പശ്ചിമേഷ്യയിൽ വീണ്ടും സുരക്ഷാ ആശങ്ക; ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File
തെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ വീണ്ടും സുരക്ഷാ ആശങ്ക. 24 മണിക്കൂറിനിടെ മൂന്നാമത്തെ വാണിജ്യ കപ്പലിന് നേരെയും ആക്രമണം. ഇന്ന് വൈകീട്ടോടെയാണ് ഹോർമുസിൽ മൂന്നാമത്തെ കപ്പൽ ആക്രമണം റിപ്പോർട്ട് ചെയ്തത്. യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ താൽക്കാലിക ധാരണാപത്രം നിലവിലുണ്ടെങ്കിലും ലോകത്തെ ഏറ്റവും തിരക്കേറിയ ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒഴിഞ്ഞിട്ടില്ലെന്നാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്.
ബ്രിട്ടീഷ് നാവികസേനയുടെ കീഴിൽ ഈ മേഖലയിലെ കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ആണ് ഏറ്റവും പുതിയ വിവരം പുറത്തുവിട്ടത്. ഖത്തറിന്റെ എൽഎൻജി കാരിയറിന് നേരെ ആക്രമണമുണ്ടായതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ ടാങ്കറിന് നാശനഷ്ടങ്ങൾ സംഭവിച്ചത്.
തിരിച്ചറിയാത്ത ഒരു മിസൈലോ വെടിയുണ്ടയോ പതിച്ചതിനെ തുടർന്ന് ഈ വാണിജ്യ ടാങ്കറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് യുകെഎംടിഒ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. കപ്പലിലെ ജീവനക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എണ്ണച്ചോർച്ചയോ മറ്റ് പരിസ്ഥിതി മലിനീകരണ സൂചനകളോ നിലവിലില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും അതീവ ജാഗ്രത പാലിക്കാനും സംശയാസ്പദമായ നീക്കങ്ങൾ റിപ്പോർട്ട് ചെയ്യാനും ഏജൻസി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഖത്തറിന്റെ എൽഎൻജി കപ്പലായ 'അൽ റെക്കയാത്തിന്' നേരെ രാത്രിയിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി ഔദ്യോഗികമായി അറിയിച്ചു. ഡ്രോൺ കപ്പലിന്റെ എൻജിൻ റൂമിന് മുകളിലാണ് പതിച്ചത്. ഇതേത്തുടർന്ന് അവിടെ വൻ തീപിടുത്തമുണ്ടാവുകയും പുക നിറയുകയും ചെയ്തു. കപ്പലിൽ എൽഎൻജി ശേഖരമുള്ളതിനാൽ വലിയൊരു സ്ഫോടനത്തിനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു. എൻജിൻ റൂമിൽ ഡ്രോൺ വന്നിടിച്ചതായും തീപിടുത്തമുണ്ടായതായും കാണിച്ച് കപ്പലിന്റെ ക്യാപ്റ്റൻ അടിയന്തര റേഡിയോ സന്ദേശം അയച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സംഭവം അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ആഗോള ഊർജ്ജ വിതരണത്തിനും നേരെയുള്ള അസ്വീകാര്യമായ കടന്നുകയറ്റവും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജെദ് അൽ അൻസാരി പറഞ്ഞു. മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നടപടികൾ ഇറാൻ ഉടൻ നിർത്തണമെന്നും, ഈ ആക്രമണത്തിന്റെ പൂർണ്ണമായ ഉത്തരവാദിത്തം ഇറാനാണെന്നും ഖത്തർ വ്യക്തമാക്കി. എന്നാൽ ആയത്തുള്ള അലി ഖമ്നേയിയുടെ വിലാപയാത്രയ്ക്ക് ശേഷം യുഎസുമായുള്ള സമാധാന ചർച്ചകൾ പുനഃരാരംഭിക്കാനിരിക്കുകയാണ് ഇറാൻ.











0 comments