ad
Deshabhimani

എണ്ണവില കൂടുന്നു, വിപണികൾ വീഴുന്നു, യുദ്ധത്തിന് പിന്നാലെ ലോകം വിലക്കയറ്റ ഭീഷണിയിൽ

oil 26
വെബ് ഡെസ്ക്

Published on Mar 02, 2026, 02:51 PM | 4 min read

സ്രായേലും അമേരിക്കയും ഇറാനെതിരെ തുടക്കമിട്ട 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക അതിക്രമത്തിന് പിന്നാലെ ലോകം ഇതുവരെ കാണാത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഫെബ്രുവരി 28-ലെ ആക്രമണത്തിൽ ഇറാന്റെ ആത്മീയ നേതാവ് അയത്തൊള്ള ഖമനെയിയും ഉന്നത സൈനിക നേതാക്കളും കൊല്ലപ്പെട്ടു. ഇറാൻ തിരിച്ചടി തുടങ്ങിക്കഴിഞ്ഞു. ഹിസ്ബുൾ സഖ്യവും സമുദ്രമേഖലയിൽ നിന്ന് ആക്രമണം ആരംഭിച്ചിരിക്കുന്നു.


പ്രതികാരമായി ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് എതിരെയും സൈനിക നീക്കങ്ങൾ ത്വരിതപ്പെടുത്തി. ഇത് കേവലം ഒരു പ്രാദേശിക യുദ്ധമായി അവസാനിക്കുന്നില്ല. മറിച്ച് ലോകത്തിന്റെ സാമ്പത്തിക നട്ടെല്ലൊടിക്കുന്ന മഹാപ്രതിസന്ധിയായി വലുതാവുകയാണെന്ന ആശങ്ക കനക്കുന്നു. ഏറ്റവും വലിയ വെല്ലുവിളി ലോകത്തെ ഊര്‍ജ വിതരണ പാതകളെ ഇത് സാരമായി ബാധിക്കുന്നു എന്നതാണ്. ക്രൂഡോയിൽ ഉത്പാദനത്തിലും വിതരണത്തിലും അമേരിക്ക നടത്തുന്ന അധീശത്വപരമായ ഇടപെടലുകൾക്കിടയിലാണ് പ്രതിസന്ധി എന്നത് സങ്കീര്‍ണ്ണത വര്‍ധിപ്പിക്കുന്നു.


അമേരിക്കയും ഇസ്രയേലും പോലുള്ള രാജ്യങ്ങൾ ഊര്‍ജ വിലക്കയറ്റത്തിനും ക്ഷാമത്തിനും എതിരെ പ്രതിരോധമുള്ളവയാണ്. ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ വിലക്കയറ്റവും ഊര്‍ജ്ജ പ്രതിസന്ധിയും ഇത് സൃഷ്ടിക്കുന്ന മാനുഷിക പ്രതിസന്ധിയും മൂലം വലയുന്ന സാഹചര്യം ഉണ്ടായി വരും. ചൈനയും റഷ്യയും പോലുള്ള അപൂര്‍വ്വ രാജ്യങ്ങൾ ഒഴികെ ഈ യുദ്ധത്തിന്റെ തിക്തഫലങ്ങൾ നേരിട്ട് ഏറ്റുവാങ്ങേണ്ടി വരും.


എണ്ണകപ്പലുകൾ കടലിൽ


ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20%മുതൽ 30%വരെ നടക്കുന്നത് പേർഷ്യൻ ഗൾഫിനും ഒമാൻ കടലിനും ഇടയിലുള്ള ഹോർമുസ് കടലിടുക്കിലൂടെയാണ് (Strait of Hormuz). ലോകത്തിന്റെ'ഊർജ്ജ ധമനി' എന്നാണ് ഹോര്‍മുസ് കടലിടുക്കിനെ വിശേഷിപ്പിക്കുന്നത്.


അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിന് മറുപടിയായി ഇറാൻ ഈ പാത തടഞ്ഞിരിക്കുകയാണ്. "ഒരു കപ്പലിനെയും കടത്തിവിടില്ല"എന്ന് ഇറാൻ നാവികസേന പ്രഖ്യാപിച്ചതോടെ 20ദശലക്ഷം ബാരൽ എണ്ണ കടലിൽ കുടുങ്ങികിടപ്പാണ്. ഇത് സൗദി അറേബ്യ,യു.എ.ഇ,ഇറാഖ്,കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം പൂർണ്ണമായും നിലയ്ക്കാൻ കാരണമായി.


hormus


വിപണിയിലെ പ്രത്യാഘാതം


ബാരലിന് 80ഡോളറിൽ നിന്നിരുന്ന എണ്ണവില ഇതിനോടകം തന്നെ 100ഡോളർ കടന്നു. ഇത് വരും ദിവസങ്ങളിൽ 120-150ഡോളർ വരെ എത്തിയേക്കാം. ഓഹരി വിപണികളിൽ ഇപ്പോൾ തന്നെ ഇതിന്റെ പ്രതിഫലനം കണ്ടു തുടങ്ങി. അസാധാരണമായ വിലക്കയറ്റമാണ് പിന്നാലെ വരാനിരിക്കുന്നത്.


74 ദിവസത്തെ കരുതൽ എന്ന സങ്കല്പം


കഴിഞ്ഞ മാസം (ഫെബ്രുവരി 9, 2026) പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി രാജ്യസഭയിൽ അറിയിച്ചതനുസരിച്ച് ഇന്ത്യയ്ക്ക് 74ദിവസത്തെ എണ്ണ ശേഖരമാണുള്ളത്. എന്നാൽ ഇതിലെ യാഥാർത്ഥ്യം മറിച്ചാണ്. ഇന്ത്യയുടെ പക്കൽ 74ദിവസത്തെ എണ്ണ ശേഖരം ഉണ്ടെന്നത് ഒരു കടലാസിലെ കണക്ക് മാത്രമാണ്. ഇത്രയം ദിവസത്തേക്ക് കരാറാക്കിയ എണ്ണ എന്ന് വേണമെങ്കിൽ പറയാം.


ഭൂഗർഭ അറകളിൽ ഇന്ത്യ സൂക്ഷിച്ചിരിക്കുന്ന എണ്ണ തന്ത്രപരമായ ശേഖരം (Strategic Petroleum Reserves – SPR) എന്ന വിഭാഗത്തിലാണ് അറിയപ്പെടുന്നത്. ഇതാണ് രാജ്യത്ത് വിതരണത്തിന് തയാറായി സ്റ്റോക്കുള്ളത്. ഇത് കൊണ്ട് വെറും പത്ത് ദിവസത്തെ ആവശ്യങ്ങൾ മാത്രമേ നേരിടാൻ കഴിയൂ.


എസ്പിആറിന് പുറത്തുള്ള ശേഖരം എന്നു പറയുന്നത് എണ്ണക്കമ്പനികളുടെ ടാങ്കുകളിലും കപ്പലുകളിലുമുള്ള (Oil in transit) ശേഖരമാണ്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ കപ്പലുകളിൽ വരാനിരുന്ന ഈ ചരക്കിൽ പകുതിയിലധികവും വഴിയിൽ തടസ്സപ്പെട്ടു. സമുദ്രത്തിന് നടുവിൽ അനിശ്ചിതമായി കിടക്കുകയാണ് ഇവ. ഇന്ത്യയുടെ കൈവശമുള്ള 'ഉപയോഗിക്കാൻ സാധിക്കുന്ന'ശേഖരം വളരെ കുറവാണ്.


റഷ്യൻ എണ്ണയും അമേരിക്കൻ ഉടക്കും

മോദിയുടെ പേടിയും


ഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിച്ചിരുന്നു. ഇത് അമേരിക്കൻ സമ്മര്‍ദ്ദത്തിന് വഴങ്ങിയ നരേന്ദ്ര മോദി സര്‍ക്കാര്‍ കുത്തനെ വെട്ടിക്കുറച്ചു. ഇന്ത്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന ഭീഷണിക്ക് വഴങ്ങിയും ദീര്‍ഘ വീക്ഷണമില്ലാതെ വ്യാപാര കരാരിൽ ചെന്നു ചാടിയും റഷ്യയിൽ നിന്നുള്ള ഇറക്കുമതി 40%വരെ കുറച്ചു. ഏറ്റവും പുതിയ കണക്ക് പ്രകാരം ഇതിലും കുറവാണ്.


ഗൾഫ് എണ്ണ നിലച്ച ഈ സാഹചര്യത്തിൽ ഇന്ത്യ വീണ്ടും റഷ്യയെ സമീപിക്കാൻ നിർബന്ധിതമാകും. എന്നാൽ ഇത് അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിക്കും. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ‍ട്രംപ് ഭരണകൂടവുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ ഇതിനെ തടയുന്നതാണ്. പ്രതികാര വ്യാപാര നികുതി കോടതി തടഞ്ഞെങ്കിലും ഇന്ത്യയ്ക്കെതിരായ ചുങ്കം തുടരുക തന്നെ ചെയ്യുമെന്നാണ് ട്രംപ് ആവര്‍ത്തിച്ചത്. രാജ്യത്തിന് മുകളിൽ ഭീഷണി തൂക്കിയിട്ടിരിക്കയാണ്.


ഈ ഭീഷണിയുടെ പുറത്താണ് യുദ്ധം തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് നരേന്ദ്ര മോദി ഇസ്രയേലിൽ എത്തി കെട്ടിപ്പിടുത്തവും ഐക്യ പ്രഖ്യാപനവും നടത്തിയത് എന്നും വാര്‍ത്തകളുണ്ട്. അഹിസയടെ രാജ്യത്ത് നിന്നുമെത്തിയ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റിൽ പ്രസംഗിക്കാൻ അനുമതി നൽകി. പ്രത്യേക പുരസ്കാരവും ആദരവും നൽകി. രണ്ടാ ദിവസം ഏകപക്ഷീയമായി യുദ്ധം തുടങ്ങി. ഇന്ത്യ ഊര്‍ജ മാര്‍ഗ്ഗത്തിൽ പകരം ഏത് വഴി തേടും എന്നത് പ്രതിസന്ധിയാണ്.


വെനസ്വേല ഒരു വിദൂര സാധ്യത


വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് സാങ്കേതിക തടസ്സങ്ങളുണ്ട്. വെനസ്വേലൻ എണ്ണ വളരെ കടുപ്പമേറിയതാണ് (Heavy Crude). ഇത് സംസ്കരിക്കാൻ നമ്മുടെ റിഫൈനറികൾക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ലഘുവായ സാന്ദ്രതയുള്ള എണ്ണയുമായി (Light Crude)കലർത്തേണ്ടി വരും. അതിന് ആവശ്യമുള്ള കട്ടി കുറഞ്ഞ എണ്ണ വരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്, അവ ഇപ്പോൾ ലഭ്യമല്ല.

dense oil

മാത്രമല്ല, വെനസ്വേലയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്താൻ 30-45ദിവസങ്ങൾ എടുക്കും. പെട്ടെന്നുള്ള ഒരു പ്രതിസന്ധി പരിഹരിക്കാൻ ഇത് പര്യാപ്തമല്ല. മാത്രമല്ല വലിയ വിലയും നൽകേണ്ടി വരും. പ്രതിസന്ധി ഘട്ടത്തിൽ ലോകത്തിന്റെ മുഴുവൻ ആവശ്യം നേരിടാനുള്ള ശേഷി വെനസ്വേല ആര്‍ജിച്ചിട്ടില്ല.


വിലക്കയറ്റം പടിവാതിൽക്കൽ


ന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു "ഇരട്ട പ്രഹരമാണ്".ഒരു വശത്ത് അമേരിക്കയുടെ സമ്മർദ്ദവും മറുവശത്ത് ഇറാന്റെ ഉപരോധവും. യുദ്ധം പെട്ടെന്ന് അവസാനിച്ചില്ലെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് (GDP)ഗണ്യമായി താഴാൻ ഇത് കാരണമാകും.


പെട്രോൾ,ഡീസൽ വിലയിൽ ലിറ്ററിന് 15-20രൂപയുടെ വരെ വർദ്ധനവ് വരും ആഴ്ചകളിൽ പ്രതീക്ഷിക്കാം. ഇന്ത്യയുടെ പാചകവാതകത്തിന്റെ ഭൂരിഭാഗവും വരുന്നത് ഗൾഫിൽ നിന്നാണ്. ഹോർമുസ് ബ്ലോക്ക് തുടർന്നാൽ അടുക്കളകളിൽ തീ പുകയുന്നത് ബുദ്ധിമുട്ടിലാകും. ചരക്ക് നീക്കത്തിനുള്ള ചിലവ് കൂടുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയാകും. ഡോളർ നൽകി വലിയ വിലയ്ക്ക് എണ്ണ വാങ്ങേണ്ടി വരുന്നത് രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് എത്തിക്കും. ഇത് വിലക്കയറ്റം വീണ്ടും കുത്തനെ വര്‍ധിക്കാൻ ഇടയാക്കും.


oi


യുദ്ധം തുടർന്നാൽ കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതി കുറയ്ക്കുമോ അതോ ഭാരം ജനങ്ങൾക്ക് വിടുമോ എന്നത് ആശങ്കയാണ്. വില കുറയുമ്പോൾ ആനുപാതികമായി ജനങ്ങൾക്ക് നൽകാതിരിക്കയും കൂടുമ്പോൾ ചില്ലറ വില്പനയിൽ വര്‍ധന വരുത്തി നഷ്ടം ജനങ്ങളുടെ കയ്യിൽ നിന്നും ഈടാക്കുകയും ചെയ്യുന്ന സമീപനമാണ് വര്‍ഷങ്ങളായി നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരുന്നത്. യുദ്ധം അവസാനമായി ഇന്ത്യയെ പോലുള്ള ജനങ്ങളുടെ ചെലവിലായിത്തീരും .





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home