഭീഷണിയാണ്. റയാൻ മെൻഡസിന്റെ കേപ് വെർഡെ (ബുബിസ്റ്റ), സലേം അൽ ദവ്സാരിയുടെ സൗദി അറേബ്യ (ജോർജിയോസ് ഡോണിസ്) എന്നിവർ അട്ടിമറികൾക്കായി കാത്തിരിക്കുന്നു. സ്പെയിനും ഉറുഗ്വേയും ഇവിടെ നിന്ന് അനായാസം മുന്നേറുമെന്നുറപ്പാണ്.

ഗ്രൂപ്പ് ഐ: ഫ്രഞ്ച് കരുത്തും ഹാലൻഡിന്റെ ഗോളടി മികവും
കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രാൻസ് (ദിദിയർ ദെഷാംപ്സ്) കിരീട ഫേവറിറ്റുകളിൽ മുൻപന്തിയിലുണ്ട്. എന്നാൽ എർലിംഗ് ഹാലൻഡ് കുന്തമുനയായുള്ള, ഒഡേഗാർഡിന്റെ വൈഭവമുള്ള നോർവേ (സ്റ്റാലെ സോൾബാക്കൻ) ഏത് ഡിഫൻസിനെയും കീറിമുറിക്കാൻ ശേഷിയുള്ളവരാണ്. സാദിയോ മാനെയുടെ സെനഗൽ (പാപെ തിയാവ്), അയ്മൻ ഹുസൈന്റെ ഇറാഖ് (ഗ്രഹാം അർനോൾഡ്) എന്നിവർ അട്ടിമറികൾക്ക് കെൽപ്പുള്ളവരാണ്. ഫ്രാൻസിനൊപ്പം ഇത്തവണ നോർവേയും ആദ്യ രണ്ടിൽ ഇടംപിടിച്ചേക്കും.

ഗ്രൂപ്പ് ജെ: മെസ്സി മാജിക്കും ഓസ്ട്രിയൻ ഗെഗൻപ്രസിങും
ഇതിഹാസ താരം ലയണൽ മെസ്സിയുടെ അർജന്റീന (ലിയോണൽ സ്കലോണി) തന്നെയാണ് ഈ ഗ്രൂപ്പിലെ രാജാക്കന്മാർ. എന്നാൽ മാഴ്സൽ സാബിറ്റ്സറും കോൺറാഡ് ലൈമറും നിയന്ത്രിക്കുന്ന, ഹൈ-പ്രസ്സിങ് ഫുട്ബോൾ കളിക്കുന്ന ഓസ്ട്രിയ (റാൽഫ് റാംഗ്‌നിക്) കടുത്ത വെല്ലുവിളിയുയർത്തും. റിയാദ് മഹ്രെസിന്റെ അൾജീരിയ (വ്ലാഡിമിർ പെറ്റ്കോവിച്ച്), മൂസ അൽ താമാരിയുടെ ജോർദാൻ (ജമാൽ സെല്ലാമി) എന്നിവരും മികച്ച ഫോമിലാണ്. അർജന്റീനയും ഓസ്ട്രിയയും തമ്മിലാകും ഇവിടുത്തെ പ്രധാന പോരാട്ടം. പക്ഷേ അൾജീരിയ പൊരുതാതെ കീഴടങ്ങില്ല; അവരും 32-ൽ ഒന്നായേക്കാം.

ഗ്രൂപ്പ് കെ: പോർച്ചുഗീസ് ക്ലാസിക്കും കൊളംബിയൻ വിസ്മയവും
ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും അണിനിരക്കുന്ന പോർച്ചുഗൽ (റോബർട്ടോ മാർട്ടിനെസ്) കടലാസിലും ഗ്രൗണ്ടിലും ശക്തരാണ്. ലൂയിസ് ഡിയാസ് നയിക്കുന്ന കൊളംബിയ (പരിശീലകൻ: നെസ്റ്റർ ലോറൻസോ) മികച്ച ടീമാണ്. ചാൻസൽ എംബെമ്പയുടെ ഡി.ആർ കോംഗോ (സെബാസ്റ്റ്യൻ ഡെസാബ്രെ), എൽദോർ ഷോമുറോദോവിന്റെ ഉസ്ബെക്കിസ്ഥാൻ (ഫാബിയോ കന്നവാരോ) എന്നിവർ മികച്ച മത്സരം കാഴ്ചവെക്കും. പോർച്ചുഗലും കൊളംബിയയും നോക്കൗട്ട് ടിക്കറ്റ് ഉറപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഗ്രൂപ്പ് എൽ: ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങളും ക്രൊയേഷ്യൻ വീരഗാഥയും
ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ട് (തോമസ് ടുഷെൽ) മികച്ച സന്തുലിതാവസ്ഥയിലാണ്. ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയുടെ (സ്ലറ്റ്കോ ഡാലിച്ച്) വലിയ വേദികളിലെ അനുഭവസമ്പത്ത് നിർണ്ണായകമാകും. മുഹമ്മദ് കുഡൂസിന്റെ ഘാന (കാർലോസ് ക്വീറോസ്), അഡൽബർട്ടോ ‘കൊക്കോ’ കാരാസ്കില്ലയുടെ പനാമ (തോമസ് ക്രിസ്റ്റ്യൻസെൻ) എന്നിവർ പൊരുതാനുറച്ചുതന്നെയാണ്. ഇംഗ്ലണ്ടും ക്രൊയേഷ്യയും തന്നെയാകും ഇവിടെ നിന്ന് മുന്നേറാൻ സാധ്യത.
റൗണ്ട് ഓഫ് 32 ഉം കറുത്ത കുതിരകളും
പുതിയ മാറ്റങ്ങൾ
ലോകകപ്പിലെ പുതിയ ഫോർമാറ്റ് അനുസരിച്ച് ഒരു പ്രധാന മാറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. 48 ടീമുകൾ മാറ്റുരയ്ക്കുമ്പോൾ, 'പ്രീ-ക്വാർട്ടറിന്' പകരം 'റൗണ്ട് ഓഫ് 32' മുതലാകും നോക്കൗട്ട് പോരാട്ടങ്ങൾ തുടങ്ങുക. 12 ഗ്രൂപ്പുകളിൽ നിന്നായി ആദ്യ രണ്ട് സ്ഥാനക്കാരായ 24 ടീമുകൾ നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്ന 8 സ്ഥാനങ്ങൾ ഓരോ ഗ്രൂപ്പിലെയും മികച്ച പ്രകടനം നടത്തുന്ന 8 മൂന്നാം സ്ഥാനക്കാർക്കാണ് ലഭിക്കുക. ഗ്രൂപ്പുകളിലെ കാഠിന്യം വെച്ച് നോക്കുമ്പോൾ, മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ എത്താൻ സാധ്യതയുള്ള ടീമുകൾ സെനഗൽ, ഓസ്ട്രേലിയ, അൾജീരിയ, സ്വീഡൻ, ഐവറി കോസ്റ്റ്, ഈജിപ്ത്, ഉസ്ബെക്കിസ്ഥാൻ, ഘാന എന്നിവരാണ്.

കറുത്ത കുതിരകളുടെ കുതിപ്പ്
ഈ ലോകകപ്പിന്റെ ഗതിവിഗതികൾ നിർണ്ണയിക്കാൻ പോകുന്ന ഏറ്റവും വലിയ ഘടകം, ഏത് വമ്പനെയും മുട്ടുകുത്തിക്കാൻ കഴിവുള്ള 'കറുത്ത കുതിരകളുടെ' സാന്നിധ്യമാണ്. ലോക ഫുട്ബോളിനെ ഞെട്ടിച്ചുകൊണ്ട് ജൂൺ 5 ന് നടന്ന സന്നാഹ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഐവറി കോസ്റ്റ് 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയത് വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ വ്യക്തമായ സൂചനയാണ്.

ഇവർക്ക് പുറമെ എതിരാളികളെ ശ്വാസം മുട്ടിക്കുന്ന പ്രസ്സിങ് ഗെയിം കളിക്കുന്ന ഓസ്ട്രിയ, അസാമാന്യ വേഗതയുള്ള ഇക്വഡോർ, സൂപ്പർ ഫോമിലുള്ള കൊളംബിയ, ഹാലൻഡെന്ന പ്രതിഭാസമുള്ള നോർവേ, ടാക്റ്റിക്കൽ മികവിന്റെ പര്യായമായ ജപ്പാൻ, ലോകകപ്പ് സെമിഫൈനൽ കളിച്ചതിന്റെ ആത്മവിശ്വാസത്തിലുള്ള മൊറോക്കോ എന്നീ രാജ്യങ്ങൾ ഇത്തവണ ഗ്രൗണ്ടിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കാത്തിരിക്കുന്നവരാണ്. വമ്പന്മാർക്ക് കാലിടറുമ്പോൾ വലിയ അട്ടിമറികൾക്കും അപ്രതീക്ഷിത കുതിപ്പുകൾക്കും ഈ ടീമുകൾ നേതൃത്വം നൽകുമെന്നുറപ്പാണ്.
നോക്കൗട്ട് പ്രവചനങ്ങൾ
പ്രീ ക്വാർട്ടർ (റൗണ്ട് ഓഫ് 16)
നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോൾ, റൗണ്ട് ഓഫ് 16-ൽ തീപാറുന്ന പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത്. ജർമ്മനിയും ഫ്രാൻസും, ദക്ഷിണ കൊറിയയും നെതർലൻഡ്സും (മൊറോക്കോയെ മറികടക്കുകയാണെങ്കിൽ), കൊളംബിയയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടാനാണ് സാധ്യത. ഇതിനുപുറമെ അമേരിക്കയും ബെൽജിയവും, ബ്രസീലും നോർവേയും, മെക്സിക്കോയും ഇംഗ്ലണ്ടും, അർജന്റീനയും തുർക്കിയും, സ്വിറ്റ്സർലൻഡും പോർച്ചുഗലും തമ്മിലുള്ള മത്സരങ്ങളും ഈ ഘട്ടത്തിൽ നടന്നേക്കാം.
ക്വാർട്ടർ ഫൈനൽ
ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും നെതർലൻഡ്സും തമ്മിലും, സ്പെയിനും ബെൽജിയവും ബ്രസീലും ഇംഗ്ലണ്ടും തമ്മിലും, അർജന്റീനയും പോർച്ചുഗലും തമ്മിലുമുള്ള ക്ലാസിക് പോരാട്ടങ്ങൾ പ്രതീക്ഷിക്കാം.

സെമി ഫൈനൽ
സെമി ഫൈനലിൽ ഫ്രാൻസും സ്പെയിനും തമ്മിൽ ഏറ്റുമുട്ടാനാണ് സാധ്യത. ഇംഗ്ലണ്ടും അർജന്റീനയും( പോർച്ചുഗൽ തോൽക്കുകയാണെങ്കിൽ) തമ്മിലുള്ള ആവേശകരമായ സെമി ഫൈനൽ പോരാട്ടവും അരങ്ങേറാനിടയുണ്ട്
ഫൈനൽ
ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള യൂറോപ്യൻ വമ്പന്മാരുടെ ഫൈനലാണ് വ്യക്തിപരമായ വിലയിരുത്തലിൽഏറ്റവും സാധ്യതയുള്ളത്. ഫ്രാൻസ് മൂന്നാം ലോക കിരീടം ഉയർത്തിയേക്കാം. എന്നാൽ സെമി ഫൈനലിൽ ഫ്രാൻസിനെ സ്പെയിൻ പരാജയപ്പെടുത്തുകയാണെങ്കിൽ, 2026 ലോകകപ്പ് അവർ സ്വന്തമാക്കിയേക്കാം.
ലോകത്തെ ഏറ്റവും സങ്കീർണമായ പ്രഹേളികകളിൽ ഒന്നാണ് ഫുട്ബോൾ... അതാണ് അതിന്റെ വശ്യസൗന്ദര്യവും. പുൽമൈതാനങ്ങളിൽ തീ പടർത്തി ഗോലിയാത്തുമാരെ നിലംപരിശാക്കുന്ന ദാവീദുമാരുടെ കൗശലത്തിനായി കാത്തിരിക്കാം. പ്രവചനങ്ങൾ കാറ്റിൽ പറക്കട്ടെ, മനംമയക്കുന്ന കാൽപ്പന്താട്ടം അരങ്ങിൽ കളിച്ചു തിമിർക്കട്ടെ.










0 comments