എല്ലാം യുദ്ധത്തിന്റെ തലയിലിടേണ്ട; ഇന്ധന വിലയും കേന്ദ്രത്തിന്റെ പിടിപ്പുകേടും

മൂന്ന് രൂപ പെട്രോള്‍ ഡീസല്‍ വില വർധിപ്പിച്ചത് പോരെന്നും ദിവസവും 1600 കോടി നഷ്ടത്തിൽ പോകുന്ന എണ്ണക്കമ്പനികൾക്കായി വലിയ തോതിൽ ഇന്ധന വിലവർധന വേണ്ടിവരുമെന്ന റിപ്പോർട്ടാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. പെട്രോളന് 28 മുതൽ 33 രൂപവരെ വില ഉയർത്തിയാലെ എണ്ണകമ്പനികൾക്ക് നഷ്ടത്തിൽ നിന്ന് കരകയറാനാകു എന്നാണ് പുതിയ ആവശ്യം. എന്നാൽ ഒരുതരത്തിലും ഇന്ത്യയിൽ പ്രാവർത്തികമാത്തതാണീ വിലക്കയറ്റം എന്നത് മറ്റൊരു വശം.
സർക്കാരിന്റെ പിടിപ്പുകേടിന്റെ ഭാഗമായുണ്ടായ വിലക്കയറ്റം ജനത്തിന് മേൽ ഇടിത്തീയായി കൊണ്ടിടാനുള്ള ശ്രമങ്ങൾക്കാണ് ഇത്തരം നീക്കങ്ങളിലൂടെ കേന്ദ്രം തുടക്കമിടുന്നത്. മൂന്ന് രൂപ ഇന്ധന വില വർധിപ്പിച്ചത് ഇനിയും ഏതെല്ലാം തരത്തിൽ വർധിപ്പിക്കാനാകുമോ എന്നാണ് എണ്ണക്കമ്പനികളും സർക്കാരും ഇപ്പോഴും ആലോചിക്കുന്നത്. 2026-ലെ പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിക്കുന്നതുവരെ ഇത്തരം കടുത്ത നടപടിക്കായി മോദി കാത്തിരുന്നു. പ്രചാരണവേളയിൽ, വരാനിരിക്കുന്ന സാമ്പത്തികപ്രതിസന്ധിയെക്കുറിച്ചോ ഇന്ധനസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചോ മോദിസർക്കാർ ഒരക്ഷരംപോലും മിണ്ടിയില്ല.
വിദേശനാണ്യശേഖരം കുത്തനെ ഇടിയുന്നത് അവഗണിച്ച് അദ്ദേഹത്തിന്റെ പാർടി തെരഞ്ഞെടുപ്പുറാലികൾക്കായി വൻതോതിൽ വിഭവങ്ങളും ഇന്ധനവും ഉപയോഗിക്കുകയും ചെയ്തു. രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാൻ സർക്കാർ സംവിധാനങ്ങൾ ധൂർത്തടിച്ചശേഷം സാമ്പത്തിക കെടുകാര്യസ്ഥതയുടെ ഭാരം പൊതുജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന ഈ രീതി ഭരണകൂടത്തിന്റെ വികലസമീപനത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണക്കാരോട് അടിസ്ഥാന ഉപഭോഗം കുറയ്ക്കാൻ ആവശ്യപ്പെടുമ്പോഴും മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശയാത്രകൾ തുടരുകയാണ്.
ഇന്ത്യ ഇറക്കുമതി ചെയ്ത അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് 2014-ലെ ഏകദേശം 77.6 ശതമാനത്തിൽനിന്ന് 2026-ഓടെ 88.6 ശതമാന-ത്തിനുമുകളിലായി. ഇന്ധനത്തിനും ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾക്കുമുള്ള ആവശ്യം വർധിച്ചുകൊണ്ടിരിക്കുമ്പോഴും ആഭ്യന്തര അസംസ്‌കൃത എണ്ണയുടെയും വാതകത്തിന്റെയും ഉൽപ്പാദനം തുടർച്ചയായ വർഷങ്ങളിൽ കുറയുകയാണ് ചെയ്തത്.പശ്ചിമേഷ്യയിലെ അശാന്തിമൂലം ഉണ്ടാകുന്ന വിലക്കയറ്റത്തിന്റെ ആഘാതത്തിന് ഇരയാകാൻ ഇന്ത്യയെ മോദിസർക്കാർ വിട്ടുകൊടുത്തു. പമ്പുകളിൽ വില കുറയ്ക്കാൻ തയ്യാറാകാതിരുന്ന മോദി, ഇപ്പോൾ ഇന്ധന ഉപയോഗം കുറയ്ക്കാൻ പൗരന്മാരോട് ആവശ്യപ്പെടുകയാണ്. ഭാവിയിൽ പെട്രോൾ–ഡീസൽ വിലയിൽ വരുത്തുന്ന ഏത് വർധനയും ആഗോളവിപണിയിലെ ക്രൂഡ് ഓയിൽ വിലയുമായി സുതാര്യമായി ബന്ധിപ്പിക്കണമെന്ന് തിങ്ക് ടാങ്ക് ജിടിആർഐ (GTRI) ആവശ്യപ്പെട്ടിട്ടുണ്ട്.
പന്ത്രണ്ടുവർഷമായി പ്രധാനമന്ത്രിപദത്തിലിരിക്കുന്ന മോദി എല്ലാ പ്രശ്നങ്ങൾക്കും പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ പഴിചാരുന്നതിനുപകരം തന്റെ നയങ്ങളുടെയും നടപടികളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കണം. കഴിഞ്ഞ ഒരുവർഷമായി ഏഷ്യയിലെതന്നെ "ഏറ്റവും മോശം പ്രകടനം കാഴ്ചവയ്‌ക്കുന്ന കറൻസി’യായി രൂപ മാറിയിരിക്കുകയാണ്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 2024 അവസാനത്തിൽ 85-–86 നിലവാരത്തിലായിരുന്ന രൂപ, 2025 അവസാനത്തോടെ 90-ന് മുകളിലെത്തുകയും 2026 മെയ് മാസത്തിൽ 94-–95 എന്ന നിലയിൽ തുടരുകയും ചെയ്യുന്നു.
2010-കളുടെ തുടക്കത്തിനുശേഷമുള്ള രൂപയുടെ ഏറ്റവും മോശം വാർഷികപ്രകടനമാണിത്. ഇത് പശ്ചിമേഷ്യയിലെ താൽക്കാലിക പ്രശ്നങ്ങൾ കൊണ്ടുമാത്രം ഉണ്ടായതല്ല. മറിച്ച് വിദേശമൂലധനത്തിന്റെ തുടർച്ചയായ പുറത്തേക്കുള്ള ഒഴുക്ക്, ക്രൂഡ് ഓയിൽ വിലവർധന, കരുത്താർജിക്കുന്ന ഡോളർ എന്നിവയുടെയൊക്കെ പ്രതിഫലനമാണ്. എന്നാൽ യുദ്ധത്തിൽ പങ്കെടുക്കാതെ നേട്ടങ്ങൾ ഉണ്ടാക്കിയ വിവിധ രാജ്യങ്ങളുടെ കൂടി നയങ്ങൾ നാം ശ്രദ്ധിക്കേണ്ടതാണ്. പുനരുപയോഗ ഊർജത്താലും അസംസ്കൃത വസ്തുക്കൾ വിറ്റഴിച്ചതുവഴിയും യുദ്ധമുഖത്ത് വലിയ നേട്ടം കൊയ്യാൻ റഷ്യ, ബ്രസീൽ,പാകിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങൾക്ക് കഴിഞ്ഞു. ഉപരോധത്താൽ തളർന്നുപോകുമെന്ന് യുഎസ് കരുതിയ റഷ്യ വലിയ സമ്പത്തിക മുന്നേറ്റം തന്നെയാണ് നടത്തിയിരിക്കുന്നത്.
2020നും 2025 നുമിടയിൽ വിജകരമായ സോളാർ പദ്ധതിയുടെ ഭാഗമായി 12 ബില്ല്യൺ ഡോളർ വാതക ഇറക്കുമതിയാണ് പാകിസ്ഥാന് ലാഭിക്കാനായത്. 6.3 ബില്ല്യൺ ഡോളറാണ് 2026 ൽ ലാഭിക്കാൻ പാകിസ്ഥാൻ ലക്ഷ്യംവയ്ക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിലും പാകിസ്ഥാന്റെ നേട്ടം വലിയ പങ്കുവഹിച്ചു. ഇടനിലക്കാരായി ഇറാനും അമേരിക്കയ്ക്കും ഇടയിൽ നിന്നു എന്നതിലുപരി നയതന്ത്രപരമായി പാകിസ്ഥാന് ചെറിയ നിലയ്ക്കെങ്കിലും പ്രാധാന്യം നൽകാനുള്ള വകയ്ക്കുകൂടി ഈ നേട്ടങ്ങൾ കാരണമായി. വർഷങ്ങളായി രാജ്യത്തെ പൂർണമായി ഒഴിവാക്കിയിരുന്നതിൽ നിന്നായിരുന്നു ഇതോടെ മോചനമായത്. അതേസമയം,സ്പെയിനും ബ്രസീലുമൊക്കെ യുദ്ധപ്രതിസന്ധികളെ തങ്ങളുടെ കൃത്യമായ ആസൂത്രണത്തിൽ മറികടക്കുകയായിരുന്നു എന്നതും കാണാതിരിക്കരുത്. ഇന്ത്യക്ക് കഴിയാതെ വന്നതും ഈ നീക്കങ്ങള്‍ തന്നെയായിരുന്നു
നിലവിൽ മുഴുവൻ പ്രശ്നവും യുദ്ധത്തിന്റെ തലയിൽ കെട്ടിവെച്ച് കെെ കഴുകിയാൽ പിന്നെ എളുപ്പമായല്ലോ. യുദ്ധത്തെ പഴിച്ച് ഒരുവിധത്തിലുമുള്ള പരിഹാര മാർഗവും കാണേണ്ടതില്ലല്ലോ.സാധാരണക്കാരും പട്ടിണിപ്പാവങ്ങളും കഷ്ടപ്പെട്ട് ജീവിക്കുന്ന ഇന്ത്യയിൽ വിലക്കയറ്റം സർവ്വ മേഖലയേയും പിടിച്ചുകുലുക്കിയാൽ അത് അവസാനിക്കാത്ത പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുക എന്ന കാര്യം ഉറപ്പാണ്.











0 comments