ജി-7 ഉച്ചകോടിക്കെതിരെ പ്രതിഷേധം കനക്കുന്നു, അതിർത്തികളിൽ യുദ്ധ സമാനമായ നിയന്ത്രണങ്ങൾ

ജനീവ: ജൂൺ 15 മുതൽ 17 വരെ ഫ്രഞ്ച് നഗരമായ എവിയാൻ-ലെ-ബെയ്ൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിയോടനുബന്ധിച്ച് ഫ്രാൻസിലും സ്വിറ്റ്സർലൻഡിലും കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോവിഡ് കാലത്തിന് സമാനമായ അതിർത്തി നിയന്ത്രണങ്ങളാണ് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചകോടിക്കെതിരെ വലിയ തോതിലുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് നടപടി. ഫാസിസത്തിനും സാമ്രാജ്യത്വത്തിനും എതിരെയുള്ള ജനകീയ പ്രതിരോധമെന്ന നിലയ്ക്കാണ് No G7 Coalition എന്ന പേരിൽ പ്രതിഷേധ കൂട്ടായ്മ ശക്തിപ്പെടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ മിഡിൽ ഈസ്റ്റ് പ്രതിസന്ധി, യുക്രെയ്ൻ യുദ്ധം, ആഗോള സാമ്പത്തിക അസ്ഥിരതകൾ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ഇതിന് സമാന്തരമായി, സമ്പന്ന രാജ്യങ്ങളുടെ യുദ്ധക്കൊതിയും താരിഫ് യുദ്ധം പോലെ ജനജീവിതത്തെ തകര്‍ക്കുന്ന നയങ്ങളും തീവ്രവംശീയ നടപടികളും ചോദ്യം ചെയ്ത് കടുത്ത ജനരോഷം ഉയരുന്നു. ജി-7 രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ വൻകിട കോർപ്പറേറ്റുകളെയും സമ്പന്നരെയും സഹായിക്കാൻ മാത്രമുള്ളതാണെന്ന് സംഘടനകൾ ചൂണ്ടികാണിക്കുന്നു.
ജി-7 കൂട്ടായ്മയിൽ അംഗമല്ലെങ്കിലും സ്വിറ്റ്സർലൻഡും കനത്ത ജാഗ്രതയിലാണ്. ഉച്ചകോടി നടക്കുന്ന എവിയാൻ നഗരത്തിന് തൊട്ടടുത്തുള്ള സ്വിസ് നഗരമായ ജനീവയിലാണ് അധികൃതർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 2003-ൽ ഇവിടെ നടന്ന ജി-8 ഉച്ചകോടിക്കിടെയുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ജനീവയിലെ നിരവധി വ്യാപാരസ്ഥാപനങ്ങൾ തകർക്കപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ ബിസിനസ്സ് സ്ഥാപനങ്ങളും പ്രാദേശിക ഭരണകൂടവും മുൻകരുതലുകൾ സ്വീകരിച്ചു വരുന്നു.
പരിസ്ഥിതി പ്രവർത്തകർ, സ്ത്രീപക്ഷവാദികൾ, ഇടതുപക്ഷ സംഘടനകൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെല്ലാം ചേരുന്ന വലിയൊരു സഖ്യമാണ് നോ ജി -7 ഐക്യവേദി എന്ന പേരിൽ അണിനിരന്നിട്ടുള്ളത്. ട്രംപിന്റെ വ്യാപാര നികുതി നയങ്ങൾ, ഇറാൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, അന്തരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായുള്ള ഉന്നത നേതാക്കളുടെ ബന്ധങ്ങൾ എന്നിവയൊക്കെ ഉയർത്തിക്കാട്ടി ബാനറുകളും പോസ്റ്ററുകളും ഉയര്‍ന്നു കഴിഞ്ഞു.
സ്വിസ് സർക്കാർ ഏകദേശം 4,000 സൈനികരെയാണ് പോലീസിനെ സഹായിക്കാനായി നിയോഗിച്ചിരിക്കുന്നത്. ഫ്രാൻസ് 13,000-ത്തിലധികം പോലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും. സ്വിറ്റ്സർലൻഡിനും ഫ്രാൻസിനും ഇടയിലുള്ള 35 റോഡ് അതിർത്തികളിൽ 7 എണ്ണം മാത്രമാണ് തുറന്നുപ്രവർത്തിക്കുക. എവിയാൻ നഗരവാസികൾക്കായി ഫ്രാൻസ് പ്രത്യേക പെർമിറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനീവ തടാകത്തിലും ഇരു രാജ്യങ്ങളുടെയും വ്യോമാതിർത്തിയിലും കടുത്ത നിയന്ത്രണങ്ങളും പെട്രോളിംഗും പ്രഖ്യാപിച്ചു. നേതാക്കൾ എത്തുന്ന ജനീവ എയർപോർട്ടിന് ചുറ്റും അതീവ സുരക്ഷയാണ്.
ലോകവ്യാപാര സംഘടന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഓഫീസുകൾ തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജനീവയിലെ ഒരു പ്രമുഖ പാർക്കും താൽക്കാലികമായി അടച്ചു.
ജനജീവിതം സ്തംഭിക്കുന്നു
വിമർശനവുമായി വിദഗ്ദ്ധർ
ദിവസേന ഫ്രാൻസിൽ നിന്നും ജനീവയിലേക്ക് ജോലിക്ക് പോകുന്ന ഒരു ലക്ഷത്തിലധികം വരുന്ന അതിർത്തി കടന്നുള്ള തൊഴിലാളികളെ ഈ നിയന്ത്രണങ്ങൾ സാരമായി ബാധിക്കും. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ബോട്ട് സർവീസുകൾ മറ്റ് റൂട്ടുകളിലേക്ക് മാറ്റാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ മൂലം ബിസിനസ്സ് സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായാൽ നഷ്ടപരിഹാരം നൽകാനായി ജനീവ ഭരണകൂടം 6 ദശലക്ഷം സ്വിസ് ഫ്രാങ്ക് വകയിരുത്തി.
കോവിഡ് കാലത്തെ അനുസ്മരിപ്പിക്കുന്ന ഇത്തരം കടുത്ത നിയന്ത്രണങ്ങൾ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും അധികൃതരുടേത് "അമിത പ്രതികരണമാണെന്നും" ജനീവ ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർനാഷണൽ റിലേഷൻസ് പ്രൊഫസറായ സെഡ്രിക് ഡ്യൂപോണ്ട് വിമർശിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
ഏഴ് രാജ്യങ്ങൾ ചേര്‍ന്ന്
ലോകത്തെ വിധിക്കുന്നു
ജി-7 കൂട്ടായ്മയിൽ ഏഴ് രാജ്യങ്ങളാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വികസിതവും സ്വാധീനശക്തിയുള്ളതുമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. യൂറോപ്യൻ യൂണിയനും ജി-7 യോഗങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയനെ ഒരു പ്രത്യേക രാജ്യമായി കണക്കാക്കാത്തതിനാൽ അംഗങ്ങളുടെ എണ്ണം ഏഴായിത്തന്നെ നിലനിൽക്കുന്നു. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി ജപ്പാൻ എന്നിവയാണ് അംഗങ്ങൾ.

ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്നതിലും പരിസ്ഥിതി മലിനീകരണത്തിലും ജി-7 രാജ്യങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഇവർ ആത്മാർത്ഥമായി ശ്രമിക്കുന്നില്ലെന്ന് പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തുന്നു. ആഗോളതാപനത്തിന് കാരണക്കാരായ വികസിത രാജ്യങ്ങൾ അതിന്റെ ദുരന്തം അനുഭവിക്കുന്ന പാവപ്പെട്ട രാജ്യങ്ങളോട് നീതി കാണിക്കുന്നില്ലെന്നും ചൂണ്ടികാട്ടുന്നു.
സാമ്രാജ്യത്വവും യുദ്ധ നയങ്ങളും
ലോകത്തെ പ്രധാന യുദ്ധങ്ങളിലും സൈനിക ഇടപെടലുകളിലും ജി-7 രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയ്ക്ക് പങ്കുണ്ട്. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ, ലിബിയ, ഇറാഖ് യുദ്ധങ്ങൾ, നിലവിലെ ഉക്രെയ്ൻ, ഗാസ പ്രതിസന്ധികൾ എന്നിവയിലെല്ലാം ഈ രാജ്യങ്ങളുടെ ഇടപെടലുകൾ കാരണമാണ്. ഇവരുടെ ഇടപെടലുകൾ ആഗോള സമാധാനത്തിന് വിരുദ്ധമാണെന്ന മുദ്രാവാക്യം ഉയര്‍ന്നു തുടങ്ങി.
ഐക്യരാഷ്ട്ര സംഘടന പോലെ ലോകത്തെ എല്ലാ രാജ്യങ്ങൾക്കും പങ്കാളിത്തമുള്ള വേദികളിലല്ല ജി-7 തീരുമാനങ്ങൾ എടുക്കുന്നത്. ലോകജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രം വരുന്ന 7 രാജ്യങ്ങൾ ഒരുമിച്ചിരുന്ന് ലോകത്തിന്റെ മുഴുവൻ സാമ്പത്തിക, രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടികാട്ടി. "Peoples' Resistance against Fascism and Imperialism" എന്ന മുദ്രാവാക്യത്തിലാണ് പ്രതിഷേധ കൂട്ടായ്മകൾ ഒന്നിക്കുന്നത്.
ഈ ഉച്ചകോടിക്കെതിരെ ഒന്നിക്കുന്നത്, കോർപ്പറേറ്റ് കൊള്ളയ്ക്കും രാഷ്ട്രീയ അടിച്ചമർത്തലിനും എതിരെയുള്ള പ്രതിരോധം തര്‍ക്കാലെന്ന് സംഘടനകൾ ഐക്യ ആഹ്വാനം നൽകി.










0 comments