പെറുവിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ അപകടം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അലജാൻഡ്രോ വില്ലാനുവേവ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിന് മുന്നിൽ കാത്തുനിൽക്കുന്നവർ (PHOTO CREDIT: AFP)
ലിമ: പെറുവിന്റെ തലസ്ഥാനമായ ലിമയിൽ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രാദേശിക ടീമുകളായ അലിയാൻസ ലിമയും യൂണിവേഴ്സിറ്റാരിയോ ഡി ഡിപോർട്ടസും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് സംഭവം. അപകടത്തിൽ 47 പേർക്ക് പരിക്കേറ്റതായും ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും പെറുവിയൻ ആരോഗ്യ മന്ത്രി ജുവാൻ കാർലോസ് വെലാസ്കോ ഗ്വെറേറോ സ്ഥിരീകരിച്ചു.
അലജാൻഡ്രോ വില്ലാനുവേവ സ്റ്റേഡിയത്തിന് പുറത്ത് നൂറുകണക്കിന് ആരാധകർ തടിച്ചുകൂടിയ സമയത്താണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിന്റെ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടമെന്ന് ആദ്യഘട്ടത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ക്ലബ് അധികൃതർ ഇത് നിഷേധിച്ചു. സ്റ്റേഡിയത്തിന്റെ ഘടനയ്ക്ക് തകരാറുകൾ ഒന്നുമില്ലെന്നും മതിലുകൾ ഇടിഞ്ഞുവീണിട്ടില്ലെന്നും ഫയർ ചീഫ് മാർക്കോസ് പജുവേലോയും വ്യക്തമാക്കി. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായും സൂചനയുണ്ട്.
അപകടത്തെക്കുറിച്ച് പെറുവിയൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.










0 comments