print edition നിർബന്ധിത സൈനിക സേവനം ; ജറുസലേമിൽ പടുകൂറ്റൻ ജൂതറാലി

സൈനികസേവനം നിർബന്ധിതമാക്കുന്നതിൽ പ്രതിഷേധിച്ച് ജറുസലേമിൽ നടന്ന റാലി
ടെൽ അവീവ്
സൈനികസേവനം നിർബന്ധിതമാക്കുന്നതിൽ പ്രതിഷേധിച്ച് തീവ്ര യാഥാസ്ഥിതിക ജൂതവിഭാഗമായ ഹരേദികൾ ജറുസലേമിൽ പടുകൂറ്റൻ റാലി നടത്തി. രണ്ടുലക്ഷം തീവ്ര യാഥാസ്ഥിതിക ജൂതയുവാക്കൾ അണിനിരന്ന റാലി അക്രമാസക്തമായി. പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. ഒരു യുവാവ് കെട്ടിടത്തിന് മുകളിൽനിന്ന് വീണുമരിച്ചു. ഇത് ആത്മഹത്യയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മാധ്യമപ്രവർത്തകർക്കുനേരെ കൈയേറ്റവും ഉണ്ടായി.
നിർബന്ധിത സൈനികസേവനത്തിൽ നിന്നൊഴിവാക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന നിയമം നിർമിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഭരണസഖ്യത്തിന്റെ ഭാഗമായ രണ്ട് തീവ്ര ഓർത്തഡോക്‌സ് പാർടികളുടെ റാലി. നിയമനിർമാണം പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നേരത്തെ ഉറപ്പുനൽകിയിരുന്നു. വിശുദ്ധ ജൂത ഗ്രന്ഥങ്ങളുടെ പഠനത്തിന് മുഴുവൻ സമയവും സമർപ്പിക്കുന്ന പുരുഷന്മാർക്ക് ഇളവ് നൽകുകയും ചെയ്‌തു. 2023 ഒക്‌ടോബറിൽ ഗാസയിൽ യുദ്ധം തുടങ്ങിയശേഷം, ഇളവ് റദ്ദാക്കി നിരവധി പേരെ സൈനിക സേവനത്തിന് നിർബന്ധിച്ചു. സൈന്യത്തിൽ ചേരാൻ ആവശ്യപ്പെട്ട് നിരവധി പേർക്ക് നോട്ടീസുമയച്ചു. മുഴുവൻസമയ മതപഠനം നടത്താത്തവരെ സൈന്യത്തിൽ ചേർക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ പാർലമെന്ററി സമിതിയുടെ പരിഗണനയിലുമുണ്ട്.
ഇസ്രയേലിൽ സൈനികർക്കിടയിൽ ആത്മഹത്യാപ്രവണത കൂടിവരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. സൈനികരുടെ കുടുംബാംഗങ്ങളും നെതന്യാഹു സർക്കാരിന്റെ യുദ്ധക്കൊതിക്കെതിരെ പലവട്ടം രംഗത്തെത്തിയിരുന്നു. പുതിയ തലമുറയിലെ പലരും സൈന്യത്തിൽ ചേരുന്നതിൽ വിമുഖത കാട്ടുന്നതും നെതന്യാഹുവിന്റെ യുദ്ധമോഹങ്ങൾക്ക് തിരിച്ചടിയാണ്.









0 comments