അഞ്ച് സെക്കൻഡിൽ 10 റൗണ്ട് വെടിയുണ്ടകൾ; ഹരിയാനയിൽ ജിം ഉടമയെ വെടിവെച്ചുകൊന്നു

ഹാൻസി: ഹരിയാനയിലെ ഹിസാർ ജില്ലയിലുള്ള ഹാൻസിയിൽ ബൈക്കിലെത്തിയ സംഘം ജിം ഉടമയെ വെടിവെച്ചുകൊന്നു. വ്യാഴാഴ്ച പുലർച്ചെ 5.30 ഓടെ ഫവ്വാര ചൗക്കിന് സമീപമാണ് സംഭവം. വെറും അഞ്ച് സെക്കൻഡിനുള്ളിൽ പത്ത് റൗണ്ടാണ് അക്രമികൾ ജിം ഉടമയ്ക്ക് നേരെ വെടിയുതിർത്തത്. തലയ്ക്കും പുറത്തുമായി തൊട്ടടുത്തുനിന്ന് വെടിയേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പുലർച്ചെ ഫവ്വാര ചൗക്കിന് സമീപമുള്ള കടകളുടെ മുന്നിലെ റാമ്പിൽ വെച്ച് യുവാക്കൾക്കും യുവതികൾക്കുമായി ജിം ഉടമ വ്യായാമപരിശീലനം നൽകിക്കൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഹെൽമെറ്റ് ധരിച്ച് മോട്ടോർ സൈക്കിളിലെത്തിയ സംഘം വെടിയുതിർത്ത ശേഷം ഉടൻതന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
വെടിവെപ്പിനിടെ സമീപത്ത് വാം-അപ്പ് ചെയ്യുകയായിരുന്ന ശിഖ എന്ന യുവതിക്കും വെടിയുണ്ടയുടെ ചില്ലറുകൾ തെറിച്ച് പരിക്കേറ്റു. ഇവരെ ഹിസാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പ്രദേശം സീൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.










0 comments