ആറുവയസ്സുകാരനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; രണ്ട് പേർ അറസ്റ്റിൽ

പട്ന: ഹോസ്റ്റൽ ഉടമയുടെ ഭാര്യയുമായുള്ള ബന്ധത്തിന് സാക്ഷിയായ ആറുവയസ്സുകാരനായ വിദ്യാർഥിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനാണ് കുട്ടിയെ കെട്ടിത്തൂക്കിയത്. ബിഹാറിലെ മധേപുരയിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ ഉടമയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമാനന്ദ് യാദവ് എന്നയാളുടെ മകനും യുകെജി വിദ്യാർഥിയുമായ ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആറുമാസമായി കുട്ടി സ്കൂൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു .
ജൂൺ 7-നാണ് ഹോസ്റ്റലിൽ വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ അമ്മ ഗുഞ്ജൻ ദേവിയുടെ പരാതിയിൽ മുരളിഗഞ്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടയിൽ പിടിയിലായ പ്രതി അങ്കിത് കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്.
ഹോസ്റ്റൽ നടത്തിപ്പുകാരനായ സുനിൽ കുമാറിന്റെ ഭാര്യ അഞ്ജലി കുമാരിയുമായി അങ്കിത് കുമാറിന് ബന്ധമുണ്ടായിരുന്നു. ജൂൺ 6-ന് രാത്രിയിൽ ഇരുവരെയും ഒന്നിച്ച് കണ്ട കുട്ടി ബഹളം വെക്കാൻ തുടങ്ങി. തുടർന്ന് അഞ്ജലിയുടെ നിർദ്ദേശപ്രകാരം കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ച് അങ്കിത് കൊലപ്പെടുത്തുകയായിരുന്നു.
കുട്ടി മരിച്ചതോടെ തെളിവ് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. ആദ്യം മൃതദേഹം ഒളിപ്പിക്കാൻ നോക്കിയെങ്കിലും അത് പരാജയപ്പെട്ടതോടെ, ഹോസ്റ്റൽ ഉടമയായ സുനിൽ കുമാറിന്റെ സഹായത്തോടെ കുട്ടിയുടെ മൃതദേഹം കയറിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയായിരുന്നു. ശൗചാലയത്തിന് സമീപമാണ് മൃതദേഹം കെട്ടിത്തൂക്കിയിരുന്നത്. കേസിൽ പ്രതികളായ അങ്കിത് കുമാറിനെയും ഹോസ്റ്റൽ ഉടമ സുനിൽ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.










0 comments