ലൈംഗിക അടിമയാക്കി വീട്ടുതടങ്കലിൽ പാർപ്പിച്ചുവെന്ന് മുൻകാമുകിയുടെ ആരോപണം; കള്ളക്കഥയെന്ന് ക്രിസ്പിൻ ഗ്ലോവർ

ക്രിസ്പിൻ ഗ്ലോവർ Photograph: Larry Busacca/Getty Images
ലോസ് ആഞ്ജലസ്: മുൻ കാമുകിയെ ലൈംഗിക അടിമയാക്കി വീട്ടുതടങ്കലിൽ പാർപ്പിച്ചു എന്ന ഗുരുതരമായ ആരോപണം നിഷേധിച്ച് പ്രശസ്ത ഹോളിവുഡ് നടൻ ക്രിസ്പിൻ ഗ്ലോവർ രംഗത്ത്. ലോസ് ആഞ്ജലസ് കൗണ്ടി സുപ്പീരിയർ കോടതിയിലാണ് രേഖകൾ സഹിതം തനിക്കെതിരായ ആരോപണങ്ങൾ താരം പൂർണ്ണമായും തള്ളിക്കളഞ്ഞത്. 'ബാക്ക് ടു ദ ഫ്യൂച്ചർ' ഉൾപ്പെടെയുള്ള വിഖ്യാത ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ 62-കാരനായ ഗ്ലോവർ, തന്നിൽ നിന്ന് വൻ തുക തട്ടിയെടുക്കാനുള്ള ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമാണ് ഈ പരാതിയെന്ന് കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 25-നാണ് പേര് വെളിപ്പെടുത്താത്ത ഒരു യുവതി താരത്തിനെതിരെ കോടതിയെ സമീപിച്ചത്.
യുവതി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഹോളിവുഡ് താരത്തിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ലിവ്-ഇൻ റിലേഷനിലായിരുന്ന ഇരുവരും തമ്മിലുള്ള ബന്ധത്തിനിടയിൽ താരം തന്നോട് ക്രൂരമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സിനിമയിലും മറ്റും വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചു, അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു, വൈകാരികമായി തകർക്കുന്ന തരത്തിൽ നിരന്തരം പീഡിപ്പിച്ചു തുടങ്ങിയവയാണ് യുവതി ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ.
2024-ൽ ഗ്ലോവറിന്റെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിക്കാരി. തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാതിരുന്നതോടെ തന്നെയ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും, പിന്നീട് സാധനങ്ങളും വളർത്തുപൂച്ചകളെയും തിരിച്ചെടുക്കാൻ എത്തിയപ്പോൾ താരം ക്രൂരമായി മർദ്ദിച്ചതായും യുവതി ആരോപിക്കുന്നു. തന്നെ വീട്ടുതടങ്കലിലാക്കിയെന്നും ലൈംഗിക അടിമയാകാൻ നിർബന്ധിച്ചുവെന്നുമാണ് ഹർജിയിലുള്ളത്.
യുവതിയുടെ വാദങ്ങളെല്ലാം കള്ളക്കഥകളാണെന്നാണ് ക്രിസ്പിൻ ഗ്ലോവറിന്റെ നിലപാട്. യുവതിയുമായി ചെറിയതോതിൽ പ്രണയബന്ധമുണ്ടായിരുന്നു എന്നത് താരം കോടതിയിൽ സമ്മതിക്കുന്നുണ്ട്. എന്നാൽ തന്റെ വീട്ടിൽ താമസിക്കാൻ വന്നശേഷമാണ് യുവതിക്ക് 'ബൈപോളാർ ഡിസോർഡർ' ഉൾപ്പെടെയുള്ള ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് താൻ തിരിച്ചറിഞ്ഞതെന്ന് ഗ്ലോവർ കോടതിയിൽ വ്യക്തമാക്കി.
യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് 2024 മാർച്ച് ഒന്നിന് ഞാൻ ആ ബന്ധം പൂർണ്ണമായും അവസാനിപ്പിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം അജ്ഞാതനായ ഒരു യുവാവിനൊപ്പം എന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഈ മോഡൽ എന്നെ കടുത്ത ഭാഷയിൽ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയുമാണ് ചെയ്തതെന്ന് ഗ്ലോവർ കോടതിയിൽ വ്യക്തമാക്കി.









0 comments