ad
Deshabhimani

പരീക്ഷാ ക്രമക്കേടിനെതിരായ സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തു; ഹരിയാനയിൽ അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

CJP.jpg

സിജെപി ഡൽഹിയിൽ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Jun 11, 2026, 10:25 AM | 1 min read

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിലെ ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഹരിയാന റോഹ്തക്കിലെ സർക്കാർ സ്കൂളിലെ ഗസ്റ്റ് അധ്യാപികയായ സുലേഖ ദലാലിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ അച്ചടക്ക നടപടി.


റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷൻ ഓഫീസർ ജൂൺ 10-നാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. ജൂൺ 8 മുതൽ പ്രാബല്യത്തോടെയാണ് നടപടി. ബന്ധപ്പെട്ട അധികൃതരിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങാതെ ഓഫീസ് ആസ്ഥാനത്ത് നിന്നും മാറിനിന്നു എന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്.


എന്നാൽ നടപടി സ്വീകരിക്കാനുണ്ടായ യഥാർത്ഥ കാരണം ഉത്തരവിൽ പ്രത്യേകം പരാമർശിച്ചിട്ടില്ല. ദേശീയതലത്തിൽ മെഡിക്കൽ പ്രവേശനത്തിനായുള്ള 'നീറ്റ്' ഉൾപ്പെടെയുള്ള മത്സര പരീക്ഷകളുടെ നടത്തിപ്പിൽ വന്ന വൻ വീഴ്ചകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കേയുടെ ആഹ്വാനപ്രകാരമാണ് ജന്തർ മന്ദിറിൽ പ്രതിഷേധം സംഘടിപ്പിച്ചത്.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6-ന് നടന്ന ഈ പ്രതിഷേധത്തിൽ അധ്യാപിക സുലേഖ ദലാൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.


വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയോട് പ്രതികരിച്ച സുലേഖ ദലാൽ, താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായല്ല പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കി. മത്സര പരീക്ഷകൾക്കായി കഠിനമായി തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥിയുടെ അമ്മയെന്ന നിലയിലാണ് താൻ അവിടെ സംസാരിച്ചതെന്നും പരീക്ഷാ ക്രമക്കേടുകൾ മൂലം ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയാണ് തകരുന്നതെന്നും അവർ പറഞ്ഞു.


കേന്ദ്ര ഏജൻസികളുടെ പരീക്ഷാ നടത്തിപ്പിലെ സുതാര്യത ചോദ്യം ചെയ്ത് രാജ്യവ്യാപകമായി വിദ്യാർത്ഥി-യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് ഹരിയാനയിലെ ബിജെപി സർക്കാരിന്റെ ഈ പ്രതികാര നടപടി. അധ്യാപികയെ സസ്‌പെൻഡ് ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് അധ്യാപക സംഘടനകളുടെ ഭാഗത്തുനിന്ന് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home