മന്ത്രിയുടെ നിലപാട് തിരിച്ചടിയായി
വന്യജീവി ആക്രമണം വർധിക്കുന്പോഴും നിസ്സംഗതയിൽ വനംവകുപ്പ്

കൽപ്പറ്റ വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ പൊലിയുന്നത് തുടർക്കഥയാകുന്പോഴും നിസ്സംഗതയിൽ വനംവകുപ്പ്. അക്രമം തടയാൻ നടപടിയില്ലെന്ന വനംമന്ത്രിയുടെ നിലപാട് വനപാലകരുടെ അലസതക്ക് ആക്കംകൂട്ടി. മേപ്പാടി കള്ളാടിയിലെ ജെസിയെ ചവിട്ടിക്കൊന്ന കൊലയാളി കാട്ടാനയെ മയക്കുവെടിവയ്‌ക്കാൻ ഉത്തരവിട്ട് ആഴ്‌ചകൾ പിന്നിട്ടിട്ടും ഫലമുണ്ടാവാത്തത് ഇതിന്റെ ഭാഗമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ താളംതെറ്റിയ അവസ്ഥയിലാണ് വനംവകുപ്പിന്റെ പ്രവർത്തനം. കാട്ടാനശല്യം വർധിക്കുകയാണ്. എന്നാൽ കൃത്യമായ പട്രോളിങ് നടത്താൻപോലും തയ്യാറാകുന്നില്ല. ഭരണമാറ്റത്തോടെ വനപാലകരുടെ പ്രവർത്തനരീതിയും മാറി. കാടിറങ്ങിവരുന്ന മൃഗങ്ങളെ അതിവേഗം വനത്തിലേക്ക് തുരത്തുന്ന നടപടികളാണ് മുന്പുണ്ടായത്. അത്തരം ജാഗ്രതയും നടപടികളും ആവശ്യമില്ലെന്ന നിലപാടിലാണ് പുതിയ വനംമന്ത്രി ഷിബു ബേബിജോൺ. വന്യമൃഗശല്യം തടയാൻ ഒറ്റമൂലിയില്ലെന്നും പരിഹാരം കാണാൻ സാധ്യമല്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയുടെ പ്രഖ്യാപനം. വന്യമൃഗങ്ങൾ ഇനിയും മനുഷ്യരെ കൊന്നാലും പ്രതിരോധ നടപടി ഉണ്ടാവില്ലെന്ന് മുൻകൂർജാമ്യമെടുക്കുകയായിരുന്നു മന്ത്രി. മന്ത്രി നിലപാട് വ്യക്തമാക്കിയതോടെ വനപാലകരുടെ പ്രവർത്തനങ്ങൾ നിലച്ചു. രാത്രികാല പട്രോളിങ് പലയിടത്തും കുറച്ചു. കാട്ടിക്കുളത്ത് ജനവാസകേന്ദ്രത്തിൽ മണിക്കൂറുകളോളം കാട്ടാന തന്പടിച്ചതും ഒരാളുടെ ജീവനെടുത്തതും ഇതിന്റെ ഫലമാണ്. ജൂൺ 26നാണ് മേപ്പാടി കള്ളാടിയിൽ കുരിശിങ്കൽ ജെസിയെ കാട്ടാന കൊലപ്പെടുത്തിയത്. വൻ പ്രതിഷേധം മേപ്പാടിയിലുമുണ്ടായി. സ്ഥിരം അക്രമകാരിയായ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടുമെന്ന് ഡിഎഫ്‌ഒ പ്രഖ്യാപിച്ചു. രണ്ട് കുങ്കിയാനകളെ കൊണ്ടുവരികയും ചെയ്‌തു. കൊലയാളി ആനയെ പിടികൂടുമെന്ന് മന്ത്രി ടി സിദ്ദിഖും പ്രഖ്യാപിച്ചു. ആഴ്‌ചകൾ കഴിഞ്ഞിട്ടും മറ്റ് നടപടികളൊന്നും ഉണ്ടായില്ല. കൊലയാളി കാട്ടാന ജനവാസകേന്ദ്രങ്ങൾക്കരികിൽ വിഹരിക്കുകയാണ്. നാട്ടുകാരെ കബളിപ്പിക്കാൻ കുങ്കിയാനകളെ ഫോറസ്‌റ്റ് സ്‌റ്റേഷനിൽ തളച്ചിട്ടു. വനത്തിൽ ഏതാനും ദിവസം പേരിന് പരിശോധന നടത്തി. ജനരോഷം തണുപ്പിക്കാൻ വലിയ ഉറപ്പുനൽകുകയും പിന്നീട് പിൻവാങ്ങുകയുമാണ് വനംവകുപ്പിന്റെ പുതിയ നയം. മനുഷ്യജീവന് നഷ്ടപരിഹാരം നൽകൽ മാത്രമായി വനംവകുപ്പ് ഉത്തരവാദിത്വം ചുരുക്കുകയാണ്.










0 comments