വെള്ളം ചോദിച്ചു, തിരിഞ്ഞപ്പോൾ തലയ്ക്കടിച്ചു; അധ്യാപികയുടെ കൈഞരമ്പും അറുത്ത് ദമ്പതികൾ; കുട്ടിയുടെ മുന്നിൽ അരുകൊല

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക ദേബസ്മിത പോൾ (49) കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻപരിചയമുള്ളവരായതിനാൽ യാതൊരു സംശയവുമില്ലാതെ വിശേഷങ്ങൾ ചോദിച്ച് അകത്തേക്ക് കയറ്റി ഇരുത്തിയവരാണ് അധ്യാപികയ്ക്ക് നേരെ ക്രൂരമായ കൊലക്കത്തിയെടുത്തത്. അവർക്ക് കുടിക്കാൻ വെള്ളം എടുക്കാമെന്നു പറഞ്ഞ് അധ്യാപിക അടുക്കളയിലേക്ക് പോയപ്പോഴായിരുന്നു ദമ്പതികളുടെ പൈശാചികമായ ആക്രമണം.
സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി മാത്രം ബംഗാളിൽനിന്ന് 1,400 കിലോമീറ്റർ സഞ്ചരിച്ചെത്തിയാണ് ദമ്പതികൾ കൊലപാതകം നടത്തിയത്. ആർക്കും സംശയം തോന്നാതിരിക്കാൻ തങ്ങളുടെ ചെറിയ കുട്ടിയെയും കൂട്ടിയാണ് ഇവർ അധ്യാപികയുടെ ഫ്ലാറ്റിലെത്തിയത്. കൊലപാതകം നടത്തി കടന്നുകളഞ്ഞ പ്രതികളായ രാംപ്രസാദ് ദാസ്, ബൻശ്രീ ദാസ് എന്നിവരെ മൂന്നു ദിവസത്തിനുള്ളിൽ ബംഗാളിലെ ബർധമാനിൽനിന്ന് ഡൽഹി പൊലീസ് സാഹസികമായി പിടികൂടി.
അടുക്കളയിലേക്ക് പോയ ദേബസ്മിതയെ പ്രതികൾ പിന്നിൽ ചെന്ന് ആദ്യം തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ചോര വാർന്ന് കിടന്ന അവരുടെ മരണം ഉറപ്പാക്കാനായി ബാഗിൽ കരുതിയിരുന്ന മൂർച്ചയേറിയ റേസർ ഉപയോഗിച്ച് കൈ ഞരമ്പുകൾ അറുത്തുമാറ്റി. അധ്യാപിക മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ദമ്പതികൾ കുട്ടിയെയും കൂട്ടി ഫ്ലാറ്റിൽ നിന്നും അതിവേഗം കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ദേബസ്മിതയ്ക്ക് പാരമ്പര്യമായി ലഭിച്ച കോടികൾ വിലമതിക്കുന്ന ഒരു വീട് ബംഗാളിലുണ്ട്. ഈ വീട്ടിൽ ഏറെക്കാലമായി വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതികളായ രാംപ്രസാദും ബൻശ്രീയും. വ്യാജരേഖകളിലൂടെ ഈ വീട് സ്വന്തമാക്കാൻ ഇവർ ശ്രമിച്ചെങ്കിലും ദേബസ്മിത അത് കണ്ടുപിടിക്കുകയും ഇവരോട് ഒഴിഞ്ഞുപോവാൻ ആവശ്യപ്പെടുകയും ചെയ്തു.
കോടികൾ വിലമതിക്കുന്ന ബംഗാളിലെ വീട് എങ്ങനെയും കൈക്കലാക്കാൻ ദേബസ്മിതയെ ഇല്ലാതാക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് പ്രതികൾ ഉറപ്പിച്ചു. തുടർന്നാണ് ഇവരെ കൊലപ്പെടുത്തി വീട് കൈക്കലാക്കാൻ ഇവർ ആസൂത്രിതമായി പദ്ധതി തയ്യാറാക്കിയത്. ഇതിനായി ബംഗാളിൽനിന്നു ട്രെയിൻ മാർഗം ഡൽഹിയിലെത്തി. അതിക്രൂരമായ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗാളിൽ നിന്നും പൊലീസ് വലയിലാക്കിയത്.










0 comments