പ്രണയപ്പകയിൽ വീണ്ടും ചോരപ്പുഴ; യുവതിയെ ഓഫീസിൽ കയറി കുത്തിക്കൊന്നു, പിന്നാലെ സ്വയം കഴുത്തറുത്തു

പ്രതീകാത്മക ചിത്രം
ചണ്ഡീഗഡ്: പ്രണയബന്ധത്തിൽ നിന്നു പിന്മാറിയതിന്റെയും ഭീഷണികൾക്ക് വഴങ്ങാത്തതിന്റെയും വൈരാഗ്യത്തിൽ മുൻ പങ്കാളിയെ ഓഫീസിനുള്ളിൽ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. പഞ്ചാബിലെ മൊഹാലിയിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. കോർപറേറ്റ് കമ്പനി ജീവനക്കാരിയായ ഡിംപിൾ (29) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി ഹർജീന്ദർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളുടെ പരുക്ക് ഭേദമായതോടെ വിചാരണക്കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂൺ 4-നാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. ഹർജീന്ദറും ഡിംപിളും മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിൽ നിന്നും ഡിംപിൾ പിന്നീട് പിന്മാറി. ഇതിന്റെ കടുത്ത വൈരാഗ്യത്തിലായിരുന്ന പ്രതി, യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവദിവസം യുവതിയുടെ ജോലി സ്ഥലത്തെത്തിയ ഹർജീന്ദർ ഈ വിഷയത്തെച്ചൊല്ലി തർക്കമുണ്ടാവുകയും ഡിംപിൾ ഭീഷണിക്ക് വഴങ്ങാതിരുന്നതോടെ കയ്യിൽ കരുതിയ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ചോര വാർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഇയാൾ ഓഫിസിനുള്ളിൽ പിന്തുടർന്നെത്തി ക്രൂരമായി തുടരെത്തുടരെ കുത്തിവീഴ്ത്തുകയായിരുന്നു. ഡിംപിൾ മരിച്ചെന്ന് ഉറപ്പാക്കിയതോടെ ഹർജീന്ദർ സ്വന്തം തൊണ്ടയിലേക്ക് കത്തി കുത്തിയിറക്കി ആത്മഹത്യയ്ക്കും ശ്രമിച്ചു. തൊഴിലിടത്തെ ചോരക്കളമാക്കിയ അക്രമിയെക്കണ്ട് സഹപ്രവർത്തകർ ഭീതിയോടെയാണ് ഓടിക്കൂടിയത്.
വിവരം അറിഞ്ഞ് ഓടിയെത്തിയവർ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ ഡിംപിളിന് നേരിയ ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹർജീന്ദറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാണ് ഡോക്ടർമാർ രക്ഷപ്പെടുത്തിയത്. അപകടനില തരണം ചെയ്തതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
സഹപ്രവർത്തക ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ കമ്പനി മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയ്‌ക്കെതിരെ ജീവനക്കാർ വൻ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഓഫിസിനുള്ളിൽ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടതാണ് അക്രമിക്ക് ആയുധവുമായി സ്വതന്ത്രമായി അകത്തുകയറാൻ സാഹചര്യം ഒരുക്കിയതെന്ന് ജീവനക്കാർ ആരോപിച്ചു.










0 comments